ജി.സി.സി, ഇ.യു പൗരന്മാർക്കും താമസക്കാർക്കും ഇഹ്തിറാസ്
text_fieldsരജിസ്ട്രേഷൻ വേണ്ട
അതത് രാജ്യങ്ങളിലെ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷൻ പ്രതിരോധ രേഖയായി പരിഗണിക്കും
ദോഹ: ജി.സി.സി, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കും താമസക്കാർക്കും ഖത്തറിലേക്ക് സഞ്ചരിക്കാൻ യാത്രക്ക് മുമ്പുള്ള ഇഹ്തിറാസ് പോർട്ടൽ പ്രീ രജിസ്ട്രേഷൻ ഇനി ആവശ്യമില്ല. ഇഹ്തിറാസ് വെബ്സൈറ്റിലെ അറിയിപ്പ് പ്രകാരം കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച യാത്രക്കാരെയാണ് മുൻകൂർ രജിസ്ട്രേഷനിൽനിന്ന് ഒഴിവാക്കുന്നത്. ജി.സി.സി, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കും താമസക്കാർക്കും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ അംഗീകൃത ക്ലിനിക്കുകളിൽനിന്നും റാപ്പിഡ് ആന്റിജൻ പരിശോധന പൂർത്തിയാക്കിയാൽ മതിയാവും.
അതത് രാജ്യങ്ങളുടെ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷൻ പ്രതിരോധ സംവിധാനമായി അംഗീകരിക്കപ്പെടും. സൗദി അറേബ്യയുടെ തവക്കൽന, യു.എ.ഇയുടെ അൽ ഹുസൻ, ബഹ്റൈന്റെ ബിഅവേർ ബഹ്റൈൻ, കുവൈത്തിന്റെ ശ്ശോനിക്, ഒമാന്റെ തറസ്സുദ് എന്നിവയാണ് കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനുകൾ. ജി.സി.സി രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് ഈ ആപ്ലിക്കേഷനുകൾതന്നെ ഖത്തറിലേക്ക് പ്രവേശിക്കാൻ ഔദ്യോഗിക ഹെൽത്ത് സ്റ്റാറ്റസായി ഉപയോഗിക്കാം. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കും താമസക്കാർക്കും 'കോവ് പാസ്' ഹെൽത്ത് ആപ്പാണ് പ്രതിരോധ ആപ്ലിക്കേഷൻ. ഇവരും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ റാപിഡ് ആന്റിജൻ പരിശോധന പൂർത്തിയാക്കിയാൽ മതിയാവും. ശേഷിച്ച, എല്ലാ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കും ഖത്തറിൽ പ്രവേശിക്കണമെങ്കിൽ ഇഹ്തിറാസ് പോർട്ടൽ വഴി രജിസ്ട്രേഷനും അനുമതിയും ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.