വഹാബിന് പിന്തുണയുമായി ഐ.എം.സി.സി നേതാക്കൾ
text_fieldsദോഹ: ഇന്ത്യൻ നാഷനൽ ലീഗ് കേരളസംസ്ഥാന ഘടകത്തിലെ അഭിപ്രായവ്യത്യാസവും നടപടികളും പിളർപ്പിലെത്തിയതിനുപിന്നാലെ പ്രവാസി ഘടകമായ ഐ.എം.സി.സിയുടെ ഖത്തർ നാഷനൽ കമ്മിറ്റിയിലും ചേരിതിരിവ്. 12 അംഗ കമ്മിറ്റിയിൽ പ്രസിഡന്‍റും ജനറൽ സെക്രട്ടറിയും ഒരുപക്ഷത്തോടും ആഭിമുഖ്യം പ്രകടിപ്പിക്കാതെ നാഷനൽ കമ്മിറ്റി പിരിച്ചു വിട്ടുവെങ്കിലും മുൻകാല നേതാക്കൾ ഉൾപ്പെടെ വലിയൊരു വിഭാഗം പ്രഫ. എ.പി. അബ്ദുൽ വഹാബിന് പിന്തുണ നൽകി രംഗത്തെത്തി.
ഐ.എം.സി.സിയുടെ സ്ഥാപകനേതാക്കളുടെ നേതൃത്വത്തിലാണ് വഹാബ് പക്ഷത്തിന് പിന്തുണയുമായി ഒരുവിഭാഗം രംഗത്തെത്തിയത്. ജി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.പി. സുബൈർ, കഴിഞ്ഞ ദിവസം പിരിച്ചുവിട്ട കമ്മിറ്റിയുടെ ഉപദേശകസമിതി ചെയർമാൻ എം.എം. മൗലവി, വൈസ് പ്രസിഡന്‍റുമാരായ മജീദ് ചിത്താരി, ബഷീർ വളാഞ്ചേരി, ജോയന്‍റ് സെക്രട്ടറി റൈസൽ വടകര, മൻസൂർ കൊടുവള്ളി എന്നിവർ വഹാബ് പക്ഷത്തിന് പൂർണ പിന്തുണ അറിയിച്ചു.
അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏക സംസ്ഥാന കമ്മിറ്റിയായ ഐ.എൻ.എൽ കേരളഘടകത്തെ പിരിച്ചുവിട്ട ദേശീയ പ്രസിഡന്റിന്റെ നിലപാട് ധിക്കാരപരവും അപലപനീയവുമാണെന്ന് നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. വ്യവസ്ഥാപിതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രവാസി സംഘടനയായ ഐ.എം.സി.സി ജി.സി.സി കമ്മിറ്റിയെ ഒരു കാരണവും കൂടാതെ ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു പിരിച്ചുവിട്ടത്.
പാർട്ടിയിൽ രൂപപ്പെട്ട ഗ്രൂപ്പിസത്തിന് കാലാകാലങ്ങളായി ആശീർവാദം നൽകി പാർട്ടിയെ തൽപരകക്ഷികളുടെ കൈകളിൽ എത്തിക്കാനുള്ള കഠിനാധ്വാനമായിരുന്നു പ്രഫ. മുഹമ്മദ് സുലൈമാന്‍റേതെന്ന് അഭിപ്രായപ്പെട്ടു. ഭിന്നിപ്പ് ഒഴിവാക്കി രഞ്ജിപ്പിനുള്ള സാധ്യതകൾ രൂപപ്പെടുമ്പോഴെല്ലാം അസ്വസ്ഥനാകുന്ന ദേശീയ പ്രസിഡൻറ്, എല്ലാ മാന്യതകളും കാറ്റിൽ പറത്തിയാണ് ദേശീയസമിതി എന്ന പേരിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലൂടെ കേരളത്തിലെ പാർട്ടി സംവിധാനങ്ങൾ മുഴുവൻ തന്‍റെ താൽപര്യക്കാരുടെ പ്രീതിക്കുവേണ്ടി പിരിച്ചുവിട്ടതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഖത്തറിലെ പാർട്ടി പ്രവർത്തകർ ഒന്നടങ്കം സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ.പി. അബ്ദുൽ വഹാബിന് പിന്നിൽ അണിനിരക്കുമെന്നും വഹാബിന്‍റെ തുടർനീക്കങ്ങൾക്ക് ഭൂരിപക്ഷം വരുന്ന നേതാക്കളും പ്രവർത്തകരും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ജി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.പി. സുബൈർ, പിരിച്ചുവിട്ട കമ്മിറ്റിയുടെ ഉപദേശകസമിതി ചെയർമാൻ എം.എം. മൗലവി, വൈസ് പ്രസിഡന്‍റുമാരായ മജീദ് ചിത്താരി, ബഷീർ വളാഞ്ചേരി, ജോയന്‍റ് സെക്രട്ടറി റൈസൽ വടകര, മൻസൂർ കൊടുവള്ളി, നംഷീർ ബഡേരി, സലാം നാലകത്ത്, നിസാർ എലത്തൂർ, അഷ്റഫ് ആലമ്പാടി, മൻസൂർ ഒരവങ്കര, കുഞ്ഞമ്മദ് വില്യാപ്പള്ളി എന്നിവർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.