ഐ.എൻ.എൽ: വഹാബിനെ പുറത്താക്കാനുള്ള തീരുമാനം ഐ.എം.സി.സി തള്ളി
text_fieldsദോഹ: ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ.പി. അബ്ദുൽ വഹാബിനെയും ജനറൽ സെക്രട്ടറി സി.പി. നാസർകോയ തങ്ങളെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി കൊണ്ടുള്ള ദേശീയ കമ്മറ്റിയുടെ തീരുമാനം തള്ളിക്കളയുന്നതായി ഖത്തർ ഐ.എം.സി.സി (വഹാബ് പക്ഷം) അടിയന്തര സെക്രട്ടേറിയറ്റ് യോഗം. 17 വർഷമായി ഒരിക്കൽപോലും അംഗത്വമോ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പോ നടത്താതെയാണ് അഖിലേന്ത്യാ കമ്മിറ്റി എന്ന പേരിൽ ചിലർ ഓൺലൈൻ വഴി യോഗം ചേർന്നതെന്ന് യോഗം ആരോപിച്ചു. അംഗത്വം അടിസ്ഥാനത്തിൽ ജനാധിപത്യ രീതിയിൽ നിലവിൽ വന്ന കേരള സംസ്ഥാന കമ്മറ്റിയേയോ അതിെൻറ ഭാരവാഹികളെയോ നീക്കം ചെയ്യാനോ പുറത്താക്കാനോ ഒരു അവകാശവും അവർക്ക് ഇല്ല.
കേരളത്തിലെ ഐ.എൻ.എൽ പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ അത് തള്ളിക്കളയുമെന്നും സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച പ്രമേയം പറഞ്ഞു. നേരത്തേ തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവ സാനിധ്യം ആയിരുന്ന ഐ.എൻ.എല്ലിനെ ഇതേ ആളുകൾ തന്നെയാണ് അഞ്ച് പാർട്ടിയാക്കി പിളർത്തി നശിപ്പിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്ത് വാർഡ് സീറ്റിൽപോലും മത്സരിക്കാൻ കഴിയാത്ത വിധം പാർട്ടിയെ നാമാവശേഷമാക്കി. പ്രസിഡന്‍റ് പി.പി. സുബൈർ അധ്യക്ഷത വഹിച്ചു. റഫീഖ് കോതൂർ, അക്സർ മുഹമ്മദ്, നംഷീർ ബഡേരി, അസീസ് പൂച്ചക്കാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മൻസൂർ കൊടുവള്ളി സ്വാഗതവും മജീദ് ചിത്താരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.