പ്രതിരോധ കുത്തിവെപ്പ് @ 40 ലക്ഷം ഡോസ്
text_fieldsദോഹ: കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ 40 ലക്ഷം ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ട് ഖത്തർ. ചൊവ്വാഴ്ച 26,431 ഡോസും ബുധനാഴ്ച 21,570 ഡോസും പൂർത്തിയാക്കിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയത്തിൻെറ സമ്പൂർണ വാക്സിനേഷൻ കാമ്പയിൻ 40 ലക്ഷം പിന്നിട്ടത്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 40,12,536 ഡോസ് വാക്സിനാണ് രാജ്യത്താകെ കുത്തിവെച്ചത്. പ്രതിദിന വാക്സിനേഷൻെറ ആളവ് വർധിപ്പിച്ചാണ് സമ്പൂർണ കോവിഡ് പ്രതിരോധം എന്ന ലക്ഷ്യത്തിലേക്ക് ആരോഗ്യ മന്ത്രാലയം അതിവേഗം അടുക്കുന്നത്. രാജ്യത്ത് യോഗ്യരായവരിൽ 88.3 ശതമാനവും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 76.6 ശതമാനത്തോളം വരും ഈ കണക്ക്. ജനസംഖ്യാനുപാതികമായ കണക്കിൻെറ അടിസ്ഥാനത്തിൽ, കൂടുതൽ ശതമാനം ജനങ്ങൾക്ക് വാക്സിൻ നൽകിയ രാജ്യങ്ങളിൽ മുന്നിലാണ് ഖത്തർ.
ആഗസ്റ്റ് ഒമ്പതിലെ കണക്കു പ്രകാരം, 21.65 ലക്ഷം ജനങ്ങൾ വാക്സിൻെറ ഒരു ഡോസെങ്കിലും സ്വീകരിച്ചു. രണ്ട് ഡോസും സ്വീകരിച്ച് സമ്പൂർണ വാക്സിനേറ്റഡ് ആയത് 18.25 ലക്ഷം പേർ. രാജ്യത്തെ ആകെ ജനസംഖ്യയുടെ 64.5 ശതമാനം.
ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തതോടെ അതിവേഗത്തിലാണ് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വാക്സിനേഷൻ പദ്ധതികൾ. 60 പിന്നിട്ടവർ, 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർ വാക്സിനേഷൻ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ മെഡിക്കൽ വിദഗ്ധരും മറ്റും ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഈ വിഭാഗങ്ങളിൽ വാക്സിൻ എടുക്കാത്തവർ കോവിഡ് ബാധിച്ചാൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി വിദഗ്ധർ വ്യക്തമാക്കുന്നു.
കുട്ടികൾക്ക് രോഗം ഗുരുതരമാവില്ലെങ്കിലും അവരിലെ കോവിഡ് ബാധ നീളുന്നത് രോഗം മറ്റുള്ളവരിലേക്ക് പടരാൻ വഴിവെക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പഠനങ്ങൾ. വരും ദിവസങ്ങളിൽ ഈ മൂന്നു വിഭാഗങ്ങൾക്കിടയിലെ വാക്സിനേഷൻ കാമ്പയിനാവും കൂടുതൽ ശ്രദ്ധയെന്ന് ആരോഗ്യ മന്ത്രാലയം വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത് പറഞ്ഞിരുന്നു. മുതിർന്നവരിലും ഗർഭിണികളിലും കോവിഡ് കൂടുതൽ പ്രയാസമുണ്ടാക്കുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവർ നിർദേശിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷൻ മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനിയും വാക്സിൻ സ്വീകരിച്ച് പ്രതിരോധം ഉറപ്പുവരുത്താൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഡെൽറ്റ വകഭേദം ഖത്തറിൽ റിപ്പോർട്ട് ചെയ്തതായും എന്നാൽ, രാജ്യത്തെ വാക്സിനുകൾ ഡെൽറ്റകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികൾ, വ്യാപാര-വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കുള്ള വാക്സിനേഷനും സജീവമായി മുന്നോട്ട് പോവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.