'അസാധ്യമായി ഒന്നുമില്ല'; ചിഞ്ചു എഴുതിത്തീർത്തത് ചരിത്രം
text_fieldsദോഹ: 'നത്തിങ് ഈസ് ഇംപോസിബ്ൾ' -എന്ന ഒറ്റവാക്കുകൊണ്ട് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഖത്തർ പ്രവാസിയായ തൃശൂർ ചാലക്കുടിക്കാരി ചിഞ്ചു വർഗീസ്. ഒറ്റവാക്കിനെ 80 രൂപത്തിൽ എഴുതിത്തീർത്ത് ഈ മലയാളി നടന്നുകയറിയത് ഇന്ത്യ ബുക് ഓഫ് റെക്കോഡ്സിൻെറ പട്ടികയിലേക്ക്. വ്യത്യസ്തങ്ങളായ മികവുമായി ചരിത്രം സൃഷ്ടിച്ചവർക്ക് ഇടം നൽകുന്ന 'ഇന്ത്യ ബുക് ഓഫ് റെക്കോഡിൻെറ' അംഗീകാരം കഴിഞ്ഞ ദിവസം ചിഞ്ചുവിനെ തേടിയെത്തി. 'nothing is impossible' എന്ന ഇംഗ്ലീഷ് വാചകത്തെ 80 വ്യത്യസ്ത ശൈലിയിൽ സ്വന്തം കൈപ്പടകൊണ്ട് എഴുതിത്തീർത്താണ് ഇവർ റെക്കോഡ് ബുക്കിൽ ഇടം പിടിച്ചത്.
രണ്ടു മണിക്കൂർ നീണ്ട സാഹസം അവസാനിക്കുേമ്പാഴേക്കും 24ഓളം പേജുകൾ കടന്നു. എഴുതിയ പേപ്പറുകളും വിഡീയോയുമെല്ലാം ഇന്ത്യ ബുക് അധികൃതർക്ക് അയച്ചുനൽകിയ ശേഷം, അവരുടെ പരിശോധനയും കഴിഞ്ഞാണ് ഇവെര 2022 റെക്കോഡ് ബുക്കിൽ ഉൾപ്പെടുത്തിയത്.
2016ൽ വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം ഖത്തറിലെത്തിയ ചിഞ്ചു മുഖയ്നിസിലായിരുന്നു താമസം. കഴിഞ്ഞ ഏപ്രിലിൽ പിതാവ് വർഗീസ് മണവാളൻെറ മരണത്തെ തുടർന്ന് നാട്ടിലെത്തിയതാണ്. തൻെറ പഠനത്തിനും കലാപരിപാടികൾക്കും പ്രോത്സാഹനം നൽകിയ പിതാവ് വിട്ടുപിരിഞ്ഞ ശേഷമായിരുന്നു ചിഞ്ചു ഇന്ത്യ റെക്കോഡിനായി ശ്രമിച്ചത്. മേയ് 16ന് വീട്ടിൽ ഇരുന്നു തന്നെയായിരുന്നു എഴുത്ത് പൂർത്തിയാക്കിയത്. അപ്പച്ചൻെറ ചിത്രം സാക്ഷിയാക്കിയായിരുന്നു തൻെറ ചരിത്ര രചനയെന്ന് ചിഞ്ചു 'ഗൾഫ് മാധ്യമ'ത്തോട് പറയുന്നു.
തൃശൂർ നിർമല കോളജിൽ നിന്നും ബിരുദവും എം.ജി സർവകലാശായിൽനിന്ന് എം.ബി.എയും കഴിഞ്ഞ ഇവർ കോളജ് അധ്യാപികയായി ഇടക്കാലത്ത് പ്രവർത്തിച്ചിരുന്നു. വിവാഹ ശേഷം ഖത്തറിലെത്തിയപ്പോൾ കുടുംബിനിയായി മാറിയതോടെയാണ് പഠനകാലത്തെ കലാപ്രവർത്തനങ്ങൾ വീണ്ടും പൊടിതട്ടിയെടുത്തത്. ചിത്രരചനയും പെയിൻറിങ്ങുമായി സജീവമാവുന്നതിനിടെയാണ് പുതിയൊരു റെക്കോഡ് കുറിച്ചത്. ഖത്തർ എവർവേസിൽ ജോലിചെയ്യുന്ന റോബിനാണ് ഭർത്താവ്. മകൻ നാലുവയസ്സുകാരൻ ഇവാൻ. അമ്മ എൽസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.