മുതിർന്നവരിൽ നാലിലൊരാൾ പുകയില ഉപയോഗിക്കുന്നു
text_fieldsദോഹ: ഖത്തറിൽ മുതിർന്ന ആളുകളിൽ നാലിലൊരാൾ പുകയില ഉപയോഗിക്കുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ നടത്തിയ പഠന റിപ്പോർട്ടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഖത്തറിലെ പുകയില ഉപയോഗവും വ്യാപനവും അനുബന്ധ ഘടകങ്ങളും സംബന്ധിച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കലാബറേറ്റിങ് സെൻററുമായി സഹകരിച്ചാണ് എച്ച്.എം.സി ടുബാക്കോ കൺേട്രാൾ സെൻറർ പഠനം നടത്തിയത്. രാജ്യത്തെ മുതിർന്നവരിൽ 25.2 ശതമാനം പേരിലും പുകയില ഉപയോഗം കണ്ടെത്തിയിട്ടുണ്ട്.
2000ൽ ഹമദ് മെഡിക്കൽ കോർപറേഷൻ നടത്തിയ പഠനത്തിനുപയോഗിച്ച മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ഇത്തവണയും പഠനം നടത്തിയിരുന്നത്. അന്ന് 36.5 ശതമാനം പേരിലും പുകയില ഉപയോഗം കണ്ടെത്തിയിരുന്നു.സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള വിവിധ രാജ്യക്കാരിലും സർവകലാശാലാ വിദ്യാർഥികളിലുമടക്കം 7921 സാമ്പിളുകളാണ് പഠനത്തിന് വിധേയമാക്കിയത്.
ഖത്തറിൽ 18 വയസ്സിനും അതിന് മുകളിലുള്ളവരുമായ ആളുകളിൽ എത്രപേരിൽ പുകയില ഉപയോഗമുണ്ടെന്നും വ്യത്യസ്ത പുകയില ഉൽപന്നങ്ങൾ ഏതൊക്കെയെന്നും പഠനത്തിലൂടെ കണ്ടെത്താനായെന്ന് എച്ച്.എം.സി ടുബാക്കോ കൺേട്രാൾ സെൻറർ മേധാവി ഡോ. അഹ്മദ് അൽ മുല്ല പറഞ്ഞു. പുകവലിക്കുന്ന വ്യക്തി പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് പിന്നീട് പുകവലിയിലേക്ക് എത്തുന്നത്. മുതിർന്നവരിൽ 25.2 ശതമാനം ആളുകളും ഏതെങ്കിലും രീതിയിലുള്ള പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു. 21.5 ശതമാനം ആളുകൾ പുകവലിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2000ലെ പഠനത്തെ അപേക്ഷിച്ച് ഇത് 15.2 ശതമാനം കുറവാണെന്നും ഡോ. അൽ മുല്ല ചൂണ്ടിക്കാട്ടി.
ഏറ്റവും കൂടൂതൽ ഉപയോഗിക്കുന്ന പുകയില ഉൽപന്നം സിഗരറ്റാണ്, 42.7 ശതമാനം. വാട്ടർപൈപ്പ് (20.9 ശതമാനം), മെഡ്വാക് (3.2 ശതമാനം), സിഗാർ (0.7 ശതമാനം), ഇലക്േട്രാണിക് സിഗരറ്റ് (2 ശതമാനം), സ്മോക്ലെസ് ടുബാക്കോ(1.9 ശതമാനം) എന്നിവയാണ് മറ്റുള്ളവ. 0.3 ശതമാനമാണ് ഹീറ്റ്-നോട്ട്-ബേൺ ടുബാക്കോയുടെ ഉപയോഗം. ഒന്നിലധികം പുകയില ഉൽപന്നങ്ങൾ 28.1 ശതമാനവും വരും.
ഈയടുത്ത് നടന്ന മറ്റൊരു പഠനത്തിൽ ശരാശരി 19.7 വയസ്സിൽ ഒരാൾ പുകവലിച്ച് തുടങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2013ലെ ഗ്ലോബൽ അഡൽട്ട് ടുബാക്കോ സർവേയിൽ ഇത് 18.1 വയസ്സിലായിരുന്നു.
വിവിധ അതോറിറ്റികളുമായും പങ്കാളികളുമായും നടത്തിയ കൂട്ടായ ശ്രമങ്ങളുടെയും ബോധവത്കരണങ്ങളിലൂടെയും മികച്ച ഫലവും സർവേയിൽ കണ്ടെത്താനായിട്ടുണ്ടെന്നും ഡോ. അൽ മുല്ല വ്യക്തമാക്കി.രാജ്യത്ത് നടപ്പാക്കിയ പുകയില ഉൽപന്നങ്ങൾക്ക് 100 ശതമാനം അധിക നികുതി, രാജ്യത്തേക്ക് പുകയില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറക്കാൻ സാധിച്ചിട്ടുണ്ട്.പൊതുവിൽ പുകയില ഉപയോഗം കുറക്കാനും ഇതു കാരണമായിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.
പുകയില ഉപയോഗം മൂലം രാജ്യത്ത് പ്രതിവർഷം മരിക്കുന്നത് 300ലധികം പേരാണ്. പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിലൂടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലം രോഗം ബാധിച്ച് മരണമടയുന്നവരുടെ എണ്ണം പ്രതിവർഷം ശരാശരി 312 ആണ്.
കോവിഡ്കാലത്ത് പുകവലി കൂടുതൽ അപകടകരം
കോവിഡ്-19 മഹാമാരിക്കാലത്ത് പുകവലി കൂടുതൽ അപകടകാരിയാകും. കോവിഡ്-19 ബാധിച്ചവർ പുകവലിക്കുന്നതിലൂടെ രോഗബാധയുടെ തീവ്രത വർധിക്കാനിടയുണ്ട്. പുകവലി രോഗിയുടെ ജീവനു തന്നെ ഭീഷണിയാണെന്ന് പ്രാഥമിക പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
രോഗവ്യാപനത്തിൽ പുകവലിക്ക് വലിയ പങ്കാണുള്ളത്. പുകവലിയിൽ അതിെൻറ എല്ലാ രൂപങ്ങളും ഉൾപ്പെടും. അതിനാൽ, ശീഷ വലിക്കുന്നതുൾപ്പെടെ കോവിഡ്-19െൻറ രോഗവ്യാപനത്തിൽ പങ്കു വഹിക്കുന്നുണ്ട്. ശീഷ പരസ്പരം കൈമാറുന്നതിലൂടെ രോഗ കൈമാറ്റം കൂടിയാണ് നടക്കുന്നത്.
ശീഷയിലെയും ട്യൂബിലെയും ഹ്യൂമിഡിറ്റി വൈറസുകളുടെ വളർച്ചക്കും വ്യാപനത്തിനും അനുകൂലമായ പരിസ്ഥിതിയാണ് ഒരുക്കുന്നത്. ഇവ ലഭ്യമാകുന്ന കഫേകളിലും റെസ്റ്റാറൻറുകളിലും സാമൂഹിക കൂടിച്ചേരലുകൾ സംഭവിക്കുമ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത ഏറെയുണ്ടാകുന്നു.
പുകവലി ശീലമുള്ളവർക്ക് കോവിഡ്-19 ബാധിച്ചാൽ അയാൾക്ക് കടുത്ത ചുമയുണ്ടാകും. ഉമിനീർ കണങ്ങൾ വഴി വായുവിലൂടെ വൈറസ് വ്യാപനത്തിന് ഇത് ഇടയാക്കുന്നു. പുകവലിക്കുന്നവർ വിരലുകൾകൊണ്ട് വായിൽ നേരിട്ട് സ്പർശിക്കും. ഇതും രോഗം പകരുന്നതിൽ വലിയ പങ്ക് വഹിക്കും.
പുകവലി നിർത്താം; ടൊബാക്കോ കൺേട്രാൾ സെൻററിൽ വരൂ
പുകയിലയുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനും പൂർണമായും നിർത്തലാക്കുന്നതിനും എച്ച്.എം.സിക്ക് കീഴിലുള്ള ടൊബാക്കോ കൺേട്രാൾ സെൻറർ വൈവിധ്യമാർന്ന സേവനങ്ങളാണ് നൽകുന്നത്. ഇതിൽ തെറാപ്പറ്റിക് കൗൺസലിങ്, മെഡിക്കേഷൻ തെറപ്പി, ബിഹേവിയറൽ തെറപ്പി, ലേസർ തെറപ്പി എന്നിവയെല്ലാം ഉൾപ്പെടും. ടുബാക്കോ കൺേട്രാൾ സെൻററുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 5080 0959 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.