വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ഊർജിതം
text_fieldsദോഹ: ഭക്ഷ്യ സുരക്ഷയും ശുചിത്വവും നിയമപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനയും ബോധവത്കരണവുമായി അൽ വക്റ മുനിസിപ്പാലിറ്റിയുടെ മുനിസിപ്പൽ കൺട്രോൾ വിഭാഗം. ഭക്ഷ്യ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ ബർവയിലെ 62 സ്ഥാപനങ്ങളിലാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഒരു സ്ഥാപനത്തിലെ നിയമലംഘനം കണ്ടെത്തുകയും അടച്ചുപൂട്ടാൻ നിർദേശം നൽകുകയും ചെയ്തു. ബോധവത്കരണത്തിന്റെ ഭാഗമായ 86 ക്യു.ആർ കോഡ് സ്റ്റിക്കറുകൾ വിവിധ കേന്ദ്രങ്ങളിൽ അധികൃതർ വിതരണം ചെയ്തു.
ബിസിനസ് സ്ഥാപനങ്ങളും ഷോപ്പുകളും മുനിസിപ്പൽ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമാണ് പരിശോധനയെന്ന് മുനിസിപ്പൽ കൺട്രോൾ വിഭാഗം അസി. ഡയറക്ടർ ഡോ. നവാൽ മുഹമ്മദ് അബ്ദുല്ല പറഞ്ഞു. പൊതുശുചിത്വം, പരസ്യങ്ങൾ സംബന്ധിച്ച നിയമ ബോധവത്കരണം, കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയിലാണ് കാമ്പയിനിലൂടെ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അവർ പറഞ്ഞു.
പൊതു ശുചിത്വവും പരസ്യ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 19 പരിശോധന ടൂറുകൾ കാമ്പയിനിൽ ഉൾപ്പെടുത്തിയതായി ജനറൽ കൺട്രോൾ വിഭാഗം മേധാവി സലീം മുഹമ്മദ് അൽ ഹജ്രി പറഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ നിയമം സംബന്ധിച്ച് ബോധവത്കരണവും പരിശോധനയുടെ പ്രധാന ലക്ഷ്യമായിരുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ മേധാവി ഹമദ് ഇബ്രാഹീം അൽ ശൈഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.