ലക്സറിലെ ചരിത്രാത്ഭുതങ്ങൾ
text_fieldsനൈലിന്റെ സൗന്ദര്യവും ഈജിപ്തിന്റെ പൗരാണികതയും അറിഞ്ഞുകൊണ്ടായിരുന്നു മറ്റൊരു ചരിത്രനഗരിയായ ലക്സർ ക്ഷേത്രത്തിലേക്കുള്ള യാത്ര. 180 ഈജിപ്ഷ്യന്‍ പൗണ്ട്, (ഏതാണ്ട് 500 രൂപയാണ്) ലക്സര്‍ ക്ഷേത്രത്തിലേക്കുള്ള പ്രവേശന ഫീസ്. ബി.സി 1400 അതായത് 3500 വര്‍ഷങ്ങള്‍ക്ക് നൈല്‍ നദിയുടെ കിഴക്കേ അറ്റത്ത് ഈ ക്ഷേത്രം സ്ഥാപിക്കുന്നത്. അന്ന് ഈ പ്രദേശം അറിയപ്പെടുന്നത് തിബ്സ് എന്നാണ്.
ബി.സി 11ാം നൂറ്റാണ്ട് വരെ ഈജിപ്ഷ്യന്‍ ഭരണാധികാരികളുടെ തലസ്ഥാനനഗരം എന്ന നിലയില്‍ കൂടി പ്രസിദ്ധമാണ് തിബ്സ്. മറ്റു ക്ഷേത്രങ്ങളെ പോലെ ഏതെങ്കിലും ഒരു ദേവന് പ്രത്യേകമായി ലക്സര്‍ സമര്‍പ്പിച്ചിരുന്നില്ലെന്ന് ചരിത്രകാരന്മാര് പറയുന്നു. ആരാധനാലയം എന്നതിനേക്കാള്‍ ഫറോവമാരുടെ കിരീട ധാരണത്തിനുള്ള ഒരു കേന്ദ്രമായിട്ടാണ് ലക്സറിനെ കണ്ടിരുന്നത്. ഇന്ന് ലോകത്ത് ചരിത്രാന്വേഷകരുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന് പറയാന്‍ എത്ര കേട്ടാലും തീരാത്ത അത്രയും കഥകളുണ്ട്. ക്ഷേത്രത്തിന് മുന്നില്‍ ഒരു നീണ്ട ഇടനാഴി കാണാം, ലക്സറിലേക്കുള്ള അന്നത്തെ വഴിയാണത്.
കിഴക്കന്‍ കരയിലെ തന്നെ മറ്റൊരു ക്ഷേത്രമായ കര്ണാകിലേക്കാണ് പാത നീളുന്നത്. പാതക്കിരുവശവും മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമുള്ള രൂപങ്ങളായ സ്ഫിങ്സുകള്
സ്ഥാപിച്ചിരിക്കുന്നു. കര്‍ണക് ക്ഷേത്രത്തിലേക്കുള്ള രണ്ട് കിലോമീറ്റര്‍ ദൂരവും ഇത്തരം സ്ഫിങ്സുകള് ഉണ്ടായിരുന്നതായാണ് ചരിത്രകാരന്മാര് പറയുന്നത് . ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് ഇരുവശത്തും റെംസിസ് രണ്ടാമന്റെ കൂറ്റന്‍ പ്രതിമ കാണാം. ഖുര്‍ആനില്‍ പ്രവാചകന് മൂസാ നബിയെ ഉപദ്രവിച്ചതായി പ്രതിപാദിക്കുന്ന റെംസിസ് രണ്ടാമന് ഫറോവയെയാണെന്ന് കരുതപ്പെടുന്നു. അതിനോട് ചേര്‍ന്ന് ഒരുകൂറ്റന്‍ സ്തൂപവും. 75 അടിയാണ് അതിന്റെ ഉയരം. ഇത്തരത്തിലുള്ള മറ്റൊരു സ്തൂപം കൂടിയുണ്ടായിരുന്നു ഇവിടെ. ഇന്നത് പാരീസ് നഗരത്തിലുണ്ട്. സ്തൂപം പാരീസിലേക്ക് കൊണ്ടുപോകാന്‍ നെപ്പോളിയന്റെ കാലത്ത് തന്നെ ശ്രമം നടന്നിരുന്നു. എന്നാല്‍ 1830ല്‍ ഒട്ടോമന്‍ ഭരണാധികാരി മുഹമ്മദ് അലി പാഷയാണ് ഫ്രാന്‍സിന് സമ്മാനമായി ഈ സ്തൂപം നല്‍കുന്നത്. 18ാം രാജവംശത്തിലെ ഒമ്പതാം ഫറോവയായിരുന്ന ഒമന്ഹോട്ടെപ് മൂന്നാമന്, തൂതുന് ഖാമൂന്, റാംസിസ് രണ്ടാമന് എന്നിവരാണ് പലകാലങ്ങളിലായി ക്ഷേത്രം സ്താപിച്ചത്. തിബ്സ് കീഴടക്കിയ കാലത്ത് അലക്സാണ്ടര്‍ ചക്രവര്‍ത്തിയും ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. അലക്സാണ്ടര്‍ ചക്രവര്‍ത്തി തിബ്സിനെ തോല്‍പ്പിച്ച് അവിടെ ഈജിപ്തുകാരുടെ അമ്മ ദേവതയായ മൂതിനെ പ്രതിഷ്ഠിച്ചു.
പിന്നീട് റോമക്കാരുടെ അധിനിവേശത്തോടെ ഈ കെട്ടിടം ഒരു ചര്‍ച്ചായും ഭരണകേന്ദ്രവും പട്ടാളകേന്ദ്രവും ഒക്കെയായി മാറി. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്ത് ചര്‍ച്ചിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും കാണാം. കൂറ്റന്‍ തൂണുകളാണ് ലക്സര്‍ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം.
ആറ് നില കെട്ടിടത്തിന്റെ ഉയരമുണ്ട് ഓരോ തൂണിനും. നൈലിന്റെ തീരത്ത് കണ്ടുവരുന്ന പാപ്പിറസ് ചെടിയുടെ ആകൃതിയാണ് തൂണുകള്‍ക്ക്. തെക്ക് -പടിഞ്ഞാറന്‍ ഈജിപ്തിലെ ജബല്‍ സില്സിലയില് നിന്നുള്ള കല്ലുകളാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഫറോവമാര്‍ അവരുടെ വീരചരിതങ്ങളും യുദ്ധ വിജയങ്ങളും ഈ തൂണുകളിലും കല്ലുകളിലും കൊത്തിവെക്കുന്നത് പതിവായിരുന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തിയും സമാനരീതി തുടര്‍ന്നു. ഈ വീരചരിതങ്ങളൊക്കെ തൂണുകളിലും ചുമരിലും ഇന്നും കാണാം.
മറ്റു പ്രാചീന നഗരങ്ങളെയും ആരാധനാലയങ്ങളെയും പോലെ പ്രകൃതിക്ഷോഭങ്ങള്‍ മൂലം ലക്സറും മണ്ണിനടിയിലായി. ആ പ്രദേശം ഒരു ചെറിയ കുന്നായി രൂപപ്പെട്ടു. അവിടെ വീടുകളും, കടകളും, പീജിയന്‍ ടവറുമൊക്കെ ഉയര്‍ന്നു. അങ്ങനെ ക്ഷേത്രം നിന്നിരുന്ന പ്രദേശം മറ്റൊരു ആവാസ കേന്ദ്രമായി. ലക്സര്‍ ക്ഷേത്രത്തിന് മുകളില്‍ ഒരു മസ്ജിദ് കാണാം. ഏതാണ്ട് ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവ കാലത്തോളം പഴക്കമുള്ള അബു ഹജ്ജാജ് പള്ളി. എ.ഡി 640 ല്‍ സൂഫിയായിരുന്ന ശൈഖ് യൂസുഫ് അബൂഹജ്ജാജ് ആണ് ഈ പള്ളി നിര്‍മിച്ചത്.
1884 ല്‍ ഫ്രഞ്ചുകാരനായ പ്രഫ. ഗാസ്റ്റിന് മാസ്പെറോയാണ് ലക്സര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. ഈജിപ്ത് സര്‍ക്കാറിന്റെ സഹായത്തോടെ അദ്ദേഹം പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്കി അവരെ പുനരധിവസിപ്പിച്ചു, പള്ളിയൊഴികെ മറ്റുള്ള നിര്‍മിതികളെല്ലാം പൊളിച്ചുമാറ്റി. 1960 വരെ ഈ പര്യവേക്ഷണങ്ങള്‍ തുടര്‍ന്നു. ക്ഷേത്രത്തിന്റെ മുറ്റത്ത് പര്യവേക്ഷണ സമയത്ത് കിട്ടിയ കെട്ടിടാവശിഷ്ടങ്ങളെല്ലാം കൂട്ടിയിട്ടത് കാണാം. ഒരർഥത്തില്‍ 3500 വര്‍ഷത്തിലേറെയായി ആരാധന നടന്ന ഒരു കേന്ദ്രമാണ് ലക്സര്‍ ക്ഷേത്രം എന്ന് പറയാം.
ആരാധനാ മൂര്‍ത്തികള്‍ മാറിമാറി വന്നു. തിബ്സ് കാലഘത്തിൽ ആമൂന്‍, മോത്ത്, ഖോന്‍സു എന്നിവരെ ആരാധിച്ചു. റോമക്കാര്‍ ചര്‍ച്ചാക്കി മാറ്റി, അങ്ങനെ ധാരാളം നിഗൂഢതകളും അതിനേക്കാള്‍ ചരിത്രങ്ങളും ഒളിപ്പിച്ചുവെച്ച് പ്രാചീന മനുഷ്യന്റെ അടയാളമായി ലക്സര്‍ ക്ഷേത്രം തലയുയര്‍ത്തി നില്ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.