നൈസാമിന്റെ നാട്ടിൽ..
text_fieldsഹൈദരാബാദ് നൈസാമിന്റെ തട്ടകത്തിലേക്ക് മംഗലാപുരം കച്ചിഗുഡ എക്സ്പ്രസ്സിൽ വന്നിറങ്ങുമ്പോൾ രാത്രി പിന്നിട്ടിരുന്നു. ഹോട്ടലിലെത്തി ഒന്നുറങ്ങി വിദ്യാർഥികൾ പ്രസരിപ്പോടെ എണീറ്റു. ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ സി. രാജഗോപാലാചാരി ‘സ്വദേശി യൂനിവേഴ്സിറ്റി’ എന്നു വിശേഷിപ്പിച്ച ഹൈദരാബാദ് നവാബ് ഉസ്മാൻ അലി ഖാൻ 1918 ൽ സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വലിയ യൂനിവേഴ്സിറ്റിയായ ഉസ്മാനിയ കാമ്പസിലേക്ക്. ഈ വഴികളിലൂടെ നടക്കുമ്പോൾ, സി.എ.എ, എൻ.ആർ.സി പോരാട്ടങ്ങൾക്ക് സമരജ്വാല നൽകിയ ഈ കാമ്പസിനെ കുറിച്ച് വായിച്ച കുറിപ്പുകൾ മനസ്സിലൂടെ മിന്നിമറഞ്ഞു. ഡോ. ബി.ആർ. അംബേദ്കറിന്റെ നാമത്തിലുള്ള ലൈബ്രറി വിദ്യാർഥികൾക്ക് വായനയുടെ ലോകത്തെ പരിചയപ്പെടുത്താൻ സഹായകരമായി. ചുരുക്കത്തിൽ, ഉസ്മാനിയ സർവകലാശാലാ സന്ദർശനം കേവലം കാഴ്ചകൾക്കപ്പുറത്ത് വിദ്യാർഥികൾക്ക് മനസ്സിന്റെയും ആത്മാവിന്റെയും ഉണർവായി.
അത്ഭുതങ്ങളുടെ ഗോൽക്കൊണ്ട...
ഗാംഭീര്യത്തിന്റെ കഥകൾ മന്ത്രിക്കുന്ന പഴയ കാലഘട്ടത്തിലേക്കുള്ളൊരു കവാടമായ ഗോൽക്കൊണ്ട കോട്ടയായിരുന്നു അടുത്ത ഇടം. പൂർണമായും ശിലയിൽ നിർമിച്ച അത്ഭുതങ്ങളുടെ കോട്ടയാണിത്. ലോകത്ത് ഇന്നുവരെയും പ്രകൃതിയിൽ നിന്നും കണ്ടെടുത്തിട്ടുള്ള ഏറ്റവും അമൂല്യമായ കോഹിന്നൂർ രത്നം ഒരുകാലത്ത് സൂക്ഷിച്ചിരുന്ന കോട്ട. കൂറ്റൻ മതിലുകൾ അതിരിടുന്ന കവാടം കടന്നാൽ മറ്റൊരുലോകം. ജീർണിച്ച കൽപ്പടവുകൾ ഞങ്ങൾ കയറുമ്പോൾ, ചരിത്രത്തിന്റെ ഒരു സിംഫണി പ്ലേ ചെയ്യാൻ തുടങ്ങി. കാലാതീതമായ ഈ ഈണത്തിൽ ഓരോ കാൽപ്പാടും പ്രതിധ്വനിച്ചു. പലയിടങ്ങളിലും നാശത്തെ അഭിമുഖീകരിച്ച കോട്ടയുടെ കൂറ്റൻ തൂണുകളും മറ്റും ചരിത്ര ശേഷിപ്പുകളായി നിൽക്കുന്നു. ഈ സമുച്ചയം നിലവിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
1507 ൽ കുത്തബ് ഷാഹി രാജവംശത്തിന്റെ അധീനതയിലായിരുന്ന കോട്ട പിന്നീട് ഗ്രാനൈറ്റ് ശിലകളാൽ പുനർനിർമിക്കപ്പെടുകയായിരുന്നു. പഴയകാല ദർബാർ ഹാളുകളും തുരങ്കങ്ങളും ഇവിടെയുണ്ട്. അമൂല്യങ്ങളായ രത്നങ്ങളുടെ പേരിലായിരുന്നു ഈ കോട്ട അന്ന് അറിയപ്പെട്ടിരുന്നത്. 1687 ൽ ഖുത്തുബ് ഷാഹി രാജവംശത്തിന്റെ അധികാരം ക്ഷയിച്ചതോടെ, മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ അധീനതയിലായി.
കോട്ടവാതിൽ കയറി മുന്നോട്ടുപോയപ്പോൾ, കഴിഞ്ഞ നൂറ്റാണ്ടുകളിലെ രഹസ്യങ്ങൾ മന്ത്രിക്കുന്ന ശബ്ദവിസ്മയം ഞങ്ങൾ കണ്ടുമുട്ടി. ഒരു പ്രത്യേക പോയന്റിൽ ഒരൊറ്റ കൈയടി ഗണ്യമായ അകലത്തിൽ കേൾക്കാനാകും. ഈ പ്രതിഭാസവും കോട്ടയുടെ ആകർഷണീയമായ വാസ്തുവിദ്യയും എൻജിനീയങ് സവിശേഷതകളും വിദ്യാർഥികളിൽ കൗതുകമുണർത്തി. കോട്ടയിൽ ആക്രമണമുണ്ടായാൽ അതിലെ കാവൽക്കാർക്കും താമസക്കാർക്കും എളുപ്പത്തിൽ ആശയവിനിമയം നടത്താൻ കഴിയുംവിധമാണ് കോട്ടയ്ക്കുള്ളിലെ ഓരോ കെട്ടിടവും രൂപകല്പന ചെയ്തത്.
വർത്തമാനകാലത്തിന്റെ നിറങ്ങളും ഭൂതകാലത്തിന്റെ പ്രതിധ്വനികളുംകൊണ്ട് വരച്ച ഒരു കാൻവാസായിരുന്നു കോട്ടയുടെ ഏറ്റവും ഉയർന്ന സ്ഥലത്തുനിന്നുള്ള വിശാലദൃശ്യം. പരന്നുകിടക്കുന്ന നഗരം, കോട്ടയുടെ സ്ഥായിയായ പാരമ്പര്യത്തിന്റെ ആധുനിക സാക്ഷ്യമാണ്.
നാല് തൂണുകളുടെ ഗോപുരം
ഹൈദരാബാദിന്റെ കിരീടത്തിലെ രത്നമായി, തലങ്ങും വിലങ്ങുമായിട്ടുള്ള റോഡുകൾക്ക് നടുവിലായി ചരിത്രം കുടിയിരുത്തിയ ചാർമിനാർ കഥകളുടെ ഒരു കാവൽക്കാരനെപ്പോലെ നിലകൊള്ളുന്നു. അതിന്റെ മിനാരങ്ങൾ ആകാശത്തേക്ക് നീളുന്നു, ഓരോ ആത്മാവിന്റെയും സ്വപ്നങ്ങളെ സ്പർശിക്കുന്നതുപോലെ. മുസി നദിയുടെ കിഴക്കുഭാഗത്തായി 1591 ൽ മുഹമ്മദ് ക്വിലി കുത്തബ് ഷായാണ് ഈ സ്മാരകം നിർമിച്ചത്. പടർന്നുപിടിച്ച പ്ലേഗ് എന്ന മഹാമാരിയെ നിർമാർജനം ചെയ്തതിന്റെ സ്മാരകമായി പിൽക്കാലം ഇതിനെ നിർവചിച്ചു.
ഈ മന്ദിരത്തിന്റെ നാലു മിനാരങ്ങൾ നാലു ഖലീഫമാരെ സൂചിപ്പിക്കുന്നു. ഇത് നിർമിക്കപ്പെട്ടത്, ഗ്രാനൈറ്റ്, ചുണ്ണാമ്പ് കല്ല്, കരിങ്കല്ല് എന്നിവ ഉപയോഗിച്ചാണ്. ചാർമിനാറിന്റെ ഓരോവശത്തിനും ഇരുപതു മീറ്റർ നീളവും, മിനാരങ്ങൾക്ക് 48.7 മീറ്റർ ഉയരവും, മുകളിലേക്ക് നൂറ്റിനാൽപത്തിയെമ്പതു പടികളുമുണ്ട്.
കാലത്തിനും നഗരത്തിനും അനുദിനം വന്ന മാറ്റങ്ങളിലേക്ക് കണ്ണയക്കുകയാണ് ഈ സ്തൂപം.
ഞങ്ങളുടെ യാത്ര കേവലം ഭൂമിശാസ്ത്രപരമായ ഇടങ്ങളിലൂടെയുള്ള ഒരു യാത്രയായിരുന്നില്ല, മറിച്ച് പൈതൃകത്തിന്റെയും ഹൃദയത്തിന്റെയും ഇടനാഴികളിലൂടെയുള്ള ഒരു യാത്രയായിരുന്നു. പഠിച്ച പാഠങ്ങൾ പാഠപുസ്തകങ്ങൾക്കപ്പുറത്തേക്കു പോയി. എന്റെ വിദ്യാർഥികളുടെ കണ്ണുകളിൽ ഞാനാപരിവർത്തനം കണ്ടു.
മക്കയിലെ കല്ലിൽ തീർത്ത മസ്ജിദ്
ചാർമിനാറിന്റെ പടിഞ്ഞാറു ഭാഗത്താണ് മക്കാമസ്ജിദാണ്. നൂറുകണക്കിന് പ്രാവുകൾ ചേക്കേറുന്ന വിശുദ്ധയിടം. ഗ്രാനെറ്റ് കല്ലുകളിൽ തിളങ്ങിനിൽക്കുന്ന മക്കാമസ്ജിദിൽ ഖബർസ്ഥാൻ വണങ്ങാൻ നീണ്ട നിരയുണ്ട്. സുരക്ഷ പരിശോധനക്കുശേഷം മക്കാ മസ്ജിദെന്ന പുണ്യകേന്ദ്രത്തിലേക്ക് ഞങ്ങൾ കയറി. കുത്തബ് ഷാഹി രാജവംശത്തിന്റെ അഞ്ചാമനായ മുഹമ്മദ് ക്വിലി കുത്തബ് ഷായാണ് മക്കാമസ്ജിദും പണികഴിപ്പിച്ചത്. കൂറ്റൻ ശിലാപാളികൾകൊണ്ട് നിർമിച്ച മസ്ജിദിന്റെ പോരായ്മകളകറ്റാൻ മക്കയിൽനിന്നും ഒരു ശിലതന്നെ കൊണ്ടുവരേണ്ടിവന്നു. മസ്ജിദിന്റെ ഒരു ഭാഗത്തുള്ള പ്രവേശന കവാടത്തിനരികിലായി ഭിത്തിയിൽ ഈ കല്ല് ഇപ്പോഴും ദൃഢതയോടെ ഈ ചരിത്ര സ്മാരകത്തെ താങ്ങിനിൽക്കുന്നു.
ഹൈദരാബാദിലെ സ്ട്രീറ്റ് ഫുഡ് വ്യത്യസ്ത രുചികൾകൊണ്ട് അവരുടെ രസമുകുളങ്ങൾക്ക് ഉത്തേജനം നൽകി. മണമുള്ള ബിരിയാണികൾ മുതൽ എരിവുള്ള കബാബുകൾ വരെ, ഓരോ വിഭവവും നൂറ്റാണ്ടുകൾ പഴക്കമുള്ള പാചക വൈദഗ്ധ്യത്തിന്റെ കഥപറഞ്ഞു. ഹൈദരാബാദിലെ തിരക്കേറിയ തെരുവുകളോട് വിടപറയുമ്പോൾ, നഗരത്തിലെ തെരുവിന്റെ മായാത്ത പാഠങ്ങൾ ഞങ്ങളുടെ മനസ്സിൽ പതിഞ്ഞു.
ഹൈദരാബാദിലെ ചടുലമായ തെരുവുകളോട് സ്നേഹപൂർവം വിടപറയാൻ സമയമായി. ഒരൊറ്റ ദിനംകൊണ്ട് കണ്ട കാഴ്ചകളൊക്കെ ഹൃദയത്തോട് ചേർത്തുമടങ്ങുമ്പോൾ കാണാക്കാഴ്ചകൾക്കായി ഇനിയെന്ന് വരുമെന്ന് ഞങ്ങളോടീ ഭാഗ്യനഗരം ചോദിക്കുന്നുണ്ടായിരുന്നു. സ്റ്റേഷനിലെത്തുമ്പോൾ ഞങ്ങളെയും കാത്ത് ആഗ്ര എക്സ്പ്രസ് പുറപ്പെടാൻ ഒരുങ്ങിനിൽക്കുന്നുണ്ടായിരുന്നു. നൈസാമിന്റെ നഗരം പിന്നിൽ മുത്തായി തിളങ്ങി വെളിച്ചങ്ങൾ ക്രമേണ ദൂരത്തേക്ക് മങ്ങി. അങ്ങകലെ പ്രണയനഗരം കാത്തിരിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.