ഇന്‍കാസ് : ഹൈദര്‍ ചുങ്കത്തറയെ പ്രസിഡന്റായി പ്രഖ്യാപിച്ച് ഐ.സി.സി
text_fieldsദോഹ: ഇൻകാസ് സെൻട്രൽ കമ്മിറ്റിയിലേക്ക് ഇന്ത്യൻ കൾചറൽ സെൻറർ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ ഹൈദർ ചുങ്കത്തറയെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു. മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോര്‍ജ്, ഈപ്പന് തോമസ്, ഷിജു കുര്യാക്കോസ്, അബ്ദുല്‍ മജീദ്, ആന്റണി ജോണ്‍, മുബാറക് അബ്ദുല്‍ അഹദ്, ഷിബു സുകുമാരന്‍, അബ്ദുല്‍ ബഷീര്‍ തുവാരിക്കല്‍, പ്രേംജിത്ത് കുട്ടംപറമ്പത്ത് എന്നിവരെ മാനേജിങ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. കെ.പി.സി.സി നിർദേശത്തെ തുടർന്ന് സമീർ ഏറാമല പ്രസിഡന്റായ വിഭാഗം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നതിനെ തുടർന്ന് വോട്ടെടുപ്പില്ലാതെയാണ് ഐ.സി.സി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
വോട്ടെടുപ്പിനായി 15 പേർ നാമനിർദേശപത്രിക സമർപ്പിച്ചെങ്കിലും നാലുപേർ പിൻവലിച്ചു. ഇതോടെ വോട്ടെടുപ്പ് ഒഴിവായി ഹൈദർ ചുങ്കത്തറ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസിന്റെ ഖത്തർ കമ്മിറ്റിയിൽ വർഷങ്ങളായി തുടരുന്ന അസ്വാരസ്യങ്ങളാണ് പുതിയ ഭാരവാഹി പ്രഖ്യാപനത്തോടെ വീണ്ടും വഴിത്തിരിവിലേക്ക് നീങ്ങിയത്. സമീർ ഏറാമലയെ വീണ്ടും പ്രസിഡന്റായി നിലനിർത്തിക്കൊണ്ട് കെ.പി.സി.സി പ്രസിഡന്റ് മേയ് 20ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഫിലിയേറ്റഡ് സംഘടന എന്ന നിലയിൽ ഐ.സി.സി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മേയ് 28ന് ഉത്തരവിറക്കിയത്. 2020 ഡിസംബർ 30ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ ജൂൺ 23ന് വോട്ടെുപ്പ് നടത്താനായിരുന്നു നിർദേശം. എന്നാൽ, നിർദേശം തള്ളി രണ്ടു ദിവസംകൊണ്ട് കെ.പി.സി.സി ഉത്തരവിറക്കി. ഇൻകാസ് ഖത്തറുമായി ബന്ധപ്പെട്ട് സംഘടന തെരഞ്ഞെടുപ്പുകൾ നടത്താൻ ഒരു ഏജൻസിയെയും വ്യക്തികളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സെൻട്രൽ കമ്മിറ്റി, ജില്ല കമ്മിറ്റി ഭാരവാഹികൾക്കായി ഇറക്കിയ സർക്കുലറിൽ മാതൃസംഘടനയായ കെ.പി.സി.സി വ്യക്തമാക്കിയിരുന്നു. സമീർ ഏറാമലയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് കെ.പി.സി.സിയുടെ പിന്തുണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.