ഇൻകാസ് കോട്ടയം ജില്ല സംഗമം; തിരുവഞ്ചൂർ മുഖ്യാതിഥിയായി
text_fieldsദോഹ: ഒ.ഐ.സി.സി ഇൻകാസ് കോട്ടയം ജില്ല കമ്മിറ്റി കുടുംബസംഗമവും കലാ സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. ഇന്ത്യ ഇന്ന് നേരിടുന്ന വലിയ വിപത്തായ വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഖത്തർ ഒ.ഐ.സി.സി ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമവും കലാ-സംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച തുമാമയിൽ ഒലീവ് ഇന്റർനാഷനൽ സ്കൂളിലായിരുന്നു പരിപാടി. കോട്ടയം ജില്ല പ്രസിഡന്റ് അജത്ത് അബ്രഹാം അധ്യക്ഷത വഹിച്ചു. ലിയോ തോമസ് സ്വാഗതം പറഞ്ഞു. ആനുകാലിക രാഷ്ട്രീയ വിഷയങ്ങളിൽ കോട്ടയം ജില്ല പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് പ്രഭാഷണം നടത്തി.
ഒ.ഐ.സി.സി ഇൻകാസ് ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത്, ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ, ട്രഷറർ ജോർജ് അഗസ്റ്റിൻ, യൂത്ത് വിങ് ആക്ടിങ് പ്രസിഡന്റ് ഷാഹിദ്, ജന. സെക്രട്ടറി നവിൻ പള്ളം, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. സോണി സെബാസ്റ്റ്യൻ പരിപാടി നിയന്ത്രിച്ചു. കോട്ടയം ജില്ല ട്രഷറർ ജോബി നന്ദി പ്രകാശിപ്പിച്ചു.
വിവിധമേഖലകളിൽ പ്രവർത്തന മികവ് തെളിയിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്ത ജീസ് ജോസഫ്, ഫ്രെഡി ജോർജ്, ഹരികുമാർ, അഷ്റഫ് പി. നാസർ, ആയിഷ ഹന തുടങ്ങിയ ഇൻകാസ് കുടുംബാംഗങ്ങളെയും ഡോ. ഫുആദ് ഉസ്മാനെയും ചടങ്ങിൽ ആദരിച്ചു. സംഗീത-നൃത്തപരിപാടികളും കനൽ ഖത്തറിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.