പുനഃസംഘടനയിൽ പരിഹാരമാവുമോ?
text_fieldsദോഹ: വർഷങ്ങളായി തുടരുന്ന ഗ്രൂപ്പിസവും ചേരിതിരിവും രൂക്ഷമാവുന്നതിനിടെ എതിർശബ്ദങ്ങളെ പൂർണമായും അവഗണിച്ച് ഖത്തർ ഇൻകാസിൽ കെ.പി.സി.സിയുടെ പുനഃസംഘടന.
2018ൽ പ്രസിഡന്റായി സ്ഥാനമേറ്റ സമീർ ഏറാമലയെ മാറ്റിനിർത്തണമെന്നും തെരഞ്ഞെടുപ്പിലൂടെ പുതിയ കമ്മിറ്റി നേതൃത്വത്തിൽ വരണമെന്നും ആവശ്യപ്പെട്ട മുൻകാല ഭാരവാഹികൾ ഉൾപ്പെടെയുള്ള ശക്തരായ വിമത സംഘത്തിന്റെ ആവശ്യങ്ങളെ പൂർണമായും തള്ളിയാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ഐ.സി.സിയിൽ രജിസ്റ്റർ ചെയ്ത സംഘടന എന്ന നിലയിൽ രണ്ടുവർഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി. 2018ൽ സ്ഥാനമേറ്റ കമ്മിറ്റി ഒത്തുതീർപ്പ് ഫോർമുലകളുടെ അടിസ്ഥാനത്തിൽ 2020ൽ വോട്ടെടുപ്പിലേക്ക് നീങ്ങാനിരിക്കെയായിരുന്നു കോവിഡിന്റെ വരവ്. അംഗത്വം ചേർക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സജീവമാവുന്നതിനിടെ മഹാമാരി വ്യാപിച്ചതോടെ, നിലവിലെ കമ്മിറ്റി അതേപടി തുടർന്നു.
അതേസമയം, വിമതരുടെ നേതൃത്വവും ഇക്കാലത്ത് ശക്തമായി. തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ഇവർ ഐ.സി.സിയെ സമീപിക്കുകകൂടി ചെയ്തതിനുപിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്ലാതെ പുനഃസംഘടന നടത്തി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത്.
സ്ഥാനമൊഴിയാൻ നിലവിലെ പ്രസിഡന്റ് സമീർ ഏറാമല സന്നദ്ധത അറിയിച്ചെങ്കിലും കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും താൽപര്യത്തോടെ വീണ്ടും സ്ഥാനത്തുതന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. കമ്മിറ്റി പ്രഖ്യാപനത്തിനു പിന്നാലെ പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ എതിർസംഘത്തിന്റേത് വിമത പ്രവർത്തനമാണെന്നും വ്യക്തമാക്കിയ കെ.പി.സി.സി പ്രസിഡന്റ്, അത്തരം പ്രവർത്തനങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ നവംബറിൽ ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജോപ്പച്ചൻ തെക്കേക്കൂറ്റിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ജനറൽ സെക്രട്ടറിസ്ഥാനം രാജിവെച്ച മുതിർന്ന നേതാവ് സിദ്ദീഖ് പുറായിലിനെ ഇൻകാസ് അഡ്വൈസറി ബോർഡ് ചെയർമാനായി നിയമിച്ചിട്ടുണ്ട്. സമീർ ഏറാമല വിരുദ്ധ പക്ഷത്തായിരുന്ന ബഷീർ തുവാരിക്കൽ ഉൾപ്പെടെ ഏതാനും പേരെ എക്സിക്യൂട്ടിവിലും മറ്റ് ഭാരവാഹികളുമായി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, പുനഃസംഘടനയിൽ ഖത്തറിലെ കോൺഗ്രസ് പ്രവർത്തകർ അസംതൃപ്തരാണെന്ന് എതിരാളികൾ ആരോപണവുമായി രംഗത്തെത്തി. വിവിധ ജില്ല കമ്മിറ്റികളുടെ ഗ്രൂപ്പുകളിൽനിന്ന് പ്രവർത്തകർ വിട്ടുപോവുന്നതായും ഏകപക്ഷീയമായ തെരഞ്ഞെടുപ്പാണിതെന്നും ഇവർ ആരോപണമുന്നയിക്കുകയും ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച പുനഃസംഘടന ഫോർമുല ഫലത്തിൽ തർക്കങ്ങൾ രൂക്ഷമാക്കിയെന്നാണ് അണികൾക്കിടയിൽനിന്നുള്ള സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.