ഇൻകാസ് ഖത്തർ: ഐ.സി.സി തെരഞ്ഞെടുപ്പ് തള്ളി കെ.പി.സി.സി സർക്കുലർ
text_fieldsദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.സിയുടെ ഉത്തരവ് തള്ളി കെ.പി.സി.സി സർക്കുലർ. ഇൻകാസ് ഖത്തറുമായി ബന്ധപ്പെട്ട് സംഘടനാ തെരഞ്ഞെടുപ്പുകൾ നടത്താൻ ഒരു ഏജൻസിയെയും വ്യക്തികളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സെൻട്രൽകമ്മിറ്റി, ജില്ല കമ്മിറ്റി ഭാരവാഹികൾക്കായി ഇറക്കിയ സർക്കുലറിൽ മാതൃസംഘടനയായ കെ.പി.സി.സി വ്യക്തമാക്കി.
കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് മേയ് 30 തീയതിയിൽ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഐ.സി.സി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുമായി സഹകരിക്കുന്നതും ഭാഗമാവുന്നതും വിമത പ്രവർത്തനമായി കണക്കാക്കുമെന്നും, ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചുകൊണ്ടാണ് സർക്കുലർ പുറത്തിറക്കിയത്. ഇൻകാസ് ഖത്തറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അതുവരെ, നിലവിലെ പ്രസിഡന്‍റായി കെ.പി.സി.സി അധ്യക്ഷൻ പ്രഖ്യാപിച്ച സമീർ ഏറാമല തന്നെ തുടരുമെന്നും അറിയിച്ചു.
സർക്കുലർ ഇങ്ങനെ:
'ഇൻകാസ് ഖത്തറുമായി ബന്ധപ്പെട്ട് സംഘടനാ തെരഞ്ഞെടുപ്പുകൾ നടത്തുവാൻ ഒരു വിധത്തിലുള്ള ഏജൻസിയെയും വ്യക്തികളെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് കെ.പി.സി.സി നേതൃത്വം അറിയിക്കുന്നു. ഇൻകാസുമായി ബന്ധപ്പെട്ട എല്ലാ തെരഞ്ഞെടുപ്പുകളും നടത്തുവാനുള്ള അധികാരം കെ.പി.സി.സി നേതൃത്വത്തിന് മാത്രമാണുള്ളത്. സംഘടനാ സംവിധാനത്തെ അസ്ഥിരപ്പെടുത്തുവാനുള്ള ഒരു പ്രവർത്തനത്തെയും കെ.പി.സി.സി അംഗീകരിക്കുകയില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഇൻകാസ് ഖത്തർ അംഗങ്ങൾ പങ്കുചേരരുത്. അങ്ങനെ പങ്കുചേരുന്നത് തികഞ്ഞ അച്ചടക്ക ലംഘനമായി കണക്കാക്കും. കെ.പി.സി.സി സർക്കുലറിന് വിപരീതമായി പ്രവർത്തിച്ചുകൊണ്ട് തെരഞ്ഞെടുപ്പുമായി സഹകരിച്ച് വിമത പ്രവർത്തനം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടി കൈകൊള്ളുമെന്നും അറിയിക്കുന്നു'.
വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇൻകാസ്, ഒ.ഐ.സി.സി സംഘടനകളിൽ ഐക്യകണ്ഠേന കമ്മിറ്റികൾ രൂപം കൊള്ളാത്തിടത്ത് ജനാധിപത്യ രീതിയിൽ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി മീറ്റിങ്ങുകൾ എത്രയും പെട്ടന്ന് വിളിച്ചു ചേർക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.