ഇൻകാസ് ഖത്തർ പുനഃസംഘടിപ്പിച്ചു; സമീർ ഏറാമല പ്രസിഡന്‍റായി തുടരും
text_fieldsദോഹ: നിലവിലെ പ്രസിഡന്‍റ് സമീർ ഏറാമലയെ തൽസ്ഥാനത്ത് നിലനിർത്തി ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനാണ് ഇതുസംബന്ധിച്ച് തീരുമാനം അറിയിച്ചത്. കാലാവധി കഴിഞ്ഞതിനു പിന്നാലെ, പ്രസിഡന്‍റ് രാജി സന്നദ്ധത അറിയിച്ചതായും എന്നാൽ അദ്ദേഹത്തെതന്നെ നിലനിർത്താൻ കെ.പി.സി.സി തീരുമാനിച്ചതായും കെ. സുധാകരൻ അറിയിച്ചു. പ്രസിഡന്‍റ് പദവിയിൽ സമീർ ഏറാമലക്ക് രണ്ടാം ഊഴമാണിത്.
പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും മനുഷ്യത്വപരമായ പ്രവർത്തനം കാഴ്ചവെച്ച് ഇൻകാസിനു നേതൃത്വം നൽകി മാതൃകയായതിന് അംഗീകാരമായും വിഭാഗീയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായുമാണ് നിലവിലെ പ്രസിഡന്റിനെതന്നെ നിലനിർത്തി സംഘടന പുനഃസംഘടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് എസ്. നായരെയും അഡ്വൈസറി ബോർഡ് ചെയർമാനായി സിദ്ദീഖ് പുറായിലിനെയും നിയമിച്ചു. മുഹമ്മദലി പൊന്നാനി, അൻവർ സാദത്ത് എന്നിവരാണ് വർക്കിങ് പ്രസിഡൻറുമാർ. ട്രഷററായി ജോർജ് അഗസ്റ്റിനെയും ജോയന്‍റ് ട്രഷററായി നൗഷാദ് ടി.കെയെയും നിയമിച്ചു.
നിയാസ് ചെരിപ്പത്ത്, വിപിൻ പാലോളികണ്ടി, ഡേവിസ് എടശ്ശേരി എന്നിവർ വൈസ് പ്രസിഡന്‍റുമാർ. അഞ്ച് ജനറൽ സെക്രട്ടറിമാരെയും എട്ട് സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റി കെ.പി.സി.സി പ്രഖ്യാപിച്ചത്. 19 എക്സിക്യൂട്ടിവ് അംഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും പ്രാതിനിധ്യവും അതോടൊപ്പം പ്രവർത്തന പരിചയമുള്ളവരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിൽ കോൺഗ്രസ് വെല്ലുവിളി നേരിടുമ്പോൾ, സംഘടന രംഗത്ത് അച്ചടക്കം പാലിച്ചും പുതിയ കമ്മിറ്റിയെ അംഗീകരിച്ചും പ്രവർത്തകർ പിന്തുണ നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് ആഹ്വാനം ചെയ്തു. വിമതപ്രവർത്തനവും അച്ചടക്കലംഘനവും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍റെ പേരിലാണ് പുനഃസംഘടന നോട്ടീസ് ഇറങ്ങിയത്.
ജനറൽ സെക്രട്ടറിമാർ: സിറാജ് പാലൂർ, കരീം നടക്കൽ, നിഹാസ് കൊടിയേരി, മനോജ് കൂടാൽ, കേശവ് ദാസ്. സെക്രട്ടറിമാർ: ഫാസിൽ വടക്കേകാട്, ഷിബു സുകുമാരൻ, മുസ്തഫ ഈണം, ആരിഫ് പയന്തോങ്ങിൽ, പ്രദീപ് കൊയിലാണ്ടി, മുനീർ വെളിയങ്കോട്, സോണി സെബാസ്റ്റ്യൻ, ശംസുദ്ദീൻ ഇസ്മായിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.