വിമാന യാത്രനിരക്ക് വർധന; എയർലൈൻ ചൂഷണം തടയാൻ സർക്കാർ ഇടപെടണം -പ്രവാസി കൂട്ടായ്മകൾ
text_fieldsദോഹ: ഗൾഫ് സെക്ടറിൽ നിലനിൽക്കുന്ന അമിതമായ വിമാനയാത്ര നിരക്ക് ലക്ഷക്കണക്കിന് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും അരക്ഷിതമാക്കുന്നതാണെന്ന് പ്രവാസി സംഘടനകളും വിവിധ ജില്ല - പ്രാദേശിക കൂട്ടായ്മകളും സാമൂഹിക-സാംസ്കാരിക-മാധ്യമ - ബിസിനസ് രംഗങ്ങളിലെ പ്രമുഖരും ഒപ്പുവെച്ച സംയുക്ത പ്രസ്താവന അഭിപ്രായപ്പെട്ടു. ഓണം, പെരുന്നാൾ, ക്രിസ്മസ് ആഘോഷ വേളകളിലും വേനലവധിക്ക് സ്കൂളുകൾ അടക്കുന്നസമയത്തും വലിയ പ്രവാസിചൂഷണമാണ് എയർലൈൻ കമ്പനികൾ നടത്തുന്നത്.
കൂടുതല്‍ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് ചെറിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നതും അയാട്ടക്ക് കീഴിലെ ട്രാവല്‍ ഏജന്‍സികള്‍ അമിത വിലക്ക് വില്‍ക്കാനായി സീസണുകളില്‍ നേരത്തെതന്നെ ഗ്രൂപ് ടിക്കറ്റുകള്‍ എടുക്കുന്നതും ദുരിതത്തിന്റെ ആഴം വർധിപ്പിക്കുകയും ചൂഷണത്തിന് സൗകര്യമൊരുക്കുകയും ചെയ്യുന്നുവെന്നും പ്രസ്താവന അഭിപ്രായപ്പെട്ടു.
തൊഴിൽതേടി വിദേശങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിവിധ വിദേശരാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ വർധനവിന്റെ തോതനുസരിച്ച് ആ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസിന്റെ സീറ്റ് കാലാനുസൃതമായി വർധിപ്പിക്കണമെന്നും കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ടിൽനിന്നുമുള്ള അന്താരാഷ്ട്രവിമാനങ്ങൾ എയർപോർട്ട് കപ്പാസിറ്റിക്കനുസരിച്ച് വിപുലപ്പെടുത്തണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിലും എയർലൈൻ കമ്പനികളിലും നിക്ഷിപ്തമാണെന്നിരിക്കെ ആ തലത്തിൽ സമ്മർദം ശക്തമാക്കുന്നതിനുതകുംവിധം ഇന്ത്യൻ വ്യോമയാനമന്ത്രാലയവും ഡി.ജി സി.എയും വിഷയത്തിൽ ഇടപെടേണ്ടതുണ്ട്.
രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ യാത്രാപ്രശ്നം മറ്റ് കാര്യങ്ങളിലെന്നപോലെ അവര്‍തന്നെ പിരിവെടുത്ത് പരിഹരിക്കപ്പെടേണ്ട ഒന്നല്ല. എല്ലാവര്‍ഷവും അവധിക്കാലത്തേക്ക് കൂടുതല്‍ വിമാന സർവിസുകള്‍ നടത്താനുള്ള സംവിധാനം സര്‍ക്കാര്‍തലത്തില്‍ ഉണ്ടാവണം. ടിക്കറ്റ് നിരക്കിന് പരിധി നിര്‍ണയിക്കണം. ഇതിനായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടു വരുകയും ഇന്ത്യയിലെ ആഭ്യന്തര വിമാന സർവിസുകളിൽ ഡി.ജി.സി.എ ക്ക് നിയന്ത്രണമുള്ളതുപോലെ അന്താരാഷ്ട്ര സർവിസുകളിലും നിയന്ത്രണം കൊണ്ടുവരാൻ കഴിയുംവിധം നിയമനിർമണം നടത്തുകയും വേണം എന്നും പ്രസ്താവന ആവശ്യപ്പെട്ടു.
ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹ്മാൻ, അഡ്വ. നിസാർ കോച്ചേരി, പി.എൻ. ബാബുരാജൻ, ഹൈദർ ചുങ്കത്തറ (ഇൻകാസ് ഖത്തർ), മുനീഷ് എ.സി (കൾചറൽ ഫോറം), എ.വി. അബൂബക്കർ അൽഖാസിമി (കേരള കൾചറൽ സെന്റർ), ഖാസിം ടി.കെ (സി.ഐ.സി ഖത്തർ), അജിത് പിള്ള (യുവകലാസാഹിതി), ഓമനക്കുട്ടൻ (ഇന്ത്യൻ മീഡിയ ഫോറം), കെ.എൻ. സുലൈമാൻ മദനി (ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഷാജി ഫ്രാൻസിസ് (വൺ ഇന്ത്യ), മുനീർ സലഫി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ) തുടങ്ങി വിവിധ സംഘടനാഭാരവാഹികളും പൊതു പ്രവർത്തകരും പ്രസ്താവനയിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.