വൃക്കരോഗികളുടെ വർധന: ഡയാലിസിസ് സേവനം വർധിപ്പിച്ച് എച്ച്.എം.സി
text_fieldsദോഹ: വൃക്കരോഗത്തിന്‍റെ അവസാന ഘട്ടത്തിലെത്തിയ രോഗികളുടെ എണ്ണം വർധിച്ചതായും പ്രതിവർഷം ഏകദേശം 250 പുതിയ ഡയാലിസിസ് രോഗികൾ ചികിത്സക്കായെത്തുന്നെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി). ഡയാലിസിസ് ആവശ്യമായ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ഡയാലിസിസ് സേവനവും എച്ച്.എം.സി അധികരിപ്പിച്ചിട്ടുണ്ട്.
നിലവിൽ 1050 വൃക്കരോഗികൾ ഹീമോഡയാലിസിസ് സേവനം ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം 275 രോഗികൾ പെരിറ്റോണിയൽ ഡയാലിസിസിനും വിധേയമാകുന്നുണ്ട്. രോഗികളിൽ അധികപേരും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായുള്ള വെയിറ്റിങ് ലിസ്റ്റിലാണുള്ളത്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് രോഗത്തിനുള്ള യഥാർഥ ചികിത്സ എന്ന തിരിച്ചറിവിലാണ് രോഗികളുടെ കാത്തിരിപ്പെന്ന് എച്ച്.എം.സി കിഡ്നി ട്രാൻസ്പ്ലാൻറ് കൺസൽട്ടൻറ് ഡോ. മുഹമ്മദ് അൽകാദി പറഞ്ഞു.
ഡയലൈസർ എന്ന പ്രത്യേക ഉപകരണത്തോടെയുള്ള ഡയാലിസിസ് ഉപകരണമാണ് ഹീമോ ഡയാലിസിസിനുള്ളത്. രക്തത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതാണ് ഡയലൈസർ. ആഴ്ചയിൽ മൂന്നു ദിവസമാണിതിന്‍റെ സേവനം. എന്നാൽ, പെരിറ്റോണിയൽ ഡയാലിസിസിലൂടെ രക്തം ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഫഹദ് ബിൻ ജാസിം കിഡ്നി സെൻററിൽ 92 ഡയാലിസിസ് സ്റ്റേഷനുകളാണുള്ളത്. 50 ശതമാനം രോഗികളും ഇവിടെയാണ് ഡയാലിസിസിനെത്തുന്നത്. പ്രതിവാരം 550 രോഗികൾ ഇവിടെ എത്തുന്നതായി ഡോ. അൽകാദി പറയുന്നു. ഹമദ് ജനറൽ ആശുപത്രി, അൽഖോർ ആശുപത്രി, അൽവക്റ ആശുപത്രി, ഹസം മിബൈരീക് ആശുപത്രി എന്നിവിടങ്ങളിലും അൽ ശഹാനിയ, അൽ ശമാൽ ഹെൽത്ത് സെൻററുകളിലുമാണ് മറ്റ് ഡയാലിസിസ് സ്റ്റേഷനുകൾ.
പ്രമേഹം, ഹൈപർടെൻഷൻ എന്നിവയാണ് ഗുരുതരമായ 70 ശതമാനം വൃക്കരോഗത്തിനും കാരണമെന്നും അൽകാദി ചൂണ്ടിക്കാട്ടി. അതേസമയം, 2021ൽ ഖത്തറിലെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ വൻ വർധന രേഖപ്പെടുത്തിയതായി എച്ച്.എം.സി നേരത്തേ അറിയിച്ചിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനയാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലുണ്ടായിരിക്കുന്നത്. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ അവയവദാന, അവയവ മാറ്റിവെക്കൽ പരിപാടിയിലുണ്ടായ വളർച്ചയുടെ ഫലമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.