ഖത്തർ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ എണ്ണത്തിൽ വർധന
text_fieldsദോഹ: ഈ വർഷം ജൂണിൽ ഖത്തറിലെ തുറമുഖങ്ങളിലെത്തിയ കപ്പലുകളുടെ എണ്ണത്തിൽ 28 ശതമാനം വർധന രേഖപ്പെടുത്തി. 2022 മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ 274 കപ്പലുകളാണ് വിവിധ തുറമുഖങ്ങളിലായി ഖത്തറിലെത്തിയത്.
മവാനി ഖത്തർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഹമദ്, ദോഹ, റുവൈസ് തുറമുഖം എന്നിവിടങ്ങളിലായി ജൂൺ മാസത്തിൽ കണ്ടെയ്നറുകൾ, കാലികൾ, കെട്ടിട നിർമാണ വസ്തുക്കൾ എന്നിവയിൽ യഥാക്രമം ഒരു ശതമാനം, 332 ശതമാനം, 11 ശതമാനം വർധന രേഖപ്പെടുത്തിയതായി വ്യക്തമാക്കി.
മൂന്ന് തുറമുഖങ്ങളിലായി 1,18,081 കണ്ടെയ്നറുകൾ, 1,01,415 ടൺ ജനറൽ കാർഗോ, 6506 വാഹനങ്ങൾ, 25,600 കാലികൾ, 35,469 ടൺ ബിൽഡിങ് മെറ്റീരിയലുകൾ എന്നിവയാണ് കഴിഞ്ഞ മാസം എത്തിയത്. ക്യു ടെർമിനൽസ് കണക്കുകൾ പ്രകാരം ഹമദ് തുറമുഖത്ത് മാത്രം 122 കപ്പലുകൾ എത്തി. 1,15,297 കണ്ടെയ്നറുകളും 6447 വാഹനങ്ങളും ഹമദ് തുറമുഖത്ത് എത്തി.
ലോകത്തിലേക്കുള്ള ഖത്തറിന്റെ കവാടം എന്നറിയപ്പെടുന്ന ഹമദ് തുറമുഖത്ത് കഴിഞ്ഞ വർഷം 15 ലക്ഷം ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. അതേവർഷം തന്നെ 2,67,284 ടൺ ബൾക്ക് കാർഗോ, 13,03,514 ടൺ േബ്രക്ക് ബൾക്ക് കാർഗോ എന്നിവയും തുറമുഖത്തിലെ ജനറൽ കാർഗോ ടെർമിനൽ വഴിയെത്തിയതായി ക്യൂടെർമിനൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
2020നെ അപേക്ഷിച്ച് ഹമദ് തുറമുഖത്തിന് 2021 ഏറെ തിരക്ക് പിടിച്ച വർഷമായിരുന്നു. 15,43,591 ടൺ ട്വൻറി ഫൂട്ട് ഇക്വാലൻറ് യൂനിറ്റ് (ടി.ഇ.യു) കണ്ടെയ്നറുകളാണ് തുറമുഖത്തെത്തിയത്. 2020ൽ 1600 കപ്പലുകൾ തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ കഴിഞ്ഞ വർഷം 1750 കപ്പലുകളാണെത്തിയത്.
ഹമദ് തുറമുഖത്തിലെ കണ്ടെയ്നർ ടെർമിനൽ രണ്ടിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങൾ പൂർണശേഷിയിൽ ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഇത് പ്രതിവർഷം തുറമുഖത്തിന്റെ ആകെ ടി.ഇ.യു മൂന്ന് ദശലക്ഷമാക്കി ഉയർത്തുന്നതിൽ വലിയ പങ്ക് വഹിക്കും.
ആഗോള കപ്പൽ ഗതാഗതം തേടുന്ന അത്യാധുനികവും പരിസ്ഥിതി സൗഹൃദ, സാങ്കേതികത്തികവോട് കൂടിയ സംവിധാനങ്ങളാണ് ടെർമിനൽ രണ്ടിൽ സ്ഥാപിച്ചിരിക്കുന്നത്. ഖത്തറിന്റെ മേഖലാതലത്തിലെ വാണിജ്യ വ്യാപ്തി വർധിപ്പിക്കുക, മേഖലയിലെ ബിസിനസ് ഹബ്ബ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഖത്തറിന്റെ കുതിപ്പിന് കരുത്തുപകരുക തുടങ്ങിയവ ഹമദ് തുറമുഖ വികസനപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെ പൂർണമായും ഖത്തറിൽ നിർമിച്ച വസ്തുക്കളും സാമഗ്രികളുമാണ് ടെർമിനൽ 2െൻറ നിർമാണത്തിൽ 70 ശതമാനവും ഉപയോഗിച്ചിരിക്കുന്നത്. നാല് ഘട്ടമായാണ് കണ്ടെയ്നർ ടെർമിനൽ2 നിർമിക്കുക.
624 മീറ്റർ നീളത്തിൽ 3,80,000 ചതുരശ്ര മീറ്ററാണ് ടെർമിനൽ 2ന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ ആകെ വിസ്തൃതി. മൂന്ന്, നാല് ഘട്ടം കൂടി പൂർത്തിയാകുന്നതോടെ പ്രാദേശിക വിപണിയുടെ ആവശ്യം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ചതും പ്രവർത്തനനിരതവുമായ തുറമുഖങ്ങളിൽ ഹമദ് തുറമുഖത്തിന് ഈയിടെ മൂന്നാം റാങ്ക് ലഭിച്ചിരുന്നു. 2021ലെ ലോകബാങ്ക്, എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇൻറലിജൻസിന്റെ 370 അംഗ കണ്ടെയ്നർ തുറമുഖ പ്രകടന സൂചികയിലാണ് ഹമദ് തുറമുഖം റാങ്കിങ്ങിൽ മുന്നിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.