ജൂലൈയിൽ സന്ദർശക പ്രവാഹമെന്ന് റിപ്പോർട്ട്
text_fieldsദോഹ: കടുത്ത ചൂടുകാലമായ ജൂലായ് മാസത്തിലും ഖത്തറിലേക്കുള്ള സന്ദർശകരുടെ ഒഴുക്കിൽ കുറവുണ്ടായില്ലെന്ന് റിപ്പോർട്ട്. ഏറ്റവും പുതിയ പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) റിപ്പോർട്ട് പ്രകാരം ജൂലൈ മാസത്തിൽ 2.88 ലക്ഷം സന്ദർശകർ ഖത്തറിലെത്തിയെന്നാണ് റിപ്പോർട്ട്. 2023 ജൂൺ മാസത്തെ അപേക്ഷിച്ച് 2.1 ശതമാനം വർധനവ് രേഖപ്പെടുത്തിയതായും പ്രതിവർഷ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 91.4 ശതമാനം വർധനവാണ് സന്ദർശകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നതെന്നും പി.എസ്.എ ചൂണ്ടിക്കാട്ടി.
ഖത്തറിലെത്തിയ സന്ദർശകരിൽ 47 ശതമാനം പേരും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും, ആകെ സന്ദർശകരിൽ 58 ശതമാനം പേരും വ്യോമമാർഗം ഖത്തറിലെത്തിയതായും പി.എസ്. എ പുറത്തുവിട്ട പ്രതിമാസ സ്ഥിതിവിവരക്കണക്ക് ബുള്ളറ്റിനിൽ വ്യക്തമാക്കി.
ജൂൺ മാസത്തെ അപേക്ഷിച്ച് ഈ വർഷം ജൂലൈയിൽ ഖത്തർ തുറമുഖങ്ങളിലെത്തിയ കപ്പലുകളുടെ എണ്ണത്തിൽ 5.1 ശതമാനം വർധനവുണ്ടായതായും ആകെ കപ്പലുകളുടെ ആകെ ടണ്ണേജ് 3.7 ശതമാനം വർധിച്ചതായും പി.എസ്.എ സൂചിപ്പിച്ചു. പരിക്കുകളില്ലാത്ത വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ മാസത്തിൽ 595 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതിമാസക്കണക്കിൽ 3.9 ശതമാനം കുറവും മുൻവർഷത്തെ അപേക്ഷിച്ച് 14.3 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആകെ വാഹനാപകടങ്ങളിൽ 93 ശതമാനം കേസുകളിലും നിസ്സാര പരിക്കുകളാണ് രേഖപ്പെടുത്തിയത്. അഞ്ച് ശതമാനം ഗുരുതര പരിക്കുകളും വാഹനാപകടങ്ങളെത്തുടർന്ന് രേഖപ്പെടുത്തി. പി.എസ്.എ റിപ്പോർട്ട് പ്രകാരം ജൂലൈ മാസത്തിലുണ്ടായ വാഹനാപകടങ്ങളിൽ 13 പേർ മരണപ്പെട്ടതായും ഇത് ആകെ അപകടങ്ങളിൽ രണ്ടു ശതമാനത്തിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
2023 ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ മാസത്തിൽ 9.7 ശതമാനം അധിക വൈദ്യുതി ഉൽപാദിപ്പിച്ചതായും ഉപയോഗത്തിൽ 10 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ജൂലൈ മാസത്തിൽ 5657 പുതിയ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. പ്രതിമാസാടിസ്ഥാനത്തിൽ 14.2 ശതമാനം കുറവും മുൻവർഷത്തെ അപേക്ഷിച്ച് 2.9 ശതമാനം കുറവുമാണിത്. ജൂലൈ മാസത്തിൽ 634 കെട്ടിട അനുമതികൾ നൽകി. മുൻ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 1.1 ശതമാനം കുറവും വാർഷികാടിസ്ഥാനത്തിൽ 15.3 ശതമാനം വർധനവും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.