കുതിച്ചുയർന്ന് വിമാനയാത്രക്കാർ
text_fieldsദോഹ: വിമാനയാത്രക്കാരുടെ എണ്ണത്തിലും വിമാന നീക്കത്തിലും വളർച്ച രേഖപ്പെടുത്തി ഖത്തറിന്റെ വ്യോമയാന മേഖല. കഴിഞ്ഞ വർഷം ഒക്ടോബറിലെ സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യംചെയ്യുമ്പോൾ ഏറ്റവും പുതിയ റിപ്പോർട്ടുകൾപ്രകാരം 2023 ഒക്ടോബറിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഖത്തർ സിവിൽ ഏവിയേഷൻ എക്സ് പ്ലാറ്റ്ഫോമിൽ പുറത്തുവിട്ട കണക്കുകൾപ്രകാരം വിമാനങ്ങളുടെ ചലനത്തിൽ 23.1 ശതമാനം വർധനയുണ്ടായി. 22,686 വിമാനങ്ങളാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. 2022 ഒക്ടോബറിൽ ഇത് 18,427 മാത്രമായിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒക്ടോബറിൽ 27.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. നാലു ദശലക്ഷത്തിലധികം യാത്രക്കാരാണ് കഴിഞ്ഞ മാസം ഖത്തറിലെത്തിയത്. 2022 ഒക്ടോബറിൽ 30 ലക്ഷത്തിലധികം യാത്രക്കാരെയായിരുന്നു രേഖപ്പെടുത്തിയത്.
സെപ്റ്റംബറിലും 26 ശതമാനത്തിലധികം യാത്രക്കാരെ രേഖപ്പെടുത്തിയതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.അതേസമയം, എയർ കാർഗോ വിഭാഗത്തിൽ ഒക്ടോബറിൽ 10.2 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ 1,93,686 ടണ്ണുമായി താരതമ്യംചെയ്യുമ്പോൾ 2023 ഒക്ടോബറിൽ 2,13,398 ടൺ എയർ കാർഗോ ആയി ഉയർന്നു. വിമാനങ്ങളുടെ ചലനത്തിലും യാത്രക്കാരുടെ എണ്ണത്തിലും എയർ കാർഗോ വിഭാഗത്തിലും സെപ്റ്റംബർ മാസത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദോഹ എക്സ്പോ 2023, മറ്റ് അന്താരാഷ്ട്ര കോൺഫറൻസുകൾ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര പരിപാടികൾക്ക് രാജ്യം ആതിഥേയത്വം വഹിക്കുന്നത് ഖത്തർ സന്ദർശിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.