ഖത്തർ: സന്ദർശകരുടെ എണ്ണത്തിൽ മികവിന്റെ വർഷം
text_fieldsദോഹ: ഈ വർഷത്തെ ആദ്യ പകുതിയിൽ രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 28 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട്. ആറു മാസത്തിനിടെ 26 ലക്ഷത്തിലധികം സന്ദർശകരാണ് ഖത്തറിലെത്തിയത്. അയൽരാജ്യമായ സൗദിയിൽനിന്നാണ് സന്ദർശകർ ഏറെയുമെത്തിയത്.
ആകെ സന്ദർശകരിൽ 29 ശതമാനവും അയൽരാജ്യത്തുനിന്ന് തന്നെയാണ്. ഖത്തർ ടൂറിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം എ.എഫ്.സി ഏഷ്യൻ കപ്പ് ആദ്യ പകുതിയിലെ സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധനവിൽ വലിയ പങ്കു വഹിച്ചു.
ആകെ സന്ദർശകരിൽ 51 ശതമാനം പേർ വിമാന മാർഗം രാജ്യത്തെത്തിയപ്പോൾ 40 ശതമാനം പേർ കരമാർഗവും, ഒമ്പത് ശതമാനം കടൽ മാർഗവുമെത്തി. സൗദി അറേബ്യയിൽനിന്ന് മാത്രം ഏഴര ലക്ഷത്തിലധികം സന്ദർശകർ ഖത്തർ സന്ദർശിച്ചെന്ന് ഖത്തർ ടൂറിസം അറിയിച്ചു.
സൗദി അറേബ്യക്ക് പിറകിൽ എട്ട് ശതമാനം സന്ദർശകരുമായി ഇന്ത്യയാണ് രണ്ടാമത്. ബഹ്റൈൻ, ബ്രിട്ടൻ, കുവൈത്ത്, ഒമാൻ, ജർമനി, അമേരിക്ക, യു.എ.ഇ, ഇറ്റലി എന്നിവിടങ്ങളിൽനിന്നും സന്ദർശകർ കൂടുതലായി ഖത്തറിലെത്തി. വമ്പൻ കായിക മേളകൾ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിലുള്ള പരിപാടികൾ ഖത്തറിലെ വിനോദസഞ്ചാര മേഖലയിൽ വലിയ ഉണർവുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ഫിഫ ലോകകപ്പ്, ജനീവ അന്താരാഷ്ട്ര മോട്ടോർ ഷോ, ഫോർമുല വൺ, വെബ് സമ്മിറ്റ്, ഖത്തർ സാമ്പത്തിക ഫോറം തുടങ്ങിയ മെഗാ ഇവന്റുകൾ ഇതിൽ പ്രധാനപ്പെട്ടതാണ്. ലോകകപ്പ് മുതൽ ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഖിതൈഫാൻ ദ്വീപുകൾ പോലെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉയർന്നുവന്നു.
പുതിയ ഹോട്ടലുകൾ, പാർക്കുകൾ എന്നിവയും വളർച്ചയും ടൂറിസത്തിന് പ്രധാനമായി മാറി. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ഇന്ന് ഈ വർഷം 90.8 ബില്യൻ റിയാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന നൽകുമെന്നും ഇത് രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് 11.3 ശതമാനം സംഭാവന നൽകുമെന്നും സമീപകാല റിപ്പോർട്ടുകളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.