ത്രിവർണമണിഞ്ഞ് ഖത്തർ
text_fieldsദോഹ: സ്വതന്ത്ര ഇന്ത്യയുടെ 75ാം വാർഷികവും സ്വാതന്ത്ര്യദിനവും സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ പ്രവാസ സമൂഹം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അബൂ ഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വൻജനക്കൂട്ടത്തെ സാക്ഷിനിർത്തിയായിരുന്നു ഇന്ത്യൻ എംബസി നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം. രാവിലെ ഏഴിന് അംബാസഡർ ഡോ. ദീപക് മിത്തൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 'ജന ഗണ മന....' ഉയർന്നുകേട്ട അന്തരീക്ഷത്തിൽ ത്രിവർണ ശോഭയിലായിരുന്നു സ്വാതന്ത്ര്യദിന പ്രഭാതം. തുടർന്ന് ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ അംബാസഡർ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായിപോരാടിയ ധീരദേശാഭിമാനികളെ സ്മരിച്ചും, അന്താരാഷ്ട്ര തലത്തിൽ യശസ്സുയർത്തുന്ന രാജ്യത്തിന്റെ വിവിധ മേഖലകളിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും, യുവാക്കളുടെയും സ്ത്രീകളുടെയും മുന്നേറ്റങ്ങൾ ചൂണ്ടികാണിച്ചുമായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം.
ഇന്ത്യ-ഖത്തർ ബന്ധത്തെ കുറിച്ച് വിശദീകരിച്ചും, ഖത്തറിന്റെയും ഇന്ത്യയുടെയും മുന്നേറ്റത്തിൽ ഏഴു ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ സേവനങ്ങളെ അഭിനന്ദിച്ചും അംബാസഡർ സംസാരിച്ചു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 90ൽ ഏറെ പരിപാടികൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി എംബസിയുടെയും അപെക്സ് സംഘടനകളുടെയും നേതൃത്വത്തിൽ നടന്നുവെന്നും, രാജ്യത്തെ ഓരോ ഇന്ത്യക്കാരും അഭിമാനിക്കാവുന്നതാണ് ഇതെന്നും അംബാസഡർ പറഞ്ഞു. ഖത്തറിലെ ഓരോ ഭാഗങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാരനും അമൃത്മഹോത്സവത്തിലും പങ്കാളിയായെന്നും അദ്ദേഹം വ്യക്തമാക്കി.
'ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ ആൽഥാനി എന്നിവർക്ക് നന്ദി അറിയിക്കുന്നു. രണ്ടാമത്തെ വീടായി ഖത്തറിനെ പരിഗണിക്കുന്ന ഓരോ ഇന്ത്യക്കാരും അഭിമാനമാണ് ഇവിടത്തെ നേതൃത്വം. രാജ്യത്തുള്ള ഓരോ ഇന്ത്യക്കാരന്റെ ക്ഷേമത്തിനും സേവനത്തിനുമായി എംബസി എപ്പോഴും പ്രവർത്തന സജ്ജമാണ്. 'ഇന്ത്യ ഇൻ ഖത്തർ' മൊബൈൽ ആപ്ലിക്കേഷനും, പ്രവാസി ഭാരതീയ സഹായ കേന്ദ്ര ഹെൽപ് ലൈനും എല്ലാവരെയും എപ്പോഴും എംബസിയുമായി ബന്ധിപ്പിക്കുന്നത്. 24 മണിക്കുറും ഇവ സേവന സജ്ജവുമാണ്' -അംബാസഡർ പറഞ്ഞു. വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ ഇന്ത്യക്കാരുടെ സേവനം ശ്രദ്ധേയമാണ്. 50,000ത്തോളം പേർ വളന്റിയർ സേവനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരിൽ വലിയൊരു പങ്കും ഇന്ത്യക്കാരായുണ്ട്. ലോകകപ്പ് സേവനത്തിനുള്ള ഏറ്റവും വലിയ സമൂഹമായി ഇന്ത്യക്കാർ മാറിയതിൽ ഖത്തറിലെ പ്രവാസി സമൂഹത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു -അംബാസഡർ പറഞ്ഞു.
ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് മെഡലുകളും അംബാസഡർ വിതരണം ചെയ്തു. ശ്രീലങ്ക, ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെെട ആറ് പേരാണ് ഖത്തറിൽ നിന്നും വിജയികളായത്. തുടർന്ന് ദേശഭക്തി ഗാനങ്ങൾ ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഐ.സി.സി, ഐ.ബി.പി.സി, ഐ.സി.ബി.എഫ്, ഐ.സി.എഫ് ഭാരവാഹികൾ, വിവിധ കമ്യൂണിറ്റി സംഘടന പ്രതിനിധികൾ ഉൾപ്പെടെ വിവിധ സംസ്ഥാനക്കാർ സ്വാതന്ത്ര്യദിന പരിപാടികളിൽ പങ്കെടുത്തു.
ദോഹ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ രാവിൽ ത്രിവർണമണിഞ്ഞ് ഖത്തറിന്റെ പ്രധാന കേന്ദ്രങ്ങൾ. ഖത്തറിന്റെയും ഇന്ത്യയുടെയും ദേശീയ പതാകയും ആഗസ്റ്റ് 15 എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയുമായിരുന്നു ലുസൈലിലെ അൽ ജാബിർ ഇരട്ട ടവർ ഇന്ത്യക്ക് ആദരം അർപ്പിച്ചത്. പ്രശസ്തമായ ഷെറാട്ടൺ ഹോട്ടലിലും ദേശീയ പതാക തെളിഞ്ഞു. ഇന്ത്യൻ എംബസി കെട്ടിടത്തിൽ കൂറ്റൻ ത്രിവർണ ബലൂൺ ആകാശത്തിലുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.