സ്വാതന്ത്ര്യദിനപ്പുലരി...
text_fieldsദോഹ: ഓരോ ഇന്ത്യക്കാരനും ആത്മാഭിമാനം പകരുന്ന സ്വാതന്ത്ര്യദിനപ്പുലരി. ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ 76ാം വാർഷികവും, 77ാം സ്വാതന്ത്ര്യദിനാഘോഷവും ഖത്തറിലെ ഇന്ത്യൻ പ്രവാസ സമൂഹത്തിനും ആവേശദിനം. ത്രിവർണ പതക ഉയർത്തി, ദേശഭക്തിയോടെ കടലിനിക്കരെ നിന്നും രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരുകയാണ് ഇന്ത്യൻ പ്രവാസികളും.
ഇന്ത്യൻ എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് ഇന്ത്യൻ കൾച്ചറൽ സെന്ററാണ് വേദിയാവുന്നത്. രാവിലെ 6.45ന് അംബാസഡർ വിപുൽ ദേശീയപതാക ഉയർത്തും. ദേശീയ ഗാനാലാപനം, ഇന്ത്യൻ പ്രസിഡൻറിന്റെ സന്ദേശം എന്നിവയോടെയാവും ചടങ്ങുകൾ നടക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് എംബസിയുടെ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളില്‍ (https://www.facebook.com/IndianEmbassyQatar) തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വേനലവധി സ്കൂളുകളിൽ പ്രവൃത്തിദിനങ്ങൾ ആരംഭിച്ചിട്ടില്ലെങ്കിലും വിവിധ ഇന്ത്യൻ സ്കൂളുകളിലും ദേശീയപതാക ഉയർത്തും.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ആസാദി കാ അമൃത് മഹോത്സവിന്റെയും ഭാഗമായി ഇന്ത്യൻ കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന ‘രാഗ ഉത്സവ്’ ബുധനാഴ്ച ഐ.സി.സി അശോക ഹാളിൽ അരങ്ങേറും. ഹിന്ദുസ്ഥാന സംഗീത പ്രതിഭകളായ സചിൻ പട്വർധൻ, ഹേമന്ദ് മഖർ എന്നിവരാണ് രാഗ് ഉത്സവ് അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.