സ്വാതന്ത്ര്യ സ്മരണയിൽ സ്കൂളുകളിൽ ആഘോഷം
text_fieldsദോഹ: ധീരദേശാഭിമാനികളെ സ്മരിച്ചും പുതുതലമുറയിലേക്ക് ദേശസ്നേഹം പകർന്നും ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷം. വേനലവധി കഴിഞ്ഞ് ചൊവ്വാഴ്ചയായിരുന്നു സ്കൂളുകളിലെ ആദ്യ പ്രവൃത്തി ദിനമെങ്കിലും തിങ്കളാഴ്ച രാവിലെതന്നെ പ്രൗഢഗംഭീരമായ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടന്നു.
എം.ഇ.എസ് സ്കൂൾ
ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ എം.ഇ.എസ് ഗവേണിങ് ബോർഡ് പ്രസിഡന്റ് ഡോ. നജീബ് കെ.പി ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന പോരാട്ടങ്ങളെ അനുസ്മരിച്ച് വിദ്യാർഥികൾക്ക് സന്ദേശം നൽകി. പ്രിൻസിപ്പൽ ഹമീദ കാദർ സംസാരിച്ചു. അധ്യാപക പ്രതിനിധികളായ റിസ്വ ഫാത്തിമ സ്വാഗതവും ഐശ്വര്യ നായർ നന്ദിയും പറഞ്ഞു. ഫിയോണ മേരി ഡിക്രൂസ് ചടങ്ങുകൾ നിയന്ത്രിച്ചു. എം.ഇ.എസ് അബൂഹമർ ബ്രാഞ്ചിൽ ഡോ. നജീബ് കെ.പി ദേശീയ പതാക ഉയർത്തി. എ.പി ഖലീൽ മുഖ്യാതിഥിയായിരുന്നു. വിദ്യാർഥികളുടെ ദേശഭക്തി ഗാനവും ചരിത്ര സ്മരണകളുണർത്തിയ ഫാൻസി ഡ്രസും ഉൾപ്പെടെ വിവിധ പരിപാടികളും അരങ്ങേറി.
ഐഡിയൽ ഇന്ത്യൻ സ്കൂൾ
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രസിഡന്റ് ഡോ. ഹസ്സൻകുഞ്ഞി ദേശീയ പതാക ഉയർത്തി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യസമര സേനാനികൾ ജീവൻ ബലിയർപ്പിച്ച് നേടിയ രാജ്യത്തിന്റെ പരമാധികാരം ഓരോ ഭാരതീയനും അഭിമാനമുണർത്തുന്നതാണെന്നും ഓരോ പൗരന്റെയും സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും ഡോ. ഹസൻകുഞ്ഞു മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ ശൈഖ് ഷമിം സാഹബ് സംസാരിച്ചു.
പൊഡാർ പേൾ സ്കൂൾ
പൊഡാർ പേൾ സ്കൂൾ അൽ മെഷാഫ് കാമ്പസിൽ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് സാം മാത്യു ദേശീയ പതാക ഉയർത്തി. ബോർഡ് ഓഫ് ഡയറക്ടർമാർ, അധ്യാപകർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.
നോബിൾ ഇന്റർനാഷനൽ സ്കൂൾ
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നോബിൾ ഇൻറർനാഷനൽ സ്കൂളിൽ സ്വാതന്ത്ര്യദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, സ്കൂൾ ട്രഷറർ ഷൗക്കത്തലി താജ് എന്നിവർ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും ചെയ്തു. പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് സ്വാഗതം ആശംസിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അമിതമായ ഉപയോഗത്തിൽനിന്ന് പുതുതലമുറയെ കാര്യപ്രാപ്തിയുള്ള തലമുറയായി വാർത്തെടുക്കാൻ അധ്യാപകർക്ക് കഴിയട്ടെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച നൃത്തം, നൃത്തേതരം തുടങ്ങിയ ദേശീയോത്ഗ്രഥന പരിപാടികൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മാറ്റ് വർധിപ്പിച്ചു. സ്കൂൾ സെക്രട്ടറി വി.സി മഷൂദ്, സ്കൂൾ ട്രാൻസ്പോർട്ടേഷൻ ഡയറക്ടർ മൊയ്ദീൻ ആർ.എസ്, വൈസ് പ്രിൻസിപ്പൽ അക്കാദമിക് ജയ്മോൻ ജോയ്, വൈസ് പ്രിൻസിപ്പൽ അഡ്മിനിസ്ട്രേഷൻ റോബിൻ കെ ജോസ്, ഹെഡ് ഓഫ് സെക്ഷൻസ് നിസാർ കെ, ഹാജറ ബാനു, അസ്മ റോഷൻ, സി.സി.എ കോഓഡിനേറ്റർ മുഹമ്മദ് ഹസ്സൻ എന്നിവർ സന്നിഹിതരായി. നോബിൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.