ത്രിവർണശോഭയിൽ സ്വാതന്ത്ര്യദിനാഘോഷം
text_fieldsദോഹ: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ പ്രവാസി സമൂഹം. ഇന്ത്യൻ കൾചറൽ സെന്ററിൽ വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തിയായിരുന്നു ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം. രാവിലെ ഏഴിന് അംബാസഡർ വിപുൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
‘ജന ഗണ മന...’ ഉയർന്നുകേട്ട അന്തരീക്ഷത്തിൽ ത്രിവർണ ശോഭയോടെ ദോഹയിലും സ്വാതന്ത്ര്യദിന പ്രഭാതം വിടർന്നു. അപെക്സ് ബോഡി ഭാരവാഹികളും കമ്യൂണിറ്റി നേതാക്കളും എംബസി ഉദ്യോഗസ്ഥരും പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ഐ.സി.സി അശോക ഹാളിൽ നടന്ന സമ്മേളനത്തിൽ അംബാസഡർ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി പോരാടിയ ധീരദേശാഭിമാനികളെ സ്മരിച്ചും അന്താരാഷ്ട്ര തലത്തിൽ യശസ്സുയർത്തുന്ന രാജ്യത്തിന്റെ വിവിധ മേഖലകളിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും യുവാക്കളുടെയും സ്ത്രീകളുടെയും മുന്നേറ്റങ്ങൾ ചൂണ്ടിക്കാണിച്ചുമായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം.
അംബാസഡർ പദവിയിൽ സ്ഥാനമേറ്റതിന്റെ സന്തോഷം വിപുൽ പങ്കുവെച്ചു. ഒരാഴ്ച മുമ്പ് ദോഹയിലെത്തുകയും തിങ്കളാഴ്ച വിദേശകാര്യ സഹമന്ത്രിക്ക് അധികാരപത്രം നൽകി ചുമതലയേൽക്കുകയും ചെയ്ത് തൊട്ടടുത്ത ദിനം ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞതിലെ സന്തോഷം അംബാസഡർ അറിയിച്ചു.
ഇന്ത്യ-ഖത്തർ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുകയും ഖത്തറിന്റെയും ഇന്ത്യയുടെയും മുന്നേറ്റത്തിൽ ഏഴു ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ സേവനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനും പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും പിതാവ് അമീർ ഹമദ് ബിൻ ഖലീഫ ആൽഥാനിക്കും അദ്ദേഹം നന്ദി അറിയിച്ചു.
ലോകമെങ്ങുമുള്ള പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരത സർക്കാറും അതീവ ജാഗ്രത പാലിക്കുന്നതായും, ഖത്തറിലെ ഏതൊരു ഇന്ത്യക്കാരന്റെ പ്രശ്നങ്ങളും ആവശ്യങ്ങളിലും എംബസിയും ഉദ്യോഗസ്ഥരും മുൻനിരയിലുണ്ടാവുമെന്നും അംബാസഡർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഏതുവഴിയും സേവനങ്ങൾക്കായി എംബസിയുമായി ബന്ധപ്പെടാവുന്നതാണ് -അദ്ദേഹം പറഞ്ഞു.
എംബസിയുടെ സേവനങ്ങൾ പ്രവാസി സമൂഹത്തിലെത്തിക്കുന്നതിൽ ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളുടെയും സംഘടനകളുടെയും പങ്ക് നിർണായകമാണെന്ന് വിശേഷിപ്പിച്ച അംബാസഡർ, അപെക്സ് ബോഡി ഭാരവാഹികളെയും അഭിനന്ദിച്ചു. തുടർന്ന് ദേശഭക്തിഗാനങ്ങളും നൃത്തപരിപാടികളും അരങ്ങേറി. ഐ.സി.സി, സ്കിൽഡ് ഡെവലപ്മെൻറ്സ് സെന്റർ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ, മഹാരാഷ്ട്ര മണ്ഡൽ അംഗങ്ങൾ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ നന്ദി പറഞ്ഞു.
ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, പ്രവാസി ഭാരതീയ പുരസ്കാർ ജേതാക്കൾ, അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ കമ്യൂണിറ്റി സംഘടന പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസി ഇന്ത്യക്കാർ തുടങ്ങിയവരും സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.