ഇന്ത്യ @ 75 ഭാരതം, അഭിമാന പൂരിതം
text_fieldsഖത്തറിലെ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ. രാജ്യത്തെ ഇന്ത്യൻ സമൂഹത്തിന് കരുതലും കാവലുമായി നിൽക്കുന്ന ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതൃഅമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി എന്നിവർക്ക് നന്ദിയും കടപ്പാടും അറിയിക്കാൻ ഇത് അവസരമായി കാണുന്നു.
ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പൂർത്തിയാക്കി ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇതിെൻറ ഭാഗമായി കഴിഞ്ഞ മാർച്ച് 12ന് ഇന്ത്യയിൽ 'ആസാദി കാ അമൃത് മഹോത്സവി'ന് നാന്ദികുറിച്ചിരുന്നു. ഇതിെൻറ ഭാഗമായി യോഗ, രക്തദാന ക്യാമ്പ്, മരം വെച്ചുപിടിപ്പിക്കൽ, സ്പോർട്സ്, സംവാദ സദസ്സുകൾ തുടങ്ങിയ പരിപാടികൾ ഖത്തറിലും സംഘടിപ്പിച്ചുവരികയാണ്. ഖത്തർ സർക്കാറും രാജ്യത്തെ ഇന്ത്യൻ സമൂഹവും ആവേശപൂർവം അമൃത് മഹോത്സവിെൻറ ഭാഗമാകുന്നത് സന്തോഷകരമാണ്.
നമ്മുടെ മുൻഗാമികൾ ദീർഘദർശനം ചെയ്തപോലെ കൃഷി, ഐ.ടി, വിദ്യാഭ്യാസം, ബഹിരാകാശം, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ്, എൻജിനീയറിങ്, സുരക്ഷിത ഊർജം, റോബോട്ടിക്സും നിർമിത ബുദ്ധിയുമുൾപ്പെടെ അത്യാധുനിക സാങ്കേതികത തുടങ്ങിയ മേഖലകളിൽ രാജ്യം വലിയ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. ഊർജസുരക്ഷ ഉൾപ്പെടെ ഈ മേഖലകളിലൊക്കെയും ഖത്തർ ഇന്ത്യയുടെ വലിയ ചുവടുകളിൽ കരുത്തുറ്റ പങ്കാളിയായിരുന്നുവെന്നത് ശുഭോദർക്കമാണ്.
നൂറ്റാണ്ടുകളായി ഇന്ത്യയും ഖത്തറും ഊഷ്മളവും സ്നേഹമസൃണവുമായ സൗഹൃദം സൂക്ഷിക്കുന്നുണ്ട്. സമാനതകളില്ലാത്ത മഹാമാരി കാലത്ത് പ്രധാനമന്ത്രി മോദിയും ബഹുമാന്യനായ അമീറും തമ്മിൽ ഉന്നതതല ബന്ധം നിലനിർത്തിയിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഈ വർഷം രണ്ടു തവണ ഖത്തറിലെത്തി. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ഏപ്രിൽ 13ന് നടന്ന റെയ്സിന സംഭാഷണത്തിൽ പങ്കാളിയായി.
ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, സാംസ്കാരികം, ആരോഗ്യം, സാങ്കേതികത തുടങ്ങിയ മേഖലകളിൽ ബഹുമുഖ ഉഭയകക്ഷി സൗഹൃദം കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ രൂഢമായിട്ടുണ്ട്. വ്യാപാര- നിക്ഷേപ മേഖലകളിൽ അനുസ്യൂതം ഇത് കുതിപ്പിെൻറ വഴിയിലുമാണ്. കയറ്റുമതിയിൽ ഖത്തറിൻറ ഏറ്റവും വലിയ മൂന്നാമത്തെ പങ്കാളിയാണ് ഇന്ത്യ. ഇറക്കുമതിയിലും ആദ്യ മൂന്നിൽ ഇന്ത്യയുണ്ട്. 2020-21ൽ 921 കോടി ഡോളറിെൻറ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്. ഊർജ മേഖലയിലെ സഹകരണം സമഗ്ര ഊർജ പങ്കാളിത്തമായി വളർത്താൻ ഇരുവശത്തും ശ്രമങ്ങൾ സജീവമാണ്. അടിസ്ഥാന സൗകര്യവികസനം, ഐ.ടി, ഊർജം തുടങ്ങി ഖത്തർ ലോകകപ്പ് 2022 ഒരുക്കങ്ങളിൽ വരെ ഖത്തറിലെ ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്.
കഴിഞ്ഞ ജൂലൈയിൽ നടന്ന പ്രഥമ ഖത്തർ സാമ്പത്തിക ഫോറത്തിൽ ശക്തമായ ഇന്ത്യൻ സാന്നിധ്യം കണ്ടിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വ്യവസായ ഭീമന്മാരായ ടാറ്റ, റിലയൻസ്, ഭാരതി എയർടെൽ, ബിർള തുടങ്ങിയവരൊക്കെയും എത്തി. പ്രതിരോധ, സുരക്ഷ മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം പുതിയ തലങ്ങളിലേക്ക് വളരുന്നത് പ്രതീക്ഷ നൽകുന്നു. ഖത്തർ തീരത്ത് കഴിഞ്ഞ ആഴ്ചയാണ് ഇരു രാജ്യങ്ങളും പങ്കാളികളായി നാവികസേന അഭ്യാസം നടന്നത്.
ഉഭയകക്ഷി സൗഹൃദത്തെ എന്നും കരുത്തോടെ നിർത്തിയത് പൗരന്മാർക്കിടയിൽ നിലനിന്ന ബന്ധമാണ്. അന്ന്, ആരംഭകാലത്ത് ഖത്തറിൽനിന്നുള്ള അറബിപ്പായ്ക്കപ്പലുകളായിരുന്നു ഇരുതീരങ്ങൾ താണ്ടാൻ സഹായകമായത്. പതിറ്റാണ്ടുകളിലൂടെ അവ വളർന്ന് സാംസ്കാരിക മാരുതൻ സഹായിച്ച് കൂടുതൽ കരുത്തുറച്ചിരിക്കുന്നു ആ ബന്ധം. ഖത്തർ ജീവിതത്തെ അടയാളപ്പെടുത്തിയ വൈവിധ്യപൂരിതവും ചലനാത്മകവും ബഹുഭാഷ- സംസ്കാര നിബദ്ധവുമായ ഇന്ത്യൻ സമൂഹം തന്നെ ഈ ഊഷ്മളതയുടെ പതാക വാഹകരാണ്.
വിദ്യാഭ്യാസ രംഗത്തെ സഹകരണം പ്രശസ്തമാണ്. 18 ഇന്ത്യൻ വിദ്യാലയങ്ങളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. സാവിത്രിഭായി ഫൂലെ യൂനിവേഴ്സിറ്റി ഓഫ് കാമ്പസ് ഉടൻ ഖത്തറിൽ തുടങ്ങുകയാണ്.
രാജ്യത്തിെൻറ വികസനത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. ഇവിടെ ജീവിക്കുന്ന ഇന്ത്യക്കാർക്ക് ഖത്തർ അവരുടെ രണ്ടാം ഭവനമാണ്. ഇന്ത്യക്കാർ ഖത്തറിെൻറ വികസനത്തിൽ വഹിക്കുന്ന മഹത്തായ പങ്ക് അറിയുന്നതിൽ അംബാസഡറെന്ന നിലക്ക് അഭിമാനം തോന്നുന്നു. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നൽകിയ ഇളവുകൾക്കും കുടുംബ വിസ അനുവദിച്ചതിനും ഇന്ത്യൻ സമൂഹത്തിെൻറ നന്ദിയും കടപ്പാടും ഞാൻ അറിയിക്കുകയാണ്. 75ാം സ്വാതന്ത്ര്യദിനത്തിൽ ഒരിക്കലൂടെ ഖത്തറിലെ ഇന്ത്യക്കാർക്ക് ഞാൻ ഹൃദയംനിറഞ്ഞ ആശംസ നേരുന്നു. ഖത്തറിെൻറയും ഇന്ത്യയുടെയും വളർച്ചയിൽ അവർ അർപ്പിക്കുന്ന പങ്കിന് നന്ദിയോതുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.