ഇന്ത്യ-ഖത്തർ ഭായ് ഭായ്
text_fieldsഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും തമ്മിൽ കരാർ കൈമാറുന്നു
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 10 വർഷത്തെ ഇടവേളക്കുശേഷം വീണ്ടും ഇന്ത്യ സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബന്ധം കൂടുതൽ ദൃഢമാകും.
ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റാനുള്ള സുപ്രധാന കരാറിൽ ഖത്തറും ഇന്ത്യയും ഒപ്പുവെച്ചതോടെ വ്യാപാര, നിക്ഷേപ, ഊർജ, സുരക്ഷാ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ആഴത്തിലുള്ളതാക്കാനും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും വഴിയൊരുങ്ങും. മറ്റു ജി.സി.സി രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നിവയുമായി നിലവിൽ ഇന്ത്യക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ട്.
ഉഭയകക്ഷി സംഭാഷണത്തെതുടർന്ന് പരസ്പര സഹകരണത്തിനായി രണ്ടു കരാറുകളും അഞ്ചു ധാരണപത്രങ്ങളും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അതിൽ ആദ്യ കരാർ നയതന്ത്ര പങ്കാളിത്തത്തിനും രണ്ടാമത്തേത് ഇരട്ടനികുതി ഒഴിവാക്കുന്നതിനുമുള്ളതാണ്. സാമ്പത്തിക പങ്കാളിത്തത്തിനും പുരാവസ്തു, കായികം, യുവജനക്ഷേമം എന്നീ മേഖലകളിൽ സഹകരണത്തിനുമാണ് ധാരണപത്രങ്ങൾ ഒപ്പുവെച്ചത്.
രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കിയ അത്താഴ വിരുന്നിൽ അമീറും ഖത്തറിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ച ഔദ്യോഗിക സംഘവും പങ്കെടുത്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ബി.ജെ.പി ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ജെ.പി. നഡ്ഡ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി.
രാത്രി ഖത്തറിലേക്ക് മടങ്ങിയ അമീറിനെ യാത്രയാക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ അൽ ജാബിർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തർ എംബസി ഉദ്യോഗസ്ഥർ എന്നിവരും അമീറിനെ യാത്രയാക്കാൻ ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം അമീറിനെ അനുഗമിച്ചിരുന്നു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ചർച്ച നടത്തുന്നു
അമീറിന്റെ ഇന്ത്യ സന്ദർശന നേട്ടങ്ങൾ
കരാറുകളുടെ/ധാരണ, പത്രങ്ങളുടെ പട്ടിക, ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാർ, ഇരട്ടനികുതി ഒഴിവാക്കുന്നതിനും ആദായനികുതിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുമുള്ള പുതുക്കിയ കരാർ, ഖത്തർ-ഇന്ത്യ ധനകാര്യ മന്ത്രാലയങ്ങൾ തമ്മിൽ സാമ്പത്തിക സഹകരണം സംബന്ധിച്ച ധാരണപത്രം, ഇരുരാജ്യങ്ങളുടെയും കായിക യുവജന മന്ത്രാലയങ്ങൾ തമ്മിൽ യുവജന കായിക മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രം, ഇന്ത്യൻ നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ, നാഷനൽ ആർക്കൈവ്സ് ഓഫ് ഖത്തർ എന്നിവ തമ്മിൽ ഡോക്യുമെന്റുകളുടെയും ആർക്കൈവുകളുടെയും മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രം, ഇൻവെസ്റ്റ് ഇന്ത്യയും ഇൻവെസ്റ്റ് ഖത്തറും തമ്മിൽ സഹകരണത്തിനുള്ള ധാരണപത്രം, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ഖത്തരി ബിസിനസ്മെൻ അസോസിയേഷനും തമ്മിലുള്ള ധാരണപത്രം
തന്ത്രപരമായ പങ്കാളിത്ത കരാർ
ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുക
ഉഭയകക്ഷി സംവിധാനങ്ങൾ
വിദേശകാര്യ മന്ത്രിമാരുടെയും വാണിജ്യ വ്യവസായ മന്ത്രിമാരുടെയും തലത്തിലുള്ള രണ്ട് സംയുക്ത മന്ത്രിതല കമീഷനുകൾ
വ്യാപാരവും നിക്ഷേപവും
അടിസ്ഥാന സൗകര്യം, ടെക്നോളജി, മാനുഫാക്ചറിങ്, ഭക്ഷ്യസുരക്ഷ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, പരസ്പര താൽപര്യമുള്ള മേഖലകൾ എന്നിവയിൽ ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ. ഇക്കാര്യത്തിൽ 10 ബില്യൻ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിൽ ഓഫിസ് തുറക്കാൻ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ) തീരുമാനം, 2030ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ഇരുപക്ഷവും ലക്ഷ്യമിടുന്നു, ഇന്ത്യ-ഖത്തർ സ്വതന്ത്ര വ്യാപാര കരാർ പര്യവേക്ഷണം ചെയ്യാൻ ഇരുപക്ഷവും സമ്മതിച്ചു, ഖത്തർ നാഷനൽ ബാങ്ക് (ക്യു.എൻ.ബി) പോയന്റ് ഓഫ് സെയിൽസിൽ ഇന്ത്യയുടെ യു.പി.ഐ പ്രവർത്തനവത്കരണം, ഗിഫ്റ്റ് സിറ്റിയിൽ ഓഫിസ് സ്ഥാപിച്ച് ഖത്തർ നാഷനൽ ബാങ്കിന്റെ ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കും
ഊർജ പങ്കാളിത്തം
വ്യാപാരത്തിലൂടെയും പരസ്പര നിക്ഷേപങ്ങളിലൂടെയും ഉൾപ്പെടെ ഇന്ത്യ-ഖത്തർ ഊർജ പങ്കാളിത്തം ആഴത്തിലാക്കുക.
മറ്റുള്ളവ
ഖത്തർ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ സൗകര്യം വിപുലീകരിക്കുന്നു, ഇന്ത്യയും ഖത്തറും സമീപഭാവിയിൽ സാംസ്കാരിക, സൗഹൃദ, കായികവർഷം ആഘോഷിക്കാൻ സമ്മതിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.