സഹകരണം ശക്തമാക്കി ഇന്ത്യ-ഖത്തർ
text_fieldsദോഹ: ഇന്ത്യ- ഖത്തർ ബന്ധം വിവിധ മേഖലകളിൽ ശക്തിപ്പെട്ടതായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. നയതന്ത്രം, വാണിജ്യം, വ്യാപാരം, സാംസ്കാരികം ഉൾപ്പെടെ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലെ പരസ്പര സഹകരണവും ബന്ധവും ശക്തിപ്പെട്ടതായി എംബസി ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ -ഖത്തർ ബന്ധത്തിലെ സുപ്രധാനമായ ജോ.കമീഷൻ യോഗത്തിന്റെ ഭാഗമായ മന്ത്രിതല കൂടിക്കാഴ്ച ഈ വർഷം പകുതിയോടെ നടക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയിൽ ഇതു സംബന്ധിച്ച് ധാരണയായി. വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപകരും ഉൾപ്പെടെയുള്ള പ്രതിനിധി സംഘങ്ങളുടെയും ചർച്ച നടക്കും. സുരക്ഷ, പ്രതിരോധം, വിദ്യാഭ്യാസം, സാംസ്കാരികം, വ്യാപാരം, വിനോദ സഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ കഴിഞ്ഞ കാലങ്ങളിൽ വളർച്ചയുണ്ടായി.
ഇന്ത്യയും, ഖത്തറും തമ്മിലെ കയറ്റുമതി-ഇറക്കുമതി മേഖലകളിലും നേട്ടമുണ്ടായി. കഴിഞ്ഞ ഏപ്രിൽ 10 മുതൽ ഡിസംബർ വരെയുള്ള ഒമ്പത് മാസത്തെ കണക്കുപ്രകാരം വ്യാപാര മേഖലയിൽ 1030 കോടി ഡോളറിന്റെ ഇടപാട് നടന്നു. അതിൽ 900 കോടി ഡോളർ ഖത്തറിൽനിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയായിരുന്നു. പെട്രോളിയം, പ്രകൃതി വാതക ഇറക്കുമതിയാണ് ഏറെയും. 130 കോടി ഡോളർ വരെ ഇന്ത്യയിൽ നിന്നും ഖത്തർ ഇറക്കുമതി ചെയ്തു.
കോവിഡ് മഹാമാരിയുടെ തിരിച്ചടിക്കിടയിലും ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര-വാണിജ്യ പങ്കാളിത്തം ശക്തിപ്പെട്ടു. വരും വർഷങ്ങളിൽ ഇത് കൂടുതൽ സജീവമാക്കാനാണ് ശ്രമം. ഇതിനു പുറമെ നിക്ഷേപ മേഖലയിലും കൂടുതൽ വളർച്ച ലക്ഷ്യമിടുന്നു.
ഖത്തർ ഫിനാൻഷ്യൽ സെന്ററിൽ രജിസ്റ്റർ ചെയ്യുന്ന ഇന്ത്യൻ കമ്പനികളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചു. 35 പുതിയ കമ്പനി കൂടി രജിസ്റ്റർ ചെയ്തതോടെ ആകെ ഇന്ത്യൻ കമ്പനികളുടെ എണ്ണം 150 ആയി. ഖത്തർ ഫ്രീസോൺ അതോറിറ്റിക്കു കീഴിൽ 35 ഇന്ത്യൻ കമ്പനികൾ രജിസ്റ്റർ ചെയ്തു.
ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപവും വർധിച്ചു. 2020 മാർച്ച് മുതലുള്ള കണക്ക് പ്രകാരം ഇത്തരം നിക്ഷേപം അഞ്ചു മടങ്ങായി. ഇരു രാജ്യങ്ങൾക്കുമിടയിലെ വർധിച്ച നിക്ഷേപ- സൗഹൃദ അന്തരീക്ഷത്തിന്റെ സൂചനയാണിത്. വ്യാപാര-വാണിജ്യ മന്ത്രാലയങ്ങളുടെ പരസ്പര സഹകരണത്തിനായി വർക്കിങ് ഗ്രൂപ് തയാറാക്കി പ്രവർത്തനം സജീവമാക്കി. ഖത്തറിന്റെ സാസ്കാരിക ആഘോഷമായ മിഡിൽഈസ്റ്റ് നോർത് ആഫ്രിക്ക ആൻഡ് സൗത് ഏഷ്യ (മെനാസ) പരിപാടിയിൽ ഇന്ത്യയും ഭാഗമാവും. 'പാസേജ് ടു ഇന്ത്യ'എന്ന പേരിൽ ഇന്ത്യൻ ടൂറിസം വകുപ്പുമായി സഹകരിച്ച് പരിപാടി ഒരുക്കും -അംബാസഡർ കൂട്ടിച്ചേർത്തു.
ഇന്ത്യക്കാരുടെ ക്ഷേമത്തിനൊപ്പം
ഏഴര ലക്ഷത്തോളം ജനങ്ങളുമായി ഖത്തറിലെ വലിയ പ്രവാസി സമൂഹമായി മാറിയ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഇന്ത്യൻ എംബസി സജീവമായി രംഗത്തുണ്ടെന്നും സാങ്കേതിക സംവിധാനങ്ങളുടെ കൂടി സഹായത്തിൽ മികച്ച സേവനം നൽകുന്നതായും അംബാസഡർ പറഞ്ഞു. കോൺസുലാർ സേവനങ്ങളും മറ്റുമായി എംബസി സജീവമാണ്. കഴിഞ്ഞ വർഷം മാത്രം 60,000 പാസ്പോർട്ട് അനുവദിച്ചു. വിദ്യാഭ്യാസ, തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കുള്ള 27,000 അറ്റസ്റ്റേഷൻ സർവിസ് പൂർത്തിയാക്കി. 10,000 ത്തോളം പൊലീസ് ക്ലിയറന്സ് സർവിസുകളും നൽകി. കോവിഡ് കാലത്ത് പലസേവനങ്ങളും മന്ദഗതിയിലായെങ്കിലും കഴിഞ്ഞ വർഷം കോവിഡ് പൂർവകാലത്തെ പോലെ സജീവമായിരുന്നു. ഇനി ഈ വർഷം കൂടുതൽ മികവോടെ എല്ലാ മേഖലയിലേക്കും പ്രവർത്തനം സജീവമാവും.
ഐ.സി.ബി.എഫുമായി സഹകരിച്ച് തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് കൂടുതൽ കോൺസുലാർ കാമ്പുകളും പ്രതിമാസങ്ങളിലെ ഓപൺ ഹൗസുകളും പ്രവാസികൾക്ക് ഉപകാരമായി. എംബസി സേവനങ്ങൾ വിരൽ തുമ്പിലെത്തുന്ന 'ഇന്ത്യ ഇൻ ഖത്തർ'മൊബൈൽ ആപ്ലിക്കേഷന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കോൺസുലാർ പരാതികൾക്കും, ആവശ്യങ്ങൾക്കുമായി ഖത്തറിലെ ഓരോ ഇന്ത്യക്കാരനും ഈ ആപ് ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു. ഇതിനു പുറമെ, പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്റെ ഭാഗമായി '4495 3500'എന്ന നമ്പറിൽ ഹെൽപ് ലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചു വരെ ഈ നമ്പറിൽ വിളിച്ച് സഹായം തേടാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ ഹെൽപ്ലൈൻ നമ്പർ സേവനം ലഭ്യമാവും. എംബസി വെബ്സൈറ്റ് വഴി (https://www.indianembassyqatar.gov.in/ ) മൊബൈൽ ചാറ്റ് ഫീച്ചറും ലഭ്യമാണ്. അടിയന്തര സേവനം ഉറപ്പാക്കാനായി എമർജൻസി അപോയ്മെന്റ് സർവിസിനും പ്രവാസികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 20,000ത്തോളം പേർ കഴിഞ്ഞ വർഷം അടിയന്തര സേവനം ഉപയോഗിച്ചു. കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ പരിഗണന നൽകിയായിരുന്നു സേവനം. ഓൺലൈനായും അല്ലാതെയും നടക്കുന്ന ഓപൺ ഹൗസ് സാധാരണക്കാർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഫലപ്രദമാവുന്നു. കഴിഞ്ഞായാഴ്ച മാത്രം നടന്ന ഓപൺ ഹൗസിൽ 250ഓളം പരാതി ലഭിച്ചു. അവയിൽ പരമാവധി കേസുകളിൽ പരിഹാരം നിർദേശിക്കാൻ കഴിഞ്ഞു.
ഇന്ത്യൻ കമ്യുണിറ്റി വെൽഫയർ ഫണ്ട് വഴി നാട്ടിലേക്ക് മടങ്ങാനും, കേസ് നടപടികളും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി 18 ലക്ഷം രൂപ ചിലവഴിച്ചു. ഇത് ആയിരത്തിലേറെ പേർ ഉപയോഗപ്പെടുത്തി - അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.