വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ-ഖത്തർ
text_fieldsദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ രൂപവത്കരിച്ച സംയുക്ത വർക്കിങ് ഗ്രൂപ്പിന്റെ ആദ്യയോഗം ഖത്തറിലെ ദോഹയിൽ നടന്നു.
വ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ സംരക്ഷണം, കൃഷി, ഭക്ഷ്യസുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളിലെ വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളിലെയും നിക്ഷേപാവസരങ്ങളിൽ മറ്റേ രാജ്യത്തെ സ്വകാര്യ മേഖലക്ക് മികച്ച അവസരം നൽകാനും തീരുമാനമായി.
ആറുമാസം കൂടുമ്പോൾ വർക്കിങ് കമ്മിറ്റി യോഗം ചേരും. ഇന്ത്യ ഖത്തറിന്റെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. കഴിഞ്ഞ വർഷത്തെ ഉഭയകക്ഷി വ്യാപാരം 13.5 ബില്യൻ ഡോളറാണ്. 20,000ത്തിലധികം ഇന്ത്യൻ കമ്പനികൾ ഖത്തറിൽ പ്രവർത്തിക്കുന്നു. നിരവധി സംയുക്ത സംരംഭങ്ങളുമുണ്ട്. തടസ്സങ്ങൾ നീക്കി വ്യാപാരം സുഗമമാക്കുക, കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുക, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് സേവനങ്ങൾ, ട്രാൻസിറ്റ് സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുക, പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായാണ് സംയുക്ത വർക്കിങ് ഗ്രൂപ് രൂപവത്കരിച്ചത്.
ഖത്തർ ജനസംഖ്യയിൽ 26 ശതമാനം ഇന്ത്യക്കാരാണ്. എട്ടുലക്ഷത്തിലധികമാണ് ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ.
കഴിഞ്ഞ മാസം കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഖത്തർ സന്ദർശിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഉൾപ്പെടെ പ്രമുഖരുമായി ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.