ഇന്ത്യ, ലോക നെറുകയിലേക്ക്
text_fieldsഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ആഘോഷദിനമാണിന്ന്. നാം ഇന്ത്യക്കാരെ സംബന്ധിച്ച് ഏറെ ചരിത്രപ്രാധാന്യമുള്ള ദിനം. ഇന്ത്യ ഒരു സ്വതന്ത്ര, പരമാധികാര, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ട ദിനമാണ് ജനുവരി 26.
73ാം റിപ്പബ്ലിക്ദിനാഘോഷ വേളയിൽ ഖത്തറിലെ ഇന്ത്യക്കാർക്കെല്ലാം ആശംസകൾ അറിയിക്കുകയാണ്. ഖത്തറിലെ ഇന്ത്യൻ ജനതക്ക് അകമഴിഞ്ഞ പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, രാജകുടുംബത്തിലെ മറ്റംഗങ്ങൾ, ഖത്തർ സർക്കാർ, ഖത്തർ ജനത എന്നിവർക്കും ഈ വേളയിൽ ആശംസകൾ കൈമാറുകയാണ്.
മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റു, മൗലാന അബുൽ കലാം ആസാദ്, ഡോ. ബി.ആർ. അംബേദ്കർ, സി. രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭ്ഭായ് പട്ടേൽ തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും കാഴ്ചപ്പാടുകളിൽനിന്നും ചിന്തകളിൽനിന്നുമാണ് ഇന്ന് നമ്മുടെ ഭരണഘടന രൂപംകൊണ്ടിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യ രൂപംകൊണ്ട് 75 വർഷം പിന്നിടുന്ന വേളയിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിനും ഏറെ സവിശേഷതകളുണ്ട്. പുതിയൊരു ഇന്ത്യയെ ആണ് നാം ആഘോഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ, മൂന്നാമത് ആഗോള സാമ്പത്തികശക്തിയായ ഇന്ത്യയുടെ വളർച്ചയിലും ഉയർച്ചയിലും അതിന്റെ ജനതയുടെ പങ്കും വിസ്മരിച്ചുകൂടാ.
ഭാഷാവൈവിധ്യത്താലും ബഹുസ്വരതയാലും സാംസ്കാരിക വൈവിധ്യത്താലും ലോകത്തിൽതന്നെ ഇന്ത്യ വലിയ ശക്തിയായി നിലകൊള്ളുകയാണ്. മാനവികതക്ക് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. ലോകത്തെ ഒന്നടങ്കം പിടിച്ചുലച്ച കോവിഡ് മഹാമാരിക്കാലത്ത് നാം ഇന്ത്യക്കാർ അത് നേരിൽ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന പ്രമേയത്തിൽ ലോകത്തിലെ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ അവശ്യമരുന്നുകളും വാക്സിനുകളും കയറ്റിയയക്കുകയും ഇത് കോടിക്കണക്കിനാളുകളെ ജീവിതത്തിലേക്ക് തിരികെപിടിച്ച് കയറ്റുന്നതിൽ നിർണായകമാകുകയും ചെയ്തിട്ടുണ്ട്.
ലോകത്തിലെ മൂന്നാമത് മരുന്ന് ഉൽപാദകരായ ഇന്ത്യ, ഒരു വർഷം നീണ്ടുനിന്ന വാക്സിനേഷൻ കാമ്പയിനിലൂടെ 150 കോടി വാക്സിനാണ് വിതരണം ചെയ്തത്. 800 ദശലക്ഷം പേർക്ക് സൗജന്യ ഭക്ഷണവും ഇക്കാലയളവിൽ വിതരണം ചെയ്തു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തിയായ ഇന്ത്യ, കഴിഞ്ഞ വർഷം 8.4 ശതമാനം സാമ്പത്തിക വളർച്ചയാണ് കൈവരിച്ചത്.
കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക പരിഷ്കാരങ്ങൾ വളർച്ചയിൽ നിർണായക ഘടകങ്ങളായി മാറി. സാമ്പത്തിക ഇടപാടുകളിലെയും സംരംഭങ്ങളിലെയും നടപടികൾ വേഗത്തിലാക്കിയതും വളർച്ചയിൽ വലിയ പങ്കുവഹിച്ചു. നിലവിൽ ലോകത്തിൽ മൂന്നാമതാണ് സംരംഭകത്വത്തിൽ ഇന്ത്യയുടെ സ്ഥാനം. നിലവിൽ 60,000ലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ് പദ്ധതികൾ ഇന്ത്യയിലുണ്ട്.
ഇന്ത്യയിലെ ആറ് ലക്ഷത്തിലധികം ഗ്രാമങ്ങളാണ് ഒപ്റ്റിക്കൽ ഫൈബറുകളാൽ ബന്ധിപ്പിച്ചിരിക്കുന്നത്. 1.3 ട്രില്യൺ ഡോളറാണ് കണക്ടിവിറ്റി അടിസ്ഥാനസൗകര്യമേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്.
ഇന്ത്യയുടെ വസുദൈവ കുടുംബകമെന്ന ആശയത്തിൽ നിന്നും ലോകം കടം കൊള്ളുകയും അന്താരാഷ്ട്ര നയനിലപാടുകളിൽ വലിയ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. മറ്റുരാജ്യങ്ങളുമായി 900 മില്യൺ ഡോളറിന്റെ വികസന പങ്കാളിത്ത കരാറിലാണ് ഇന്ത്യ കൈകോർത്തിരിക്കുന്നത്.
ഗ്ലാസ്ഗോയിൽ നടന്ന കാലാവസ്ഥാവ്യതിയാന ഉച്ചകോടിയിൽ ഇന്ത്യയുടെ നിലപാട് മറ്റുരാജ്യങ്ങൾക്കും മാതൃകയായിരിക്കുകയാണ്. 2070ഓടെ നെറ്റ്-സീറോ കാർബൺ പ്രതിജ്ഞയും ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു.
2030ഓടെ ഇന്ത്യയുടെ ഊർജാവശ്യങ്ങളിൽ 50 ശതമാനവും പുനരുൽപാദിപ്പിക്കപ്പെടുന്ന ഊർജസ്രോതസ്സുകളിൽ നിന്നായിരിക്കും. 2021-22 കാലയളവിൽ സുരക്ഷാസമിതിയിലെ അംഗത്വവും ഇന്ത്യക്ക് മുതൽക്കൂട്ടായി. അഫ്ഗാൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് പലതലങ്ങളിലും പ്രശംസിക്കപ്പെട്ടു. 2022ലെ യു.എൻ സുരക്ഷാസമിതി ഭീകരവിരുദ്ധ സമിതിയിലെ അധ്യക്ഷപദവി ഇന്ത്യക്കായിരിക്കും. 2023ലെ ജി20 ഉച്ചകോടിയിലെ അധ്യക്ഷപദവിക്കായി ഇന്ത്യയും മുന്നിലുണ്ട്.
കരുത്തുറ്റ ഇന്ത്യ-ഖത്തർ സൗഹൃദം
ഇന്ത്യ, സ്വതന്ത്ര പരമാധികാര രാഷ്ട്രമായതിന്റെ ആഘോഷ വേളയിൽ, ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളിലായി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് ഇരുരാജ്യങ്ങളും പരസ്പരം പിന്തുണയും സഹകരണവും നൽകി നിലകൊണ്ടു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തിൽ ഖത്തർ-ഇന്ത്യ ബന്ധം കൂടുതൽ മേഖലകളിലേക്ക് വികസിച്ചു. 2020 മുതൽ ഇന്ത്യയിലെ ഖത്തർ നിക്ഷേപം അഞ്ചിരട്ടിയായി വർധിച്ചു.
50ലധികം ഇന്ത്യൻ കമ്പനിയാണ് ഖത്തറിൽ പൂർണ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നത്. 15,000ലധികം കമ്പനികൾ സംയുക്ത ഉടമസ്ഥതയിലും പ്രവർത്തിക്കുന്നു. ഖത്തറിന്റെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി രാഷ്ട്രമാണ് ഇന്ത്യ. ഖത്തറിന്റെ ഇറക്കുമതിയിൽ ആദ്യ മൂന്നിൽ ഇന്ത്യയുമുണ്ട്. പ്രതിരോധ, സുരക്ഷ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള സഹകരണബന്ധം ശക്തമാണ്.
ഇന്ത്യയും ഖത്തറും തമ്മിൽ പൂർണാടിസ്ഥാനത്തിൽ ഉഭയകക്ഷി ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ 50ാം വാർഷികം കൂടിയാണ് വരാനിരിക്കുന്ന വർഷം. ഈ സാഹചര്യത്തിൽ ബഹിരാകാശ സാങ്കേതികവിദ്യ, ഐ.ടി, സംരംഭകത്വം, നിർമിതബുദ്ധി, അക്കാദമിക, യുവജനകാര്യം എന്നീ മേഖലകളിലേക്കുകൂടി ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കാനിരിക്കുകയാണ്. ഇന്ത്യൻ-ഖത്തർ ജനതകൾ തമ്മിലെ ബന്ധം ശക്തവും ആഴത്തിലുള്ളതുമാണ്. ഏഴര ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. ഖത്തറിന്റെ സാമൂഹിക- സാമ്പത്തിക വളർച്ചയിലെ ഇന്ത്യക്കാരുടെ പങ്കിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. ഈ വർഷത്തെ ഖത്തർ ലോകകപ്പ് വിജയകരമായി പൂർത്തിയാക്കുന്നതിലും തങ്ങളുടേതായ പങ്കുവഹിക്കാൻ ഇന്ത്യൻജനത കാത്തിരിക്കുകയാണ്. കോവിഡ് മഹാമാരി വിതച്ച ദുരിതത്തിൽ ഖത്തറിലെ ഇന്ത്യൻ ജനതക്ക് നൽകിയ പിന്തുണക്കും ആശ്വാസ പ്രവർത്തനങ്ങൾക്കും ഖത്തർ സർക്കാറിനോട് കടപ്പെട്ടിരിക്കും.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച ആസാദി കാ അമൃത് മഹോത്സവ പരിപാടികളിൽ പങ്കെടുക്കുന്ന ഇന്ത്യൻ അസോസിയേഷനുകൾക്ക് ഈ വേളയിൽ നന്ദിയും ആശംസകളും അറിയിക്കുകയാണ്.
ഖത്തറിലെ ഇന്ത്യൻ ജനതയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പ്രവർത്തിക്കാൻ ഇന്ത്യൻ എംബസി പ്രതിജ്ഞാബദ്ധമാണ്. കുറഞ്ഞ വേതനക്കാരായ, ബ്ലൂ കോളർ തൊഴിലാളികൾക്ക് പ്രത്യേക പരിഗണനയും പിന്തുണയും നൽകുന്നത് തുടരും. 'ഇന്ത്യ ഇൻ ദോഹ' എന്ന മൊബൈൽ ആപ്ലിക്കേഷനും പ്രവാസി ഭാരതിയ സഹായതാ കേന്ദ്രയും അവരുമായി ആശയവിനിമയം കൂടുതൽ സാധ്യമാക്കുന്നുണ്ട്. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ തത്സമയ ചാറ്റ് സേവനവും പ്രവാസി ഭാരതീയ സഹായതാ കേന്ദ്രയിലുണ്ട്. തങ്ങളുടെ പരാതികളും നിർദേശങ്ങളും സമർപ്പിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസുകളും സംഘടിപ്പിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഈ വേളയിൽ ഒരിക്കൽ കൂടി ഖത്തറിലെ ഇന്ത്യക്കാർക്കെല്ലാം ആശംസകൾ അറിയിക്കുകയാണ്. ഖത്തറിന്റെയും ഇന്ത്യയുടെയും വളർച്ചയിലും പുരോഗതിയിലും അവർ വഹിക്കുന്ന പങ്കിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുകയാണ്. ജയ്ഹിന്ദ്
ഡോ. ദീപക് മിത്തൽ
((ഇന്ത്യൻ അംബാസഡർ-ഖത്തർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.