ലുലു ഹൈപർ മാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’
text_fieldsദോഹ: ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ് ‘ഇന്ത്യ ഉത്സവ്’സംഘടിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ലുലു ഗ്രൂപ്പിന്റെ എല്ലാ മേഖലകളിലും 10 ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഉത്സവം പുരാതന ഖത്തർ-ഇന്ത്യ വ്യാപാരബന്ധം ഉദ്ഘോഷിക്കുന്നു.
ഗുണമേന്മയുള്ള ഇന്ത്യൻ ഭക്ഷണം, രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരം, മഹത്തായ പൈതൃകം എന്നിവ ഉയർത്തിക്കാട്ടുന്നതാണ് മേള. ഇന്ത്യ ഗവൺമെന്റിന്റെ നിർദേശം കണക്കിലെടുത്ത് 2023നെ ‘ഇന്റർനാഷനൽ ഇയർ ഓഫ് മില്ലറ്റ്’(ചെറു ധാന്യങ്ങളുടെ വർഷം) എന്ന് നാമകരണം ചെയ്ത് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് വേറിട്ട ധാന്യോൽപന്നങ്ങളുടെ പ്രദർശനവും ഉണ്ട്.
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും ഭാര്യ ഡോ. അൽപ്ന മിത്തലും മദീനത്നയിലെ ബർവ ഫാമിലി ഹൗസിങ്ങിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ശ്രീലങ്കൻ അംബാസഡർ എം. മഫാസ് മൊഹിദീൻ, ശൈഖ് മുഹമ്മദ് ആൽഥാനി, ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് എന്നിവരും സംബന്ധിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ജൈവവസ്തുക്കൾ ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ ഇന്ത്യ ഉത്സവിലുണ്ട്.
ദൈനംദിന ജീവിതത്തിൽ ചെറുധാന്യങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാനുള്ള അവസരം ഒരുക്കുന്നതായും ഡോ. ദീപക് മിത്തൽ പറഞ്ഞു. പഴം, പച്ചക്കറികൾ, ഭക്ഷ്യ ഉൽപന്നം, വീട്ടുപകരണങ്ങൾ, അടുക്കള അവശ്യവസ്തുക്കൾ, പരമ്പരാഗത വസ്ത്രങ്ങൾ തുടങ്ങി 4000 ഇന്ത്യൻ ഇനങ്ങൾ ഇറക്കുമതി ചെയ്യുന്നു. എല്ലാ ലുലു സ്റ്റോറുകളിലും ഈ ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനമുണ്ട്. ബിരിയാണികൾ, കറികൾ, ജനപ്രിയ തെരുവ് ഭക്ഷണങ്ങൾ, പരമ്പരാഗത മധുരപലഹാരങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ എന്നിവയും ഉത്സവത്തിന്റെ ഭാഗമാണ്.
അന്താരാഷ്ട്ര മില്ലറ്റ് വർഷത്തോടനുബന്ധിച്ച് വാർഷിക ഉത്സവത്തിൽ അതുമായി ബന്ധപ്പെട്ട സവിശേഷ സംഗതികൾ ചേർത്തിട്ടുണ്ടെന്ന് ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. ഉത്സവത്തിലുടനീളം വിവിധ സാംസ്കാരിക പരിപാടികൾ നടക്കും. മദീനത്നയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ കലാപ്രകടനങ്ങൾ, സിനിമ ലോഞ്ച്, സ്റ്റാർ കുക്ക് തുടങ്ങിയവയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.