ലുലുവിൽ ‘ഇന്ത്യ ഉത്സവ്’ മേളക്ക് തുടക്കം
text_fieldsദോഹ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടുള്ള ഐക്യദാർഢ്യമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ആഘോഷങ്ങൾക്ക് തുടക്കമായി.
ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങളും രുചിക്കൂട്ടുകളും മുതൽ വിവിധ ഉൽപന്നങ്ങൾ, വസ്ത്ര ശേഖരങ്ങൾ എല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയാണ് ‘ഇന്ത്യ ഉത്സവ്’ കൊടിയേറിയത്. ആഗസ്റ്റ് 15ന് ബർവ സിറ്റി ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ മേള ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, കമ്യൂണിറ്റി നേതാക്കൾ, ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.ബി.പി.സി, ഐ.എസ്.സി, ഐ.ഡബ്ല്യു.എ തുടങ്ങിയ അപെക്സ് ബോഡികളുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ഇന്ത്യൻ ഷോപ്പിങ് ഉത്സവമേള ആഗസ്റ്റ് 20 വരെ തുടരും.
ഇന്ത്യയിൽനിന്നും ഇറക്കുമതി ചെയ്തതും ഇന്ത്യൻ പാരമ്പര്യമുള്ളതുമായ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ ഖത്തറിലെ ഏറ്റവും വലിയ ശേഖരമാണ് ‘ഇന്ത്യ ഉത്സവി’ന്റെ പ്രത്യേകത. നിത്യോപയോഗ വസ്തുക്കൾ, ഇറച്ചി, പഴവർഗങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യേതര വസ്തുക്കൾ, ഗാർഹിക ഉൽപന്നങ്ങൾ, ആരോഗ്യ-സൗന്ദര്യ ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ഫാഷൻ, പാദരക്ഷകൾ എന്നിവ ‘ഇന്ത്യ ഉത്സവിൽ’ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
മേളയുടെ ഭാഗമായി ‘ഇന്ത്യൻ സിൽക് ആൻഡ് എത്നിക് വെയർ ഫെസ്റ്റിൽ’ ഇന്ത്യൻ സാരികളുടെ വിപുല ശേഖരമാണുള്ളത്. പ്രകൃതിദത്തമായ പട്ടുസാരികൾ മുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വരെ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.
ജി.സി.സിയിലും ഖത്തറിലും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പ്രചാരണവും ജനകീയതയും നൽകുന്ന ലുലു ഹൈപ്പർമാർക്കറ്റിന്റെ പങ്കിനെ അംബാസഡർ അഭിനന്ദിച്ചു. വൈവിധ്യമാർന്ന ഇന്ത്യൻ ഉൽപന്നങ്ങളും ബ്രാൻഡുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉപഭോക്താക്കളിലെത്തിക്കുന്നതിൽ ‘ഇന്ത്യ ഉത്സവ്’ പ്രധാന പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കഥക്, മണിപ്പൂരി, ഒഡീഷി ഉൾപ്പെടെ പരമ്പരാഗത നൃത്തങ്ങളും അരങ്ങേറി. ഇന്ത്യ ഉത്സവ് പ്രമോഷനു പുറമെ, ഇലക്ട്രോണിക് ആൻഡ് ഗാഡ്ജറ്റ് പ്രമോഷൻ, ലുലു സേവേഴ്സ് പ്രമോഷൻ എന്നിവയും തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.