ഇന്ത്യൻ അംബാസഡർ അമീറിനെ സന്ദർശിച്ചു
text_fieldsദോഹ: രണ്ടുവർഷത്തെ സേവന കാലാവധി പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുന്ന അംബാസഡർ ഡോ. ദീപക് മിത്തൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ അമിരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിൻ ജാസിം മജ്ലിസിലായിരുന്നു ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി അമീറിനെ സന്ദർശിച്ചത്. കാലാവധി പൂർത്തിയായി മടങ്ങുന്നതിന് മുന്നോടിയായിരുന്നു സന്ദർശനം. ചിത്രങ്ങൾ അമീരി ദിവാൻ ട്വീറ്റ് ചെയ്തു. തങ്ങളുടെ സേവന കാലയളവിലെ പ്രവർത്തനങ്ങൾക്ക് അമീർ അംബാസഡറെ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണവും ഉഭയകക്ഷി ബന്ധവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് അഭിനന്ദിച്ച അമീർ, ഭാവി ചുമതലകൾക്ക് ആശംസയും നേർന്നു.
ഖത്തർ ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും അമീറിന്റെയും പിന്തുണക്ക് അംബാസഡർ നന്ദി അറിയിച്ചു. സർക്കാറിന്റെ പിന്തുണ തങ്ങളുടെ സേവനം കാര്യക്ഷമമാക്കാൻ സഹായം നൽകിയതായി അദ്ദേഹം അറിയിച്ചു.
2020 മേയിൽ ഖത്തർ അംബാസഡറായി ചുമതലയേറ്റ ഡോ. ദീപക് മിത്തൽ മൂന്നു വർഷം പൂർത്തിയാവാനിരിക്കെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇന്ത്യയും ഖത്തറും തമ്മിലെ ഉഭയകക്ഷി ബന്ധത്തിലും വ്യാപാര-വാണിജ്യ മേഖലയിലും പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങളിലും കാര്യമായ സംഭാവനകൾ ഇക്കാലയളവിൽ നൽകിയിരുന്നു.
1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഡോ. ദീപക് മിത്തൽ പ്രധാനമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായാണ് അടുത്ത ചുമതലയേൽക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ നവംബറിൽ തന്നെ പുറത്തിറങ്ങിയിരുന്നു. ഖത്തറിലെ കാലാവധി പൂർത്തിയാക്കി, ഏപ്രിലിൽ തന്നെ ഡോ. ദീപക് മിത്തൽ പ്രധാനമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി പദവിയിൽ പ്രവേശിക്കും. ഗൾഫ് ഡിവിഷൻ ജോയന്റ് സെക്രട്ടറി പദവി വഹിക്കുന്ന വിപുൽ ആയിരിക്കും ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡർ എന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.