അംബാസഡർക്ക് ഖത്തറിലേക്ക് സ്വാഗതം; വിപുൽ ദോഹയിൽ
text_fieldsദോഹ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡാറായി നിയമിതനായി വിപുൽ ഐ.എഫ്.എസ് ദോഹയിലെത്തി. ശനിയാഴ്ച ദോഹയിലെത്തിയ ഇദ്ദേഹം വിദേശകാര്യ മന്ത്രാലയം പ്രോട്ടോകോൾ ഡയറക്ടർ അംബാസഡർ ഇബ്രാഹിം യൂസുഫ് ഫഖ്റുവുമായി കൂടികാഴ്ച നടത്തി. ഖത്തറിലേക്കുള്ള പുതിയ ഇന്ത്യൻ സ്ഥാനപതിയെ അദ്ദേഹം ഹാർദവമായി വരവേറ്റു. വരും ദിവസം സ്ഥാനപത്രം കൈമാറുന്നതോടെ ഖത്തറിലെ ഇന്ത്യയുടെ അംബാസഡറായി വിപുൽ ഔദ്യോഗികമായി അധികാരമേൽക്കും.
കഴിഞ്ഞ മാർച്ചിൽ കാലാവധി പൂർത്തിയാക്കി മടങ്ങിയ മുൻ അംബാസഡർ ഡോ. ദീപക് മിത്തലിന്‍റെ പിൻഗാമിയായാണ് വിപുൽ ഖത്തറിലെത്തുന്നത്. ഗൾഫ് ഡിവിഷൻ ജോയിന്‍റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന വിപുലിനെ ഏപ്രിലിൽ തന്നെ ഖത്തറിലെ പുതിയ അംബാസഡറായി പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ഇദ്ദേഹം ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും സ്ഥാനപത്രം ഏറ്റുവാങ്ങുകയും ചെയ്തു.
ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 50ാം വാർഷിക വേളയിലാണ് ഗൾഫ് മേഖലയിൽ പ്രവർത്തന പരിചയമുള്ള വിപുൽ ദോഹയിലെ സ്ഥാനപതിയായി ചുമതലയേൽക്കുന്നത്. മുൻ അംബാസഡർ നാട്ടിലേക്ക് മടങ്ങിയ ശേഷം കോൺസുലാർ പദവി വഹിച്ച ആഞ്ജലീന പ്രേമലതയായിരുന്നു ഇന്ത്യൻ എംബസിയുടെ ചുമതലയുള്ള ഷെർഷെ ദി അഫയേഴ്സ്.
ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ആയിരുന്ന വിപുല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് ഡിവിഷന്‍ ജോയിന്‍റ് സെക്രട്ടറി ആയിരുന്നു. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഖത്തറിന്‍റെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.