രുചിവൈവിധ്യവുമായി ഇന്ത്യൻ കോഫി ഹൗസ്
text_fieldsദോഹ: ഫരീജ് അബ്ദുല്‍ അസീസിലെ ഇന്ത്യന്‍ കോഫി ഹൗസ് 16ന് വെള്ളിയാഴ്ച രാത്രി എട്ടോടെ തുറന്ന് പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ ചലച്ചിത്ര നടി മഞ്ജു വാര്യര്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ റീ ഓപ്പണിങ് നിര്‍വഹിക്കും.
നടൻ മിഥുന് രമേശ് ഉള്‍പ്പെടെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 2014 നവംബര്‍ ഒന്നിന് ആരംഭിച്ചത് മുതല്‍ ദോഹയിലെ ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് നഗര വികസനങ്ങളുടെ ഭാഗമായി മേഖലയിലെ റോഡുകള്‍ ദീര്‍ഘകാലത്തേക്ക് അടച്ചിട്ട സാഹചര്യത്തിലായിരുന്നു റസ്റ്റാറന്റ് താൽക്കാലികമായി അടച്ചത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി 16ന് ഉച്ചക്ക് 12 മുതല്‍ മൂന്ന് മണി വരെ 'സെലിബ്രേറ്റ് ഓണം വിത്ത് മഞ്ജു വാര്യര്‍ ആൻഡ് മിഥുന്' എന്ന പേരില്‍ ദോഹയിലെ മാള്‍ റൗണ്ട് എബൗട്ടിന് സമീപമുള്ള റീജന്‍സി ഹാളില്‍ ഓണസദ്യയും ആഘോഷ പരിപാടികളും സംഘടിപ്പിക്കും. ദോഹയിലെ പ്രശസ്ത കലാകാരന്മാര് അവതരിപ്പിക്കുന്ന കലാ- സാംസ്ക്കാരിക പരിപാടികളോടൊപ്പം 28 ഇനം വിഭവങ്ങളോടു കൂടിയ ഓണസദ്യയും ഉണ്ടാകും.
ടിക്കറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരാൾക്ക് 200 റിയാലും നാലുപേരുടെ ഫാമിലി ടിക്കറ്റിന് 600 റിയാലുമാണ് നിരക്ക്. ഫരീജ് അബ്ദുല്‍ അസീസിയിലുള്ള ഇന്ത്യന്‍ കോഫി ഹൗസിലും 44440902, 44440903, 55094364 എന്നീ നമ്പറുകളിലും ടിക്കറ്റുകൾ ലഭ്യമാകുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ അറിയിച്ചു.
ദോഹയിലെ അമച്വര്‍ ഷെഫുകള്ക്കായി നടത്തുന്ന ഡെസേര്‍ട്ട് മേക്കിങ് മത്സരവും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 12നോ അതിനു മുമ്പായോ റസിപ്പികള് അയക്കുന്ന ആദ്യ 20 പേര്‍ക്കായിരിക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് മഞ്ജുവാര്യർ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ കാന്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ് കമ്പനി സി.ഒ.ഒ അഹമ്മദ് കെ.ടി, പ്രോഗ്രാം കമ്മിറ്റി ചെയര്പേഴ്സൻ അല്‍ക്ക മീര സണ്ണി, ഇന്ത്യന്‍ കോഫി ഹൗസ് റസ്റ്റാറന്റ് ഓപറേഷന്‍സ് മാനേജര്‍ നാരായണന് സി, മാനേജര്‍ അനീഷ് മോന്, കസ്റ്റമര്‍ കെയര്‍ മാനേജര്‍ സൗമ്യ രാജേഷ് എന്നിവര്‍ പങ്കെടുത്തു.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.