രുചിയുടെ കലവറ തുറന്ന് ഇന്ത്യൻ കോഫി ഹൗസിന്റെ ‘അഹ്ലൻ ഖത്തർ-അഹ്ലൻ ദുബൈ’
text_fieldsദോഹ: ഖത്തറിലും ദുബൈയിലുമെത്തുന്ന യാത്രക്കാരെ കൊതിയൂറും രുചിവൈവിധ്യവുമായി സ്വാഗതംചെയ്ത് ഇന്ത്യൻ കോഫി ഹൗസ് റസ്റ്റാറന്റിന്റെ ‘അഹ്ലൻ ഖത്തർ- അഹ്ലൻ ദുബൈ’ കാമ്പയിന് തുടക്കം. ഖത്തറിലെയും ദുബൈയിലെയും ഇന്ത്യൻ ഭക്ഷണപ്രിയരുടെ ഇഷ്ട കേന്ദ്രമായ ഇന്ത്യൻ കോഫി ഹൗസ് വേറിട്ട പദ്ധതിയുമായാണ് ‘അഹ്ലൻ’ കാമ്പയിന് തുടക്കം കുറിക്കുന്നത്.
ഖത്തറിലേക്കും ദുബൈയിലേക്കുമെത്തുന്ന ഏതു രാജ്യക്കാർക്കും കൊതിയൂറും ഇന്ത്യൻ വിഭവങ്ങൾ രുചിച്ചറിയാനും ഗൃഹാതുരതയുടെ ഭക്ഷ്യാനുഭവം സമ്മാനിക്കാനുമായാണ് കാമ്പയിൻ രൂപകൽപന ചെയ്തതെന്ന് മാനേജ്മെന്റ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സന്ദർശകരായും താമസക്കാരായും രാജ്യത്തിന് പുറത്തു നിന്ന് ഖത്തറിലോ ദുബൈയിലോ എത്തുന്നവർക്ക് ‘അഹ്ലൻ’ കാമ്പയിനിൽ പങ്കെടുത്ത് 25 ഖത്തർ റിയാൽ- യു.എ.ഇ ദിർഹം മൂല്യമുള്ള സൗജന്യ ഭക്ഷണ കൂപ്പൺ സ്വന്തമാക്കാം. യാത്രചെയ്ത് എത്തുന്നവർ https://ahlan.indiancoffeehouseonline.com/ എന്ന ഓൺലൈൻ ലിങ്കില്‍ യാത്രചെയ്യുന്ന ആളുടെ മുഴുവൻ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇ-മെയിൽ, ടിക്കറ്റ് പി.എൻ.ആർ എന്നീ വിശദാംശങ്ങൾ നൽകി അപേക്ഷാഫോറം പൂരിപ്പിച്ച് നൽകണം.
വിവരങ്ങൾ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയ ശേഷം ഇന്ത്യൻ കോഫി ഹൗസ് അധികൃതർ 25 റിയാൽ-ദിർഹം മൂല്യമുള്ള സൗജന്യ ഫുഡ് വൗച്ചർ ഇ-മെയിൽ ആയി അപേക്ഷകന് അയച്ചുനൽകും. രാജ്യത്ത് പ്രവേശിച്ച് പത്തു ദിവസത്തിനുള്ളിൽതന്നെ ഈ വൗച്ചർ ഉപയോഗപ്പെടുത്തി ഇന്ത്യൻ കോഫി ഹൗസ് റസ്റ്റാറന്റിൽനിന്ന് ഇഷ്ട ഭക്ഷണങ്ങൾ കഴിക്കാം.
ആഴ്ചയിൽ ഞായർ മുതൽ ബുധൻ വരെ നാലുദിവസങ്ങളിലാണ് ‘അഹ്ലൻ ഖത്തർ’ വൗച്ചർ സ്വീകരിക്കുക. അതേസമയം, തിരക്കുള്ള ദിവസങ്ങളായ വാരാന്ത്യങ്ങളിലെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സൗജന്യ വൗച്ചർ ഉപയോഗിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. ഓർഡർ തുക, വൗച്ചറിന്റെ മൂല്യത്തേക്കാൾ കൂടുതലാണെങ്കിൽ, അധികമായി വരുന്ന തുക നൽകേണ്ടിവരും. ഒരു വൗച്ചർ ഒരൊറ്റ തവണതന്നെ പൂർണമായും വിനിയോഗിക്കണം. ഹോം ഡെലിവറികൾക്കോ ടേക്ക്എവേകൾക്കോ ഈ വൗച്ചർ ഉപയോഗിക്കാവുന്നതല്ല.
2023 ആഗസ്റ്റ് 31 വരെയാണ് ‘അഹ്ലൻ ഖത്തർ-ദുബൈ’ കാമ്പയിനിന്റെ കാലാവധി. 18 വയസ്സിന് മുകളിലുള്ള ഏത് യാത്രക്കാർക്കും കാമ്പയനിൽ പങ്കെടുക്കാവുന്നതാണ്. ഇന്ത്യൻ കോഫി ഹൗസ് റസ്റ്റാറന്റിന്റെ സോഷ്യല്‍മീഡിയ പേജുകളിലും വെബ്സൈറ്റിലും അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമായിരിക്കും.
സന്ദർശകർ എന്നോ, റസിഡന്റ്സ് എന്നോ വ്യത്യാസമില്ലാതെ രാജ്യത്തിന് പുറത്തുനിന്ന് എത്തുന്ന എല്ലാവർക്കും യാത്രാരേഖകളുടെ വിശദാംശങ്ങൾ പങ്കുവെച്ച് ‘അഹ്ലൻ’ കാമ്പയിൻ ഉപയോഗപ്പെടുത്താം. സൗജന്യ വൗച്ചർ കൈമാറ്റം ചെയ്യാനോ പണമാക്കി മാറ്റാനോ കഴിയില്ല. ഇന്ത്യൻ കോഫി ഹൗസ് റസ്റ്റാറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ മാനേജർ അനിഷ് മോൻ, ഓപറേഷൻസ് മാനേജർ നാരായണൻ, എക്സിക്യൂട്ടിവ് ഷെഫ് ഹുസൈൻ, കാൻ ഇന്റർനാഷനൽ ഗ്രൂപ് ഓഫ് കമ്പനീസ് കോർപറേറ്റ് സ്ട്രാറ്റജിക് ഓഫിസർ അൽക മീര സണ്ണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.