നന്നായി പടമെടുക്കാം; ഫോട്ടോഗ്രഫി പരിശീലനം ഇന്നു മുതൽ
text_fieldsദോഹ: ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും നല്ല ഫോട്ടോഗ്രാഫറാകാൻ കൊതിക്കുന്നവർക്കുമായി ദ്വിദിന പരിശീലന പരിപാടിയുമായി ഇന്ത്യൻ കൾച്ചറൽ സെന്റർ. ഐ.സി.സി ഫോട്ടോഗ്രഫി ക്ലബിന്റെ നേതൃത്വത്തിലാണ് വെള്ളി, ശനി ദിവസങ്ങളിലായി വിദഗ്ധരുടെ നേതൃത്വത്തിൽ അശോക ഹാളിൽ ശിൽപശാല സംഘടിപ്പിക്കുന്നത്. ഫോട്ടോയെടുപ്പിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയാകുന്ന അഞ്ച് ശിൽപശാലകൾ രണ്ടു ദിവസങ്ങളിലായി നടക്കും. ഇതോടൊപ്പം, ഖത്തറിൽ ഫോട്ടോഗ്രാഫർമാർ ഒപ്പിയെടുത്ത ചിത്രങ്ങളുടെ പ്രദർശനം, കാമറ-ലെൻസ് സൗജന്യ സർവിസ്, പുതിയ ക്യാമറ മോഡലുകൾ അറിയാനുള്ള അവസരം, ലൈവ് ഷൂട്ട്, ക്വിസ് മത്സരം ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറുന്നത്.
വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഐ.സി.സി ഫോട്ടോഗ്രാഫർ മത്സര വിജയിയെ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് എ.പി. മണികണ്ഠൻ അറിയിച്ചു. രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നിരവധി പേരാണ് മാറ്റുരച്ചത്.
ഉച്ചക്ക് 2.30ഓടെ പരിപാടികൾക്ക് തുടക്കമാകും. ലാൻഡ്സ്കേപ്പ് ആൻഡ് സിറ്റി സ്കേപ്പ് ഫോട്ടോഗ്രഫി എന്ന വിഷയത്തിൽ ഡാനി ഈദ്, വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ പ്രിയാൻഷി നഹത, ട്രാവൽ ആൻഡ് പോർട്രെയ്റ്റ് ഫോട്ടോഗ്രഫിയിൽ അബ്ദുല്ല അൽ മുഷൈഫ്രി എന്നിവർ സെഷനുകൾ നയിക്കും. പരിശീലന സെഷനുകൾക്ക് ശേഷമാായിരിക്കും ഉദ്ഘാടന ചടങ്ങ്. ചീഫ് ജൂറി അബ്ദുല്ല അൽമിസ്ലഹ് വിജയികളെ പ്രഖ്യാപിക്കും.
ശനിയാഴ്ച ‘ദി ആർട് ഓഫ് ഫുഡ് ഫോട്ടോഗ്രഫി’ എന്ന വിഷയത്തിൽ അരിഫ് അൽ അമരി, ഔട്ട്ഡോർ പോർട്രെയ്റ്റിൽ ദിയാന ഹദ്ദാദ് എന്നിവർ പരിശീലനം നൽകും. രജിസ്റ്റർ ചെയ്യുന്നവർക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരമെന്ന് ഫോട്ടോഗ്രഫി ക്ലബ് പ്രസിഡന്റ് വിഷ്ണു ഗോപാൽ അറിയിച്ചു. ഐ.സി.സി വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് +974 7707 8590, 3098 3460 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.