ഇന്ത്യൻ എംബസി അപെക്സ് സംഘടന ഭാരവാഹികളായി
text_fieldsദോഹ: ഇന്ത്യൻ എംബസിയുടെ അപെക്സ് സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെൻറര്‍ (ഐസിസി) പ്രസിഡൻറായി പി.എൻ. ബാബുരാജൻ തെരഞ്ഞെടുക്കപ്പെട്ടു. എതിര് സ്ഥാനാര്‍ഥിയായ ജൂട്ടാസ് പോളിന് 521 വോട്ടുലഭിച്ചപ്പോൾ 759 വോട്ടുനേടിയാണ് ബാബുരാജെൻറ വിജയം. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറം(ഐ.സി.ബി.എഫ്) പ്രസിഡൻറായി സിയാദ് ഉസ്മാനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇദ്ദേഹത്തിന് 938 വോട്ടുകൾ ലഭിച്ചപ്പോൾ എതിര് സ്ഥാനാര്‍ഥി സന്തോഷ് കുമാര്‍ പിള്ളക്ക് 471 വോട്ടാണ് ലഭിച്ചത്. ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍(ഐ.എസ്.സി) പ്രസിഡൻറായി ഡോ. മോഹന്‍ തോമസും തെരഞ്ഞെടുക്കപ്പെട്ടു. 642 വോട്ടുകൾ ഇദ്ദേഹത്തിനും എതിർ സ്ഥാനാർഥിയായ നിലവിലെ വൈസ് പ്രസിഡൻറ് ഷറഫു പി. ഹമീദിന് 473 വോട്ടുകളും ലഭിച്ചു. ജനുവരി ഏഴിന് രാത്രി പത്തുമണിയോടെയാണ് ഓൺലൈൻ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി വിജയികളെ പ്രഖ്യാപിച്ചത്. ഇത്തവണ കോവിഡ് സാഹചര്യമായതിനാലാണ് ഓൺലൈൻ തെരെഞ്ഞടുപ്പ് നടത്തിയത്. കർണാടകയിൽനിന്നും മറ്റിതര സംസ്ഥാനങ്ങളിൽനിന്നും മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിലരൊഴികെ മറ്റുള്ളവരെല്ലാം മലയാളികളാണ്. പോളിങ് ശതമാനം ഇത്തവണ കുറവായിരുന്നു.
ഓൺലൈൻ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന 'ഡിജിപോൾ' മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 26ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ജനുവരി ഏഴിലേക്ക് മാറ്റുകയായിരുന്നു.
ഐ.സി.സിയില്‍ 2600ഓളം അംഗങ്ങളാണുള്ളത്. ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങളായി സുബ്രഹ്മണ്യ ഹെബ്ബഗെലു, അഫ്സല് അബ്ദുല്‍ മജീദ്, അനീഷ് ജോര്‍ജ് മാത്യു, കമല ദാനിഷ് താക്കൂര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഐ.സി.ബി.എഫില്‍ 3200ഓളം അംഗങ്ങളാണുള്ളത്. രജിനി മൂര്‍ത്തി വിശ്വനാഥ്, സാബിത്ത് സഹീര്‍, കുല്‍ദീപ് കൗര്‍ നവീന്‍കുമാര്‍, വിനോദ് വേലായുധന് നായര്‍ എന്നിവരാണ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ. ഐ.എസ്.സി മാനേജിങ് കമ്മിറ്റി അംഗങ്ങളായി വര്‍ക്കി ബോബന്, ഷെജി വലിയകത്ത്, റുക്കയ്യ അഹ്സന് അലി, ടി.എസ്. ശ്രീനിവാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
തൽക്കാലം തെരഞ്ഞെടുപ്പ് നടക്കാത്ത ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലി(ഐ.ബി.പി.സി)െൻറ ഭരണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുകയാണ് ചെയ്യുക. ഈ കമ്മിറ്റി കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും ഐ.ബി.പി.സിയുടെ കാര്യത്തിൽ തുടർ തീരുമാനങ്ങളെടുക്കുക. ഖത്തറിലെ ബിസിനസ് മേഖലയിലെ പ്രമുഖരെ ഐ.ബി.പി.സിയിൽ കൊണ്ടുവന്ന് ഇന്ത്യക്കും ഖത്തറിനുമിടയിലെ വാണിജ്യതാൽപര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതും എംബസി ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.