ഇന്ത്യൻ എംബസി അപെക്സ് ബോഡി തെരഞ്ഞെടുപ്പ് 17ന്
text_fieldsദോഹ: ഇന്ത്യൻ എംബസിക്കുകീഴിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ 2023-24 കാലയളവിലേക്കുള്ള മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഫെബ്രുവരി 17ന് നടക്കും. ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) എന്നിവയുടെ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പാണ് നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം കഴിഞ്ഞദിവസം എംബസി പുറത്തിറക്കി. ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ കലാസാംസ്കാരിക സംഘടനകളുടെ അപെക്സ് ബോഡിയാണ് ഐ.സി.സി. ഐ.സി.ബി.എഫ് ജീവകാരുണ്യ സംഘടനകളുടെ അപെക്സ് ബോഡിയും ഐ.എസ്.സി കായികസംഘടനകളുടെ അപെക്സ് ബോഡിയുമാണ്. ഓൺലൈനായാണ് വോട്ടെടുപ്പ്. പ്രസിഡന്റ്, മൊത്തം അംഗങ്ങൾ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന നാല് അംഗങ്ങൾ, ഓരോ സംഘടനയിലും രജിസ്റ്റർ ചെയ്ത പ്രവാസിസംഘടന പ്രതിനിധികൾ തെരഞ്ഞെടുക്കുന്ന മൂന്ന് അംഗങ്ങൾ എന്നിവരെയാണ് ഓരോ സംഘടനയുടേയും മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പിനുശേഷം അംബാസഡർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങൾ കൂടി ഉൾക്കൊള്ളുന്നതായിരിക്കും ഓരോ സംഘടനയുടെയും മാനേജിങ് കമ്മിറ്റി. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഏഴാണ്. പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി എട്ട്. 10ന് സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കും. ഫെബ്രുവരി 17ന് തന്നെ ഫലം പ്രഖ്യാപിക്കും.
സംഘടനയിൽ അംഗത്വം എടുക്കുകയും തെരഞ്ഞെടുപ്പ് ദിവസം രണ്ട് വർഷത്തിൽ കൂടുതൽ പൂർത്തിയാക്കുകയും ചെയ്തവർക്കുമാത്രമേ ഓരോ സമിതിയിലും മത്സരിക്കാൻ അർഹതയുള്ളൂ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവർ ഏതെങ്കിലും സംഘടനയിൽ രണ്ടു വർഷമെങ്കിലും മാനേജിങ് കമ്മിറ്റി അംഗമായിരിക്കണം. ഒരു കമ്മിറ്റിയിൽ തുടർച്ചയായി രണ്ട് തവണയിലധികം മാനേജിങ് കമ്മിറ്റി അംഗമായി പ്രവർത്തിക്കാൻ അംഗങ്ങൾക്ക് അനുവാദം ഉണ്ടായിരിക്കില്ല. 2021 ഡിസംബർ 31 വരെ അംഗത്വം എടുത്തവർക്കായിരിക്കും വോട്ടവകാശം.
തെരഞ്ഞെടുപ്പ് വ്യക്തിഗതമായിരിക്കുമെന്നും പാനൽ അടിസ്ഥാനത്തിൽ മത്സരിക്കാനോ പ്രചാരണം നടത്താനോ പാടില്ലെന്നും എംബസി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയങ്ങളിൽ പത്രമാധ്യമങ്ങളെ ദുരുപയോഗം ചെയ്യാനോ മതപരമോ രാഷ്ട്രീയമോ ആയ രീതിയിൽ പ്രചാരണം നടത്താനോ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.