ഖത്തർ ഇന്ത്യൻ എംബസി അപെക്സ് സംഘടനകളായ ഐ.സി.സി, ഐ.എസ്.സി, ഐ.സി.ബി.എഫ് വോട്ടെടുപ്പ് ഇന്ന്
text_fieldsദോഹ: ചുവരെഴുത്തും പോസ്റ്ററും കവല പ്രസംഗങ്ങളുമൊന്നുമില്ലെങ്കിലും നാട്ടിലെ പൊതുതെരഞ്ഞെടുപ്പുചൂടിനെ അനുസ്മരിപ്പിച്ച പ്രചാരണ കാമ്പയിനുകൾക്കൊടുവിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഇന്ന് വോട്ടെടുപ്പ് ദിനം. സമൂഹമാധ്യമങ്ങളും വാട്സ്ആപ്പും എസ്.എം.എസും ഉൾപ്പെടെ വിവിധ മാർഗങ്ങൾ പ്രചാരണമാർഗമായി മാറിയ വീറുറ്റ കാമ്പയിനൊടുവിൽ ഇന്ത്യൻ എംബസി അപെക്സ് ബോഡികളിലേക്ക് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ഓൺ ലൈൻ വഴിയാണ് വോട്ടെടുപ്പ്.
ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) എന്നീ മൂന്ന് അപെക്സ് സംഘടനകളിലേക്കാണ് തെരഞ്ഞെടുപ്പ്. നേരത്തേ പ്രഖ്യാപിച്ചപ്രകാരം ഫെബ്രുവരി 17ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ്, വോട്ടെടുപ്പിലെ സാങ്കേതിക പ്രശ്നങ്ങളാൽ 24ലേക്ക് നീട്ടുകയായിരുന്നു.
ഉച്ച മൂന്നു മുതൽ രാത്രി ഒമ്പതു വരെ ഓൺലൈനായാണ് തെരഞ്ഞെടുപ്പ്. അപെക്സ് സംഘടനകളിൽ അംഗത്വമുള്ളവർക്കും അസോസിയേറ്റഡ് സംഘടന പ്രതിനിധികൾക്കും വോട്ടുചെയ്യാം. ഡിജിപോൾ ആപ് ഇൻസ്റ്റാൾ ചെയ്ത് ഐഡി വെരിഫൈ ചെയ്താണ് വോട്ട് ചെയ്യേണ്ടത്. രാത്രിയോടെതന്നെ ഫലം പ്രഖ്യാപിക്കും.
ഓരോ അപ്പെക്സ് സംഘടനകളിലും പ്രസിഡന്റ് ഉള്‍പ്പെടെ 11 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ വീതമാണുള്ളത്. സംഘടനകളില്‍ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചു പേരെ പൊതുതെരഞ്ഞെടുപ്പിലൂടെയും മൂന്നു പേരെ ഇന്ത്യന്‍ എംബസി നാമനിർദേശത്തിലൂടെ നേരിട്ടുമാണ് തെരഞ്ഞെടുക്കുന്നത്. അപ്പെക്സ് അനുബന്ധ സംഘടനകളില്‍നിന്ന് മൂന്നു പേരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും.
രണ്ടു വര്‍ഷമാണ് കമ്മിറ്റി കാലാവധി. ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്, ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡിസംബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പാണ് ലോകകപ്പ് തിരക്കുകളെ തുടര്‍ന്ന് ഫെബ്രുവരിയിലേക്കു നീട്ടിയത്.
അവസാന ലാപ്പിലും പ്രചാരണം സജീവം
കുളിരുകോരുന്ന തണുപ്പിലും രാവും പകലുമായി വോട്ടഭ്യർഥിച്ചുള്ള തിരക്കിലാണ് സ്ഥാനാർഥികളും അവരെ പിന്തുണക്കുന്നവരും. ഏഴു ലക്ഷത്തോളം ഇന്ത്യക്കാർ പ്രവാസികളായുള്ള ഖത്തറിൽ, എംബസിക്കൊപ്പം ചേർന്നുള്ള കമ്യൂണിറ്റി പ്രവർത്തനങ്ങളിൽ മുൻനിരയിലാണ് മൂന്ന് അപെക്സ് സംഘടനകളും. സാംസ്കാരിക, കായിക, സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ ഖത്തറിലെ ഇന്ത്യക്കാരുടെ പ്രധാന കേന്ദ്രമാണ് ഐ.സി.സി, ഐ.എസ്.സി, ഐ.സി.ബി.എഫ് എന്നിവ.
ഇന്ത്യൻ പ്രവാസികളിൽ നാലു ലക്ഷത്തോളം മലയാളികൾ ഉൾപ്പെടുന്നതിനാൽ സ്ഥാനാർഥികളായും വോട്ടർമാരായും മുൻനിരയിലുള്ളതും മലയാളികളാണ്. മൂന്ന് അപെക്സ് ബോഡി പ്രസിഡന്റ് പദവികളിലേക്ക് മത്സരിക്കുന്ന ആറ് സ്ഥാനാർഥികളും മലയാളികളാണെന്നത് ശ്രദ്ധേയം. പ്രവാസിക്ഷേമ, സാംസ്കാരിക, കായിക മേഖലകളിൽ സജീവ സാന്നിധ്യവും പരിചിത മുഖങ്ങളുമാണ് രംഗത്തുള്ളത്. മത്സരത്തിൽ ഔദ്യോഗികമായി ചേരികളില്ലെങ്കിലും വിവിധ പാനലുകൾ തയാറാക്കിയാണ് വോട്ടഭ്യർഥന സജീവമാകുന്നത്. കൂടുതൽ വോട്ടർമാരുള്ള സംഘടനകൾ വിവിധ പാനലുകൾക്കുവേണ്ടി അണിയറയിൽ വോട്ടഭ്യർഥനയുമായി സജീവമാണ്. നേരിൽകണ്ടും ഫോണിൽ അഭ്യർഥിച്ചും വോട്ടർമാരുടെ പിന്തുണ ഉറപ്പിക്കാൻ അവസാന നിമിഷവും സ്ഥാനാർഥികളും അവരുടെ ക്യാമ്പും രംഗത്തുണ്ട്.
ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ അധ്യക്ഷൻകൂടിയായ എ.പി. മണികണ്ഠനാണ് മുൻതൂക്കം. മത്സരം ഏകപക്ഷീയമാണെന്നാണ് വിലയിരുത്തൽ. 2019-20 കാലയളവിൽ പ്രസിഡന്റായിരുന്ന പരിചയം മണികണ്ഠന് മുൻതൂക്കം നൽകുന്നുണ്ട്. അതേസമയം, ഇൻകാസ് തൃശൂർ, ഫ്രൻഡ്സ് ഓഫ് തൃശൂർ ഉൾപ്പെടെ സംഘടനകളിലെ പരിചയമാണ് നസറുദ്ദീന്റെ മികവ്.
തൊഴിലാളിക്ഷേമം, സാമൂഹിക പ്രവർത്തനം ഉൾപ്പെടെ വിവിധ മേഖലകളിൽ ശക്തമായ ഇടപെടൽ നടത്തുന്ന ജീവകാരുണ്യ വിഭാഗമായ ഐ.സി.ബി.എഫ് അധ്യക്ഷസ്ഥാനത്തേക്കാണ് ശക്തമായ മത്സരം. നിലവിലെ ജനറൽ സെക്രട്ടറി സാബിത് സഹീറും കെ.ബി.എഫ് മുൻ പ്രസിഡന്റ് ഷാനവാസ് ബാവയും തമ്മിലെ മത്സരം ദോഹയിലെ വോട്ടർമാർക്ക് പരിചിതർ തമ്മിലുള്ള മത്സരംകൂടിയാണ്.
കായികപ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ നേതൃത്വം നൽകുന്ന ഐ.എസ്.സിയുടെ ചുക്കാൻപിടിക്കാൻ പ്രമുഖ സംഘാടകനും ആരോഗ്യമേഖലയിലെ പ്രമുഖ സംരംഭകനുമായ ഇ.പി. അബ്ദുറഹ്മാനാണ് രംഗത്തുള്ളത്. വിവിധ സംഘടനകളുടെ നേതൃപദവി വഹിക്കുന്ന ഇ.പി. അബ്ദുറഹ്മാൻ ഐ.എസ്.സി സ്ഥാപക അംഗംകൂടിയാണ്. ഖത്തറിലെ വോളിബാൾ പ്രേമികളുടെ കൂട്ടായ്മയായ വോളിഖ് പ്രസിഡന്റാണ് എതിരാളിയായ ആഷിഖ് അഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.