ഇന്ത്യൻ എംബസി ചോദിക്കുന്നു: പാസ്പോർട്ട് വീട്ടുപടിക്കൽ വേണോ?
text_fieldsദോഹ: അധിക ചാർജ് നൽകി പാസ്പോർട്ട് തപാൽവഴി വീട്ടുപടിക്കൽ എത്തിക്കുന്ന സേവനത്തിൽ നിങ്ങൾക്ക് താൽപര്യമുണ്ടോ? -പ്രവാസി ഇന്ത്യക്കാരോടായി ഖത്തറിലെ ഇന്ത്യൻ എംബസിയുടേതാണ് ചോദ്യം.
എംബസി വഴി പുതുക്കാൻ അപേക്ഷിക്കുന്ന പാസ്പോർട്ടുകൾ തിരികെ, തപാൽ വഴി അയക്കുന്ന സംവിധാനത്തെ കുറിച്ചാണ് ഖത്തറിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൻെറ ആലോചന. ഇതിനായി സമൂഹമാധ്യമങ്ങൾ വഴി പ്രവാസി ഇന്ത്യക്കാരിൽനിന്നും എംബസി അഭിപ്രായങ്ങളും ക്ഷണിച്ചുതുടങ്ങി. ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകൾ വഴി അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് പ്രതികരണം സമാഹരിക്കുന്നത്.
നാലു ദിവസമായി തുടരുന്ന സർവേയിൽ പുതിയ നീക്കത്തെ പ്രവാസിസമൂഹം ഒന്നാകെ സ്വാഗതം ചെയ്യുന്നു. 15 മുതൽ 20വരെ ഖത്തർ റിയാൽ അധികമായി ഈടാക്കുന്ന തപാൽ ഡെലിവറി സംവിധാനത്തിൽ താൽപര്യമുണ്ടോ എന്നായിരുന്നു ചോദ്യം. ട്വിറ്റർ വഴിയുള്ള വോട്ടെടുപ്പ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചെങ്കിലും ഫേസ് ബുക്കിലൂടെ ഇപ്പോഴും അഭിപ്രായ സമാഹരണം തുടരുന്നു.
ട്വിറ്ററിൽ 462 പേർ അഭിപ്രായം രേഖപ്പെടുത്തി. ഇവരിൽ എംബസിയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നവരായിരുന്നു ഭൂരിപക്ഷവും. 87.6 ശതമാനം പേരാണ് അതേ എന്ന് രേഖപ്പെടുത്തിയത്. എതിരഭിപ്രായമുള്ളത് വെറും 12.4 ശതമാനം പേർക്ക്.
ഫേസ്ബുക്കിൽ ഗൂഗിൾ ഫോറം വഴിയാണ് വോട്ടെടുപ്പ്.വോട്ട് ചെയ്യാനുള്ള ഓപ്ഷനുതാഴെ കമൻഡ് ബോക്സിലെത്തിയും പ്രവാസികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നു.പാസ്പോർട്ട് പുതുക്കുന്നതിനായി വാങ്ങുന്ന ഫീസിൽ ഉൾപ്പെടുത്തി തന്നെ തപാൽവഴി വീട്ടിലെത്തിക്കാൻ തയാറാവണമെന്ന് ട്വിറ്ററിൽ 'രാജ' എന്ന പ്രൊഫൈലിൽ ഒരാൾ ആവശ്യപ്പെടുന്നു.
പോസ്റ്റൽ സർവിസ് നല്ല നീക്കമാണ്. എംബസിയുടെ മറ്റു സേവനങ്ങൾകൂടി ഓൺലൈൻ വഴിയാക്കിയാൽ സൗകര്യമാവും എന്നാണ് ഷാകിർ സെയ്ദ് എന്ന പ്രൊഫൈൽ ആവശ്യപ്പെടുന്നത്.ഡെലിവറി മാത്രമല്ല, പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കലും ഓൺലൈൻ വഴിയാക്കണമെന്നാണ് മറ്റൊരാളുടെ ആവശ്യം.
പൊതുജനങ്ങളുടെ അഭിപ്രായമറിഞ്ഞശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് എംബസിയുടെ അറിയിപ്പ്. പ്രവാസിസമൂഹം സ്വാഗതം ചെയ്യുകയാണെങ്കിൽ, ഖത്തറിലെ തപാൽസേവനങ്ങളുടെ കാര്യക്ഷമതകൂടി ഉറപ്പാക്കിയശേഷം അധിക ചാർജ് ഈടാക്കി വൈകാതെ തന്നെ പുതുക്കുന്ന പാസ്പോർട്ടുകളുടെ ഡോർ ഡെലിവറി സംവിധാനം സാക്ഷാത്കരിക്കപ്പെടും. ഇതുവഴി, സമയലാഭം, സാമ്പത്തികലാഭം, സുരക്ഷിതത്വം തുടങ്ങി പല നേട്ടങ്ങളാണ് പ്രവാസികളെ കാത്തിരിക്കുന്നത്.
'എംബസിയുടേത് നല്ല നീക്കം'
'ഇന്ത്യൻ എംബസിയുടെ ഏറ്റവും പോസിറ്റിവായ നീക്കമാണിത്. നിലവിൽ ഞാൻ വക്രയിലാണ് താമസിക്കുന്നത്. ഒാരോ ആവശ്യത്തിനുമായി ഇന്ത്യൻ എംബസിയിലെത്തുക പ്രായോഗിക ബുദ്ധിമുട്ടാണ്. സ്വന്തം വാഹനവുമായി പോയാൽ ഡിേപ്ലാമാറ്റിക് ഏരിയയായ എംബസി പരിസരങ്ങളിൽ പാർക്കിങ് ഏറെ ബുദ്ധിമുട്ടാണ്.
അതൊഴിവാക്കാൻ പല ആവശ്യങ്ങൾക്കും ടാക്സി വിളിച്ചാണ് എംബസിയിലേക്ക് പോവുക. അപ്പോൾ 80 റിയാൽ എങ്കിലും ചുരങ്ങിയത് ചെലവാകും. 15-20 റിയാൽ അധികം ഈടാക്കിയാലും പാസ്പോർട്ട് തപാൽവഴി വീട്ടിലെത്തിക്കാനാവുമെങ്കിൽ വലിയ സൗകര്യമാവും. പാസ്പോർട്ട് പുതുക്കുന്നസമയങ്ങളിൽ പോസ്റ്റൽ ഡെലിവറി വേണോ, നേരിട്ടുവന്ന് കലക്ട് ചെയ്യുമോ എന്ന ഓപ്ഷൻ വെച്ചാൽ ഫലപ്രദമാവും'
(ഖത്തർ എയർവേസ് ടെക്നിക്കൽ റിക്വയർമെൻറ് വിഭാഗം സീനിയർ പ്രോഗ്രാം ഓഫിസറായ സന്ധ്യ കണ്ണൂർ ഇരിക്കൂർ സ്വദേശിയാണ്. 13 വർഷമായി കുടുംബ സമേതം ഖത്തറിലുണ്ട്)
'സമയവും പണവും ലാഭിക്കാം; സുരക്ഷിതത്വവും'
'എല്ലാ പ്രവാസി ഇന്ത്യക്കാർക്കും ഉപകാരപ്പെടുന്ന നീക്കമാണിത്. പാസ്പോർട്ട് ഉൾപ്പെടെയുള്ള സേവനങ്ങൾ തപാൽവഴിയാക്കുകയാണെങ്കിൽ സ്വാഗതാർഹം. കോവിഡ് സാഹചര്യത്തിൽ സേവനങ്ങൾ വീട്ടുപടിക്കൽ എത്തുന്നത് ഏറെ സുരക്ഷിതത്വം നൽകുന്നതാണ്.
താഴ്ന്ന വരുമാനമുള്ളവർക്കും മറ്റുമായി പൊതുവാഹന സംവിധാനമുപയോഗിക്കുന്നവർക്ക് അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ കഴിയുന്നത് ഏറ്റവും സൗകര്യം.
സമയലാഭമാണ് മറ്റൊരു നല്ലകാര്യം. േജാലിയിൽനിന്ന് അവധിയെടുത്ത് പോവുന്നതും എംബസിയിലെത്തി ടോക്കൺ എടുത്ത് കാത്തിരിക്കുന്നതും ഒഴിവാകുന്നതുതന്നെ ആശ്വാസകരമാണ്. സാമ്പത്തികമായി നേട്ടമാവുന്നത് മൂന്നാമത്തെ നേട്ടം. 20 റിയാൽവരെ എംബസി ഈടാക്കിയാലും ടാക്സി വിളിച്ച് പോവുേമ്പാഴുള്ള െചലവും ഡ്യൂട്ടി അവധി എടുക്കുന്നതിലെ നഷ്ടവുമെല്ലാം കണക്കാക്കുേമ്പാൾ ഏറെ ലാഭകരമാണ് ഈ നീക്കം.
എല്ലാ മേഖലയും ഓൺലൈനായി മാറിയ കാലത്ത് എംബസിയുടെ മറ്റ് സേവനങ്ങൾകൂടി ഓൺലൈനായി മാറുന്നത് ഏറെ ആശ്വാസമാവും'.
(ന്യൂദോഹ വാട്ടർ ട്രീറ്റ്മെൻറ് കമ്പനിയുടെ ബിസിനസ് ഡെവലപ്മെൻറ് മാനേജറായി പ്രവർത്തിക്കുകയാണ് മലപ്പുറം മഞ്ചേരി സ്വദേശിയായ ശ്യാം)
എല്ലാവർക്കും ഗുണകരം
'ഒരു സംശവുമില്ല ഞങ്ങളെ പോലുള്ളവർക്ക് ഏറ്റവും ഗുണകരമായ കാര്യമാണിത്.
സ്വന്തമായി വാഹനമൊന്നുമില്ലാത്തവർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിട്ട് എംബസിയിലെത്തി പാസ്പോർട്ട് വാങ്ങുകയെന്നത്. പലപ്പോഴും രണ്ടും മൂന്നും തവണയെല്ലാം പോയി വരണം. ലീവെടുത്തും മറ്റും പോവുന്നത് പ്രയാസമാണ്. അപേക്ഷിച്ചുകഴിഞ്ഞാൽ സമയമാവുേമ്പാൾ തപാൽവഴി എത്തുമെങ്കിൽ സമയവും കാശും ലാഭിക്കാനാവും'
(സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു, മലപ്പുറം ചേകന്നൂർ സ്വദേശി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.