ഖത്തറിൽ ഇന്ത്യൻ എംബസി യോഗ ദിനാചരണം സംഘടിപ്പിക്കും
text_fieldsദോഹ: ഐക്യരാഷ്ട്ര സഭയുടെ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 21ന് വൈകീട്ട് ആറുമുതൽ 8.30 വരെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരിപാടി. ‘യോഗ സ്വന്തത്തിനും സമൂഹത്തിനും’ എന്നതാണ് ഈ വർഷത്തെ പ്രമേയം. പങ്കെടുക്കുന്നവരെല്ലാം 40 മിനിറ്റ് യോഗയിൽ പങ്കാളികളാകും. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും യോഗ മത്സരവും യോഗ ക്വിസും നടക്കും. https://forms.gle/ekdjpYrXn7g6oCUw8 എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ആർക്കും പരിപാടിയിൽ പങ്കെടുക്കാം.
2014 ഡിസംബറിലാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കാൻ യു.എന്നിൽ ആവശ്യപ്പെടുന്നത്. 177 രാജ്യങ്ങളുടെ പിന്തുണയോടെ ഇതിന് അംഗീകാരം ലഭിച്ചു. ഏതാനും വർഷമായി ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിപുലമായി യോഗ ദിനം ആചരിക്കുന്നു. 2022ൽ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി ദോഹയിൽ നടത്തിയ പരിപാടിയിൽ 114 രാജ്യങ്ങളിൽനിന്നുള്ളവർ സംബന്ധിച്ചു. ഒരൊറ്റ യോഗ പരിപാടിയിൽ ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുത്തതിനുള്ള ഗിന്നസ് റെക്കോഡും ആ പരിപാടിക്ക് ലഭിച്ചത് അംബാസഡർ വിപുൽ അനുസ്മരിച്ചു. കൂടുതൽ വിവരങ്ങൾക്ക് cul.doha@mea.gov.in, press.doha@mea.gov.in എന്നീ മെയിൽ വിലാസത്തിലും 44255709; 44255745 ഫോൺ നമ്പറുകളിലും ബന്ധപ്പെടാം. ഇന്ത്യൻ അംബാസഡർ വിപുലിന് പുറമെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ശങ്ക്പാൽ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.