ഇന്ത്യക്കാർക്ക് സുരക്ഷാ ഭീഷണിയില്ല–ഇന്ത്യൻ എംബസി
text_fieldsദോഹ: ഗൾഫ് മേഖലയിൽ രൂപം കൊണ്ട നയതന്ത്ര പ്രതിസന്ധിയിലും പുതിയ രാഷ്്ട്രീയ സാഹചര്യങ്ങളിലും ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസികൾക്ക് സുരക്ഷാ ഭീഷണികളില്ലെന്നും ആശങ്കക്ക് വകയില്ലെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രത്യേക സർക്കുലറിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
മേഖലയിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ഇന്ത്യക്കാർ ശാരീരിക സുരക്ഷ ഭീഷണികളിൽ നിന്നും മുക്തരാണെന്നും ഇത് സംബന്ധിച്ചുള്ള വാർത്തകൾ സത്യസന്ധമാണെന്ന് പരിശോധിക്കണമെന്നും അഭ്യൂഹങ്ങളിലും കിംവദന്തികളിലും വിശ്വസിക്കരുതെന്നും എംബസി അഭ്യാർഥിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങളും എംബസിയുടെ ട്വിറ്റർ അക്കൗണ്ടിൽ ലഭിക്കുന്നതാണെന്നും സർക്കുലറിൽ വ്യക്തമാക്കി.
മേഖലയിലെ രാഷ്ട്രീയ സാഹചര്യം എംബസി സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഖത്തർ അതോറിറ്റികളുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ രേഖയിൽ, ജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പുവരുത്തുന്നതിന് ഖത്തർ ഭരണകൂടം എല്ലാ നടപടിക്രമങ്ങളും സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയതിനാൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത ഇന്ത്യൻ പ്രവാസികൾ തങ്ങളുടെ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങൾ സ്വീകരിക്കണമെന്നും മുഴുവൻ സമയവും അപ്്ഡേറ്റ് ആകണമെന്നും എംബസി പ്രവാസികളോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.