ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ദോഹയിൽ
text_fieldsദോഹ: കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ദോഹയിലെത്തും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടയിൽ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും ചർച്ചചെയ്യും. മേഖല, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും സംഭവവികാസങ്ങളും ചർച്ചയാകും. കോവിഡ്-19 മഹാമാരിക്കാലത്ത് ഇന്ത്യൻ സമൂഹത്തിന് ആവശ്യമായ പരിരക്ഷയും പരിഗണനയും നൽകിയ ഖത്തർ ഗവൺമെൻറിന് കേന്ദ്രമന്ത്രി പ്രത്യേക നന്ദി അറിയിക്കും. കേന്ദ്ര വിദേശകാര്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ഡോ. എസ്. ജയ്ശങ്കറിെൻറ പ്രഥമ ഖത്തർ സന്ദർശനം കൂടിയാണിത്.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ വളർച്ചയാണ് ഈയടുത്ത കാലങ്ങളിൽ രൂപപ്പെട്ടിട്ടുള്ളത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഈയടുത്ത് മൂന്ന് തവണയാണ് ഫോണിലൂടെ സംഭാഷണം നടത്തിയത്. കേന്ദ്ര വിദേശകാര്യമന്ത്രിയും മറ്റു കേന്ദ്ര വകുപ്പുമന്ത്രിമാരും ഖത്തറിലെ തങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഫോൺ സംഭാഷണം നടത്തിയിരുന്നു.
സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ഖത്തറും ഇന്ത്യയും തമ്മിൽ അടിയുറച്ച ബന്ധമാണ് തുടർന്നുപോരുന്നത്. വിവിധ മേഖലകളിലായി ഏഴു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഖത്തറിൽ നിലവിലുള്ളത്. 2019-20 കാലയളവിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം 10.95 ബില്യൺ ഡോളർ കടന്നിരുന്നു.
ഈർജ, നിക്ഷേപ മേഖലകളിലടക്കം ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ്. കോവിഡ്-19 പ്രതിസന്ധി രൂക്ഷമായ സമയത്ത് ഇന്ത്യയും ഖത്തറും യോജിച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചിരുന്നു. എയർ ബബ്ൾ കരാറിലൂടെ ഇരുരാജ്യങ്ങളും വിമാന സർവിസുകൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.