കായിക ദിനാഘോഷത്തോടെ ഇന്ത്യൻ സ്കൂളുകൾ
text_fieldsദോഹ: ദേശീയ കായിക ദിനം വിവിധ പരിപാടികളോടെ ഇന്ത്യൻ സ്കൂളുകൾ ആഘോഷിച്ചു. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച് വിപുലമായ കായിക പരിശീലന പരിപാടി സംഘടിപ്പിച്ചു. പെൺകുട്ടികൾക്കായി യോഗ പരിശീലനവും ആൺകുട്ടികൾക്കായി ഫുട്ബാൾ മത്സരവും നടത്തി. വിവിധ കായിക പരിപാടികളുമുണ്ടായിരുന്നു. ആരോഗ്യകരമായ തലമുറയുടെ വാർത്തെടുക്കുന്നതിൽ സ്പോർട്സിന്റെ പങ്ക് പ്രധാനമാണെന്ന് പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്തലി പറഞ്ഞു.
അബൂഹമൂർ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 'സ്പോർട്സ് ഈസ് ലൈഫ്' സന്ദേശത്തിൽ കായികദിന പരിപാടികൾ സംഘടിപ്പിച്ചു. സ്പോർട്സ് ക്വിസ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ, ഫുട്ബാൾ, ബാസ്കറ്റ്ബാൾ ഫ്രീ ത്രോ തുടങ്ങിയ മത്സരങ്ങൾ നടന്നു. ദൈനംദിന ജീവിതത്തിൽ സ്പോർട്സിന്റെ പ്രാധാന്യം വിശദീകരിച്ച് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഹനീഫ് കായിക ദിന സന്ദേശം നൽകി. കായികാധ്യാപകരായ ഷാജുദ്ദീൻ, ജിബിൻസ് ജോസ് എന്നിവർ നേതൃത്വം നൽകി.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ കായിക ദിനത്തിന്‍റെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന പരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈനായാണ് വിദ്യാർഥികൾ പങ്കാളികളായത്. വെർച്വൽ മാരത്തേൺ, സ്കിപ്പിങ് റോപ്, പുഷ്അപ്സ്, യോഗ തുടങ്ങി വിവിധ പരിപാടികൾ നടന്നു. എല്ലാ വിഭാഗം വിദ്യാർഥികളിലും കായിക പരിശീലനത്തിന്‍റെയും മത്സര പങ്കാളിത്തത്തിന്‍റെയും പ്രാധാന്യം ബോധ്യപ്പെടുത്തിയായിരുന്നു പരിപാടികൾ. രാജ്യത്തിന്‍റെ എല്ലാ ദേശീയ പരിപാടികളിലും സ്കൂൾ സജീവമായി പങ്കുവഹിക്കുന്നതായി പ്രിൻസിപ്പൽ ഹമീദ ഖാദർ പറഞ്ഞു.
ശാന്തിനികേതന്‍ ഇന്ത്യൻ സ്കൂളില്‍ ഖത്തര്‍ ദേശീയ കായികദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓൺലൈൻ വേദിയിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. അധ്യാപകരും വിദ്യാർഥികളും സ്കൂളിലും വീട്ടിലുമായി നടത്തിയ കായികാഭ്യാസങ്ങളുടെ വിഡിയോ ഭാഗങ്ങള്‍ പ്രദർശിപ്പിച്ചു. ശാരീരികക്ഷമതയുടെയും കായികാധ്വാനത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് വിഡിയോ പ്രദർശിപ്പിച്ചത്. കായിക വിഭാഗം മേധാവി തന്വീഷര്‍ മെഹ്ദി ബോധവത്കരണ ക്ലാസ് നൽകി. സ്കൂളിലെ കായിക വിദ്യാഭ്യാസ വിഭാഗം പ്രിൻസിപ്പല്‍ ഡോ. സുഭാഷ് നായര്‍, വൈസ് പ്രിൻസിപ്പൽ ഡഡ്ലി ഓ' കോണര്‍ എന്നിവര്‍ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.