കനിമൊഴിയുമായി സംവദിച്ച് ഇന്ത്യൻ വിദ്യാർഥികൾ
text_fieldsദോഹ: ഡി.എം.കെ നേതാവും ലോക്സഭ എം.പിയുമായ കനിമൊഴിയുടെ ആതിഥ്യം ലഭിച്ച സന്തോഷത്തിലാണ് ഖത്തറിൽനിന്നെത്തിയ ഒരുസംഘം ഇന്ത്യൻ വിദ്യാർഥികൾ. ഖത്തർ പ്രവാസികളായ വിദ്യാർഥികൾക്കായി യൂത്ത് ഫോറം ഖത്തറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ‘രശ്കെ ജിനാൻ ഹമാര’ എന്ന പേരിൽ ഇന്ത്യയുടെ ചരിത്രപ്രധാന നഗരങ്ങളിലൂടെയുള്ള യാത്രയുടെ ഭാഗമായി ദില്ലിയിലെത്തിയതാണ് വിദ്യാർഥികൾ.
തന്നെ സന്ദർശിക്കാനെത്തിയ ഖത്തറിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി സംഘത്തെക്കുറിച്ചുള്ള വിവരം തന്റെ ഫേസ്ബുക്ക്-ട്വിറ്റർ അക്കൗണ്ടുകളിലൂടെ കനിമൊഴി എം.പി തന്നെയാണ് പുറത്തുവിട്ടത്. വിദ്യാർഥികളുമായി സമകാലിക ഇന്ത്യൻ സാഹചര്യങ്ങളും ചരിത്രവും രാഷ്ട്രീയവുമെല്ലാം ചർച്ച ചെയ്തതായി അവർ വ്യക്തമാക്കി. കവിയും എഴുത്തുകാരിയും ദ്രാവിഡ രാഷ്ട്രീയത്തിലെ കുലപതിയായിരുന്ന കരുണാനിധിയുടെ മകളുമായ കനിമൊഴി എം.പിയെ നേരിൽകണ്ട് സംവദിച്ച സന്തോഷത്തിലാണ് വിദ്യാർഥികൾ. ഗൾഫിലെ അവധിക്കാലം വിദ്യാർഥികൾക്ക് ഇന്ത്യയെ അറിയാനുതകുന്ന രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന ചിന്തയിൽനിന്നാണ് ‘രശ്കെ ജിനാൻ ഹമാര’ എന്ന പേരിൽ തെരഞ്ഞെടുത്ത ഇന്ത്യൻ വിദ്യാർഥിക്കായി യാത്ര സംഘടിപ്പിച്ചതെന്ന് സംഘത്തോടൊപ്പമുള്ള യൂത്ത് ഫോറം ഖത്തർ കേന്ദ്ര സമിതി അംഗമായ മുഫീദ് പറഞ്ഞു.
മെക്കാനിക്കൽ എൻജിനീയറും യൂത്ത് ഫോറം പ്രവർത്തകനുമായ അലി അജ്മലാണ് യാത്ര നയിക്കുന്നത്. ഈ മാസം 19ന് കോഴിക്കോട്ടുനിന്ന് യാത്ര തുടങ്ങിയ സംഘം ഹൈദരാബാദ്, ആഗ്ര സന്ദർശനങ്ങൾക്ക് ശേഷമാണ് ദില്ലിയിൽ എത്തിയത്. വരുംദിവസങ്ങളിൽ ദില്ലി, കശ്മീർ തുടങ്ങിയ സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ചരിത്രസ്ഥലങ്ങൾകൂടി സന്ദർശിച്ച് ഈ മാസം 31ന് നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.