വെൽഡൺ ബ്ലൂ ബോയ്സ്
text_fieldsദോഹ: ആസ്പയർ അക്കാദമി ഗ്രൗണ്ടിൽനിന്ന് ചൊവ്വാഴ്ച രാത്രിയിൽ ഇന്ത്യൻ കൗമാരക്കാർ കളംവിട്ടത് ഏറെ അഭിമാനത്തോടെയായിരുന്നു. മേയ് ആദ്യവാരം തായ്ലൻഡിൽ നടക്കുന്ന അണ്ടർ17 ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് കോച്ച് ബിബിയാനോ ഫെർണാണ്ടസിനു കീഴിലുള്ള ഇന്ത്യൻ സംഘം ഖത്തറിലെത്തിയത്.
ലോകകപ്പ് ആതിഥേയരും സീനിയർ ഏഷ്യൻ ചാമ്പ്യരും വൻകരയിലെ കരുത്തരുമായ ഖത്തറിന്റെ കൗമാര സംഘവുമായുള്ള പോരാട്ടം മികച്ച തയാറെടുപ്പെന്ന നിലയിലാണ് ടീം ബൂട്ട് കെട്ടിയത്. എതിരാളികൾ ചില്ലറക്കാരല്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിലെ ഫലം.
3-1നാണ് ഇന്ത്യൻ കൗമാരക്കാരെ വീഴ്ത്തിയത്. അതിന്റെ തുടർച്ചയായാണ് രണ്ടാം അങ്കത്തിൽ ചൊവ്വാഴ്ച ബൂട്ട് കെട്ടിയത്. ആദ്യ കളിയിലെ വീഴ്ചകളിൽനിന്ന് പാഠം പഠിച്ചിറങ്ങിയ കൗമാരസംഘം എതിരാളിയെ അറിഞ്ഞ് കളം ഭരിച്ചു. മത്സരത്തിന്റെ പത്താം മിനിറ്റിൽതന്നെ ഖത്തറിന്റെ വീഴ്ചയിൽനിന്ന് ഗോളവസരം സൃഷ്ടിച്ചായിരുന്നു ലീഡ് പിടിച്ചത്.
ഒടുവിൽ ഇഞ്ചുറി ടൈമിലേതുൾപ്പെടെ പിറന്ന മൂന്ന് ഗോളുമായി ഖത്തറിനെ കീഴടക്കിയതോടെ ഏഷ്യ കപ്പിനുള്ള തയാറെടുപ്പ് ഉജ്ജ്വലമാക്കി മാറ്റി. കളിയുടെ പത്താം മിനിറ്റിൽ റിക്കി ഹൊബാം, 34ാം മിനിറ്റിൽ ശാഷ്വത് പൻവർ, 90ാം മിനിറ്റിൽ കുറോ സിങ് തിങ്ജുവാം എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്.
സ്വന്തം പെനാൽറ്റി ബോക്സിനുള്ളിൽനിന്ന് ലഭിച്ച ബാക്പാസ് സ്വീകരിക്കുന്നതിൽ ഖത്തർ ഗോൾകീപ്പർ സിയാദ് ഷുഐബിന് പിഴച്ച അവസരം മുതലെടുത്തായിരുന്നു ഇന്ത്യ ആദ്യ ഗോൾ കുറിച്ചത്. ഇൻഡയറക്ട് ഫ്രീകിക്ക് റിക്കി വലയിലേക്ക് ഗതിമാറ്റി ഗോൾ നേടി. ലീഗിന്റെ ആനുകൂല്യത്തിൽ കൂടുതൽ ആക്രമണം നടത്തിയായിരുന്നു ആതിഥേയരായ എതിരാളികൾക്കെതിരെ മുൻതൂക്കം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.