ഖത്തറിൽ നമ്മൾ ഇന്ത്യക്കാർ 8.35 ലക്ഷം
text_fieldsദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധനയുണ്ടായതായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി സഹമന്ത്രി കീർത്തി വർധൻ സിങ് നൽകിയ മറുപടി പ്രകാരം ഖത്തറിലെ ഇന്ത്യക്കാരുടെ എണ്ണം 8.35 ലക്ഷമാണ്. മുൻ കണക്കുകളേക്കാൾ ഒരു ലക്ഷത്തോളമാണ് ഇന്ത്യക്കാരുടെ എണ്ണത്തിലെ വർധന. ബിഹാറിൽനിന്നുള്ള പാർലമെന്റ് അംഗം രാജീവ് പ്രതാപ് റൂഡിയുടെ ചോദ്യത്തിന് ഉത്തരമായാണ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സ്ഥിതി വിവരങ്ങൾ മന്ത്രി സഭയിൽ അവതരിപ്പിച്ചത്. ജി.സി.സി രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം 92,58,302 കടന്നു. യു.എ.ഇ യിലാണ് ഏറ്റവും കൂടുതൽ പ്രവാസികളുള്ളത് (35,54,274). രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും (26,45,302), മൂന്നാം സ്ഥാനത്ത് കുവൈത്തുമാണ് (10,00,726) ഇന്ത്യക്കാരുടെ എണ്ണത്തിൽ മുന്നിലുള്ളത്. ശേഷിച്ച മൂന്ന് ഗൾഫ് രാജ്യങ്ങളിലും പത്ത് ലക്ഷത്തിൽ താഴെയാണ് ജനസംഖ്യ. ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കുറച്ച് ഇന്ത്യക്കാർ കഴിയുന്നത് ബഹ്റൈനിലാണ് (3,50,000).
ഫിൻടെക്, ഹെൽത്ത്കെയർ, ഇൻഫർമേഷൻ ടെക്നോളജി, എൻജിനീയറിങ്, ബാങ്കിങ് തുടങ്ങി ഉയർന്ന യോഗ്യതയുള്ള മേഖലകൾ തൊട്ട് ക്ലീനർമാർ, വീട്ടുജോലിക്കാർ, ഇലക്ട്രീഷൻമാർ, പ്ലംബർമാർ തുടങ്ങിയ ബ്ലൂ കോളർ ജോലികൾ വരെ ഇന്ത്യക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ നിയമ പ്രകാരം ചില മേഖലയിലെ ജോലിക്കായി എമിഗ്രേഷൻ ക്ലിയറൻസ് എടുക്കേണ്ടതാണ്. ഇതുപ്രകാരം 1,80,000 പൗരന്മാർക്ക് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ എമിഗ്രേഷൻ ക്ലിയറൻസ് നൽകി.
വിദേശത്ത് നഴ്സിങ് പോലുള്ള ചില ജോലിക്ക് ക്ലിയറൻസ് ആവശ്യമാണ്. പത്താം ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും വിദേശത്ത് ജോലിയെടുക്കുന്നതിനായി എമിഗ്രേഷൻ ക്ലിയറൻസ് എടുക്കണം.
ഖത്തറിലെ ഇന്ത്യക്കാർ കൂടി
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഖത്തറിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയിൽ പറയുന്നു. 2022-23 വർഷത്തെ കണക്കുകൾ പ്രകാരം ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 7.45 ലക്ഷമായിരുന്നു.
ഇതാണ് ഒരു വർഷത്തോളം നീണ്ട കാലയളവിനുള്ളിൽ 8.35 ലക്ഷമായി ഉയർന്നത്. തൊഴിലാളികൾ, വിദഗ്ധ മേഖലകളിലെ പ്രഫഷനലുകൾ, കുടുംബങ്ങൾ, സന്ദർശകർ എന്നിവർ ഉൾപ്പെടെയാണ് ഈ കണക്ക്. വിസയിൽ ഇളവുകൾ നൽകിയതും, കുടുംബവിസകൾ അനുവദിച്ചു തുടങ്ങിയതും, ഹയ്യാ എ വൺ ഉൾപ്പെടെ സന്ദർശക വിസാ നടപടികൾ ലളിതമാക്കിയതുമെല്ലാം ഇന്ത്യക്കാരുടെ ഒഴുക്കിന് കാരണമായി. 2018-19ലെ കണക്കുകൾ പ്രകാരം 6.90 ലക്ഷമായിരുന്നു ഖത്തറിലെ ഇന്ത്യക്കാരുടെ എണ്ണം.
ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം സ്വദേശികളും വിദേശികളും ഉൾപ്പെടെ 28.57 ലക്ഷമാണ് ഖത്തറിലെ ജനസംഖ്യ. രാജ്യത്തെ ആകെ ജനസംഖ്യയുടെ 29 ശതാമനം ഇന്ത്യക്കാർ.
ഗൾഫിൽ ഖത്തർ, ബഹ്റൈൻ, യു.എ.ഇ, സൗദി രാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ വർധിച്ചപ്പോൾ, കുവൈത്തിലും ഒമാനിലും മുൻ കണക്കിനേക്കൾ കുറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർ
യു.എ.ഇ- 35.54 ലക്ഷം
സൗദി- 26.45 ലക്ഷം
കുവൈത്ത്-10 ലക്ഷം
ഖത്തർ- 8.35 ലക്ഷം
ഒമാൻ- 6.73 ലക്ഷം
ബഹ്റൈൻ-3.50 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.