ദോഹയിൽ ഡയമണ്ട് നീരജ്
text_fieldsദോഹ: സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ഗാലറിക്ക് ഇത്തവണ ഒരു പ്രത്യേകതയുണ്ടായിരുന്നു. നീരജ് ചോപ്രയെന്ന ഇന്ത്യയുടെ സൂപ്പർതാരത്തിനായി ത്രിവർണ പതാകയുമായി അലറി വിളിച്ച ഗാലറിക്കൊപ്പം ആഫ്രിക്കൻ, അമേരിക്കൻ, കരീബിയൻ രാജ്യങ്ങൾക്കും പിന്തുണമായുമായി ആരാധകരെത്തി. അവരെയൊന്നും നിരാശപ്പെടുത്താതെയായിരുന്നു ഇന്ത്യയുടെ സൂപ്പർതാരം നീരജ് ചോപ്രയുടെ ജാവലിൻ ത്രോയിലെ പ്രകടനം. ഒളിമ്പിക്സ് ചാമ്പ്യനും, ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ നേട്ടവുമായെത്തിയ നീരജ് ആദ്യശ്രമത്തിൽ എറിഞ്ഞ 88.67 മീറ്ററുമായാണ് ദോഹയിൽ പൊന്നണിഞ്ഞത്. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും വെല്ലുവിളി ഉയർത്തി എന്നും ഒപ്പമുണ്ടായിരുന്ന ചെക്ക് റിപ്പബ്ലിക്കിന്റെ ജാകുബ് വാഡ്ലെഷിനെയും ഗ്രനേഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനെയും മറികടന്നായിരുന്നു ഇന്ത്യയുടെ പൊൻതാരം ദോഹയുടെ മാനത്തും ഉദിച്ചുയർന്നത്.
90 മീറ്റർ എന്ന ലക്ഷ്യം മറികടക്കാനുള്ള പ്രതീക്ഷ തലേദിവസത്തെ വാർത്താ സമ്മേളനത്തിൽ നീരജ് പങ്കുവെച്ചിരുന്നു. ഒപ്പമുള്ള മത്സരാർഥികളെല്ലാം 90ന് മുകളിൽ എറിഞ്ഞവരായതിനാൽ നല്ലൊരു മത്സരത്തിൽ ഈ മാന്ത്രിക നമ്പറും കടക്കാനുള്ള സാധ്യത തള്ളിയില്ല. ഈ പ്രതീക്ഷകൾക്ക് പച്ചപ്പു നൽകുന്നതായിരുന്നു തുടക്കത്തിൽ താണ്ടിയ 88.67 മീറ്റർ ദൂരം. ജാക്കുബ് 88.63 മീറ്റർ എറിഞ്ഞ് മികച്ചൊരു മത്സര പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ആർക്കും ഈ ദൂരത്തിൽ എത്താൻ കഴിഞ്ഞില്ല. 88.67 മീ, 86.04, 85.47, 84.37, 86.52 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനങ്ങൾ. നാലാമത്തെ ഏറ് ഫൗളായി മാറി. അതേസമയം, ട്രിപ്പ്ൾ ജംപിൽ മത്സരിച്ച മലയാളി താരം എൽദോസ് പോളിന് 15.84 മീറ്ററേ ചാടാൻ കഴിഞ്ഞുള്ളൂ. ലോകചാമ്പ്യൻ പെഡ്രോ പിച്ചാർഡോ സ്വർണം നേടിയ മത്സരത്തിൽ 10ാം സ്ഥാനത്തായിരുന്നു എൽദോസ്.
മിന്നലായി ഷകാരി
നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഓട്ടക്കാരിയെന്ന പെരുമയുള്ള ബ്രിട്ടന്റെ ഡിന ആഷർസ്മിത്തിനെയും ജമൈക്കയുടെ ഷെറിക ജാക്സണിനെയും പിന്തളി അമേരിക്കൻ താരം ഷകാരി റിച്ചാർഡ്സണിന്റെ കുതിപ്പിനായിരുന്നു ട്രാക്ക് സാക്ഷ്യം വഹിച്ചത്. വെടിമുഴക്കത്തിനു പിന്നാലെ കുതിച്ചുപാഞ്ഞ ഷകാരി 10.76 സെക്കൻഡിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. ലോക ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലുമെല്ലാം ഷെല്ലി ആൻഫ്രേസറിന്റെ നിഴലായി മാറിയ ജമൈക്കയുടെതന്നെ ഷെറിക ജാക്സൻ 10.85 സെക്കൻഡിൽ രണ്ടാമതായി മാറി. ഡിന ആഷർ സ്മിത്ത് 10.98 സെക്കൻഡിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അതിവേഗം കെർലി
അത്ലറ്റിക്സ് ആരാധകരുടെ കണക്കുകൂട്ടലുകളൊന്നും 200 മീറ്റർ ട്രാക്കിൽ പിഴച്ചില്ല. സൂപ്പർ താരം ആന്ദ്രെ ഡിഗ്രാസും ആരോൺ ബ്രൗണും വെല്ലുവിളി ഉയർത്തിയ സ്പ്രിൻറ് ട്രാക്കിൽ 19.92 സെക്കൻഡിന്റെ ഉശിരൻ ഫിനിഷിലൂടെ അമേരിക്കയുടെ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് കെർലി ഫ്രെഡ് ദോഹ ഡയമണ്ട് ലീഗിലെ പുരുഷ വിഭാഗത്തിൽ ഒന്നാമതെത്തിയ താരമായി. അമേരിക്കയുടെ തന്നെ കെന്നത് ബെഡ്നാർക് (20.11 സെ), കാനഡയുടെ ആരോൺ ബ്രൗൺ (20.20 സെ) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി.
ഹൈജംപിൽ ബർഷിം വീണു
സ്വന്തം ആരാധകർക്ക് മുന്നിൽ ഖത്തറിന്റെ ഹൈജംപ് ഒളിമ്പിക്സ് ചാമ്പ്യൻ മുഅതസ് ബർഷിമിന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനായില്ല. 2.24 മീറ്റർ ചാടിയ ബർഷിം മൂന്നാമതായപ്പോൾ, അമേരിക്കയുടെ യുവോൺ ഹാരിസൺ 2.32 മീറ്റർ കടന്ന് സ്വർണമണിഞ്ഞു. ദക്ഷിണ കൊറിയയുടെ വൂ സാങ്യോകിനാണ് വെള്ളി. 2.27 ചാടാനുള്ള ബർഷിമിന്റെ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.