സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം; പൗരന്മാരെ ജോലിക്ക് സജ്ജമാക്കാൻ ഡി.ഐ.ജി.എസ്
text_fieldsസ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴിൽ പ്രോഗ്രാം തയാറാക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ തൊഴിൽ മന്ത്രാലയവും ഡി.ഐ.ജി.എസും കരാറിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന ഖത്തരി പൗരന്മാരെ അർഹമായ തൊഴിൽ വിഭാഗങ്ങളിലേക്ക് സജ്ജമാക്കുന്ന യോഗ്യത പ്രോഗ്രാമുകൾ വികസിപ്പിക്കുന്നത് സംബന്ധിച്ച സഹകരണ രേഖയിൽ ഒപ്പുവെച്ച് തൊഴിൽ മന്ത്രാലയവും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസും (ഡി.ഐ.ജി.എസ്). സെക്കൻഡറി സ്കൂൾ ഡിപ്ലോമയുള്ള തൊഴിലന്വേഷകരുടെ കഴിവുകൾ വർധിപ്പിക്കുന്നത് ഉൾപ്പെടെ മേഖലകളിൽ മന്ത്രാലയവും ഡി.ഐ.ജി.എസും സഹകരിക്കും.
ഡി.ഐ.ജി.എസ് അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഇമാൻ അബ്ദുല്ല അൽ സുലൈത്തി, തൊഴിൽ മന്ത്രാലയത്തിലെ സ്വകാര്യ മേഖലയിലെ നാഷനൽ വർക്ക്ഫോഴ്സ് അസി.അണ്ടർ സെക്രട്ടറി ശൈഖ അബ്ദുറഹ്മാൻ അൽ ബാദി എന്നിവർ ഒപ്പുവെച്ചു.
പൗരന്മാരെ ശാക്തീകരിക്കുക, തൊഴിൽ വിപണിയിൽ മത്സരക്ഷമതയുള്ളവരാക്കുക, മൂന്നാം ദേശീയ വികസനരേഖക്ക് അനുസൃതമായി വികസന പ്രക്രിയയെ പിന്തുണക്കുക തുടങ്ങിയ തൊഴിൽ മന്ത്രാലയത്തിന്റെ ലക്ഷ്യവുമായി യോജിച്ചാണ് രേഖ തയാറാക്കിയിരിക്കുന്നത്.
കവാദർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരെ പരിശീലന പരിപാടികളിലൂടെ സ്വകാര്യ കമ്പനികളിലേക്ക് റിക്രൂട്ട് ചെയ്യാൻ തയാറാക്കുകയും പരിശീലിപ്പിക്കുകയുമാണ് സഹകരണ രേഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ അബ്ദുറഹ്മാൻ അൽ ബാദി പറഞ്ഞു.
ദേശീയ തൊഴിൽ ശക്തിയെ പിന്തുണക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്നും, സ്വകാര്യ മേഖലയുടെ ആവശ്യങ്ങൾക്കനുസൃതമായി അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്ന പ്രത്യേക കരാറിലാണ് തൊഴിൽ മന്ത്രാലയവുമായി ഒപ്പുവെച്ചിരിക്കുന്നതെന്ന് ഇമാൻ അബ്ദുല്ല അൽ സുലൈത്തി പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന നൂതന പരിശീലനവും യോഗ്യത പരിപാടികളും സഹകരണരേഖ പ്രകാരം നടപ്പാക്കും. പ്രാദേശിക അന്തർദേശീയ തൊഴിൽ വിപണിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും അൽ സുലൈത്തി വ്യക്തമാക്കി.
ഖത്തരി പൗരന്മാർക്കും, ഖത്തരി വനിതകളുടെ കുട്ടികൾക്കും പരിശീലനം നൽകുന്നതിനും പൊതുജനങ്ങൾക്കായി എക്സലൻസ് സെന്റർ ഏർപ്പെടുത്തുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും കരാർ വ്യവസ്ഥ ചെയ്യുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.