സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം സജീവം
text_fieldsദോഹ: സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം കൂടുതൽ സജീവമാക്കി തൊഴിൽ മന്ത്രാലയം. മേയ് മാസത്തിൽ 200 സ്വദേശികൾ കൂടി ജോലിയിൽ പ്രവേശിച്ചതായി മന്ത്രാലയം പ്രതിമാസ റിപ്പോർട്ടിൽ വെളിപ്പെടുത്തി. ഫിനാൻസ്, ഇൻഷുറൻസ് മേഖലകളിലായി 73 തസ്തികകളിലും ഊർജ, വ്യവസായ മേഖലകളിൽ 64 തസ്തികകളിലും ഐ.സി.ടി സെക്ടറിൽ 12 തസ്തികകളിലുമാണ് സ്വദേശികളെ നിയമിച്ചതെന്നും മന്ത്രാലയം അറിയിച്ചു. ഗതാഗത, സേവനരംഗത്ത് 41 തസ്തികകളിലും റിയൽ എസ്റ്റേറ്റ്, കോൺട്രാക്ടിങ് രംഗത്ത് നാലും, സ്വകാര്യ സ്ഥാപനങ്ങളിൽ ആറും തസ്തികകളിലായി സ്വദേശികളെ നിയമിച്ചു.
മേയ് മാസത്തിൽ സ്വദേശികൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് 10 കമ്പനികൾ/സ്ഥാപനങ്ങൾ കൂടി മന്ത്രാലയത്തെ സമീപിച്ചതായും അധികൃതർ അറിയിച്ചു. ഖത്തർ നാഷനൽ ബാങ്ക് 52 ജോലി ഒഴിവുകൾ മുന്നോട്ടുവെച്ചപ്പോൾ കമേഴ്സ്യൽ ബാങ്ക്, അഹ്ലി ബാങ്ക് എന്നിവർ യഥാക്രമം അഞ്ചും രണ്ടും ഒഴിവുകളും മന്ത്രാലയത്തെ അറിയിച്ചു.
ദിലാല ബ്രോക്കറേജ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്, ഖത്തർ എയർവേസ്, ഖത്തർ ഫൗണ്ടേഷൻ, വുഖൂദ്, ഖത്തർ സ്റ്റീൽ, ഉരീദു, ബീൻ സ്പോർട്സ് എന്നിവരാണ് മറ്റു സ്ഥാപനങ്ങളും കമ്പനികളും.
ഈവർഷം ഇതുവരെയായി സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 729 സ്വദേശികളെ സ്വകാര്യ മേഖലയിൽ നിയമിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയ റിക്രൂട്ട്മെൻറുകൾക്കായി 6091 അപേക്ഷകൾ ലഭിച്ചപ്പോൾ 3640 അപേക്ഷകളിൽ അംഗീകാരം നൽകി. തൊഴിൽ മാറ്റത്തിനായി ലഭിച്ച 2896 അപേക്ഷകളിൽ 33 എണ്ണം മാത്രമാണ് നിരസിച്ചത്.
ഖത്തർ എയർവേസിൽ കഴിഞ്ഞയാഴ്ചയാണ് സ്വദേശികളിൽ നിന്നും തൊഴിൽ അപേക്ഷ ക്ഷണിച്ചത്. ഖത്തരി പൗരന്മാരും, ഖത്തരി മാതാപിതാക്കളുമായ ബിരുദധാരികൾക്ക് തൊഴിലിനായി അപേക്ഷിക്കാവുന്നതാണ്. തൊഴിലന്വേഷകർ മന്ത്രാലയത്തിന്‍റെ നാഷനൽ എംേപ്ലായ്മെന്‍റ് പ്ലാറ്റ്ഫോം ആയ കവാദറിൽ രജിസ്റ്റർ ചെയ്താണ് ജോലിക്ക് അപേക്ഷിക്കേണ്ടത്.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ നിശ്ചിത പോസ്റ്റുകളിലെ നിയമനങ്ങളിൽ സ്വദേശിവത്കരണം സജീവമാണ്. 2022ലെ ആദ്യ നാലുമാസത്തിനുള്ളിൽ സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലുമായി 529 സ്വദേശികൾക്കാണ് ജോലി നൽകിയത്. ജനുവരിയിൽ 103ഉം, ഫെബ്രുവരിയിൽ 114ഉം, മാർച്ചിൽ 120ഉം, ഏപ്രിലിൽ 92ഉം പേർ ജോലിയിൽ പ്രവേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.